കെ കെ ജയേഷ്

കോഴിക്കോട്:

November 21, 2020, 9:48 pm

വൈദ്യുതി ഉല്പാദനത്തിലൂടെ വരുമാനം: രാജ്യത്തിന് മാതൃകയായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്

Janayugom Online

കെ കെ ജയേഷ്

സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് ചരിത്രം സൃഷ്ടിച്ചവരാണ് കോഴിക്കോട് ജില്ലാപഞ്ചായത്ത്. ജില്ലയിലെ 44 ഹയർ സെക്കണ്ടറി സ്കൂളുകൾ ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തിലാണ്. ഐ ടി സംവിധാനവും സ്മാർട്ട് ക്ലാസ് റൂം സംവിധാനവും ഉൾപ്പെടെ വന്നതോടെ സ്കൂളുകളുടെ വൈദ്യുതി ബിൽ ഉയർന്നു. ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ മാസം 35,000 ഓളം രൂപയായിരുന്നു വൈദ്യുതി ബിൽ. എങ്ങിനെ ബിൽ തുക കുറയ്ക്കാമെന്ന ചിന്തയാണ് സൗരോർജ്ജത്തിന്റെ പാതയിലേക്ക് ഭരണസമിതിയെ എത്തിച്ചത്. കെഎസ്ഇബി എനർജി സേവിങ്സ് വിഭാഗം പദ്ധതിയുടെ നിർവ്വഹണ ചുമതല ഏറ്റെടുത്തു. ക്ഷേമ പവർ എന്ന കമ്പനി കരാർ ഏറ്റെടുത്ത് നടത്തി. തുടർന്ന് ജില്ലയിലെ 43 ഹയർ സെക്കണ്ടറി സ്കൂളിലും ജില്ലാ പഞ്ചായത്ത് ഓഫീസിലും സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ചു. ഒരു സ്കൂളിൽ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. 480 കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിച്ചാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് രാജ്യത്തിനു തന്നെ മാതൃകയാവുന്ന നേട്ടം കൈവരിച്ചിരിക്കുന്നത്.

സൗരോർജ പദ്ധതിയിലൂടെ സ്വതന്ത്രമായി വൈദ്യുതി ഉല്പാദിപ്പിച്ച് വൈദ്യുതി രംഗത്ത് സ്വയം പര്യാപ്തത കൈവരിച്ച രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തുകൂടിയാണ് കോഴിക്കോട് ജില്ലാ പഞ്ചായത്തെന്ന് സ്ഥാനമൊഴിഞ്ഞ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ജനയുഗത്തോട് പറഞ്ഞു. പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും എൺപത് കിലോ വാട്ട് വൈദ്യുതി കൂടി ഉല്പാദിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുമുണ്ട്. കെഎസ്ഇബിയുമായി ഇത് സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. വൈദ്യുതി ചാർജ് കഴിഞ്ഞ് ഉൽപ്പാദിപ്പിച്ച വൈദ്യുതി ഇനത്തിൽ പുതിയൊരു വരുമാനം കൂടി ജില്ലാ പഞ്ചായത്തിന് ഇന്ന് ലഭ്യമാകുന്നുണ്ട്. കെഎസ്ഇബി, ലൈനുകൾ വഴി ജില്ലാ പഞ്ചായത്തിന് സ്ഥിരമായി വൈദ്യുതി നൽകും. ജില്ലാ പഞ്ചായത്ത് ഉല്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി ഓൺഗ്രിഡിലേക്ക് നൽകുകയും ചെയ്യും.

വർഷത്തിൽ സെപ്റ്റംബർ മാസത്തിൽ കണക്കൂകൂട്ടി കൂടുതൽ നൽകിയ വൈദ്യുതിക്കുള്ള തുക കെഎസ്ഇബി ജില്ലാ പഞ്ചായത്തിന് നൽകുകയാണ് ചെയ്യുന്നത്. 35,000 ത്തോളം മാസം വൈദ്യുതി ബില്ല് അടച്ചിരുന്ന ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന് ഇപ്പോൾ വെറും 300 രൂപ മാത്രമെ ബില്ലിനത്തിൽ വേണ്ടിവരുന്നുള്ളു. ഡിജിറ്റലൈസേഷന്റെ ഭാഗമായി സ്കൂളുകൾക്ക് വൈദ്യുതി ചാർജിനത്തിൽ ഉണ്ടാകുന്ന വർധനയിൽ നിന്നു രക്ഷനേടാനും പദ്ധതിയിലൂടെ സാധിച്ചു. സ്കൂളുകൾക്ക് സ്വന്തമായി വൈദ്യുതിയിലൂടെ വരുമാനം കണ്ടെത്താനും സാധിക്കുന്നുണ്ട്. നൂതന ആശയങ്ങൾ കൊണ്ടുവന്നാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതി വിപ്ലവം സൃഷ്ടിച്ചതെന്നും ബാബു പറശ്ശേരി വ്യക്തമാക്കി.

ENGLISH SUMMARY: kozhikode dis­trict is mod­el in elec­tric­i­ty making

YOU MAY ALSO LIKE THIS VIDEO