കോഴിക്കോടിന്റെ സംഭാവന 4.13 കോടി

Web Desk
Posted on August 28, 2018, 10:33 pm

കോഴിക്കോട്: പ്രളയ ദുരന്താശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കലക്ടറുടെ അക്കൗണ്ടിലേക്കുമായി കോഴിക്കോട് ജില്ലയില്‍ നിന്നും ഇതുവരെ ലഭിച്ചത് 4.13 കോടി രൂപ. ഇന്നലെ മാത്രം 46.55 ലക്ഷം രൂപ ലഭിച്ചു. ഈ മാസം 13 മുതല്‍ 27 വരെ 4,13,36,441 രൂപയാണ് കിട്ടിയത്. വികെസിയുടെ വിവിധ ഗ്രൂപ്പുകളിലായി ലഭിച്ച ഒരു കോടി രൂപയാണ് സംഭാവനകളിലെ ഏറ്റവും വലിയ തുക.
സാമൂതിരി രാജ ദേവസ്വത്തിനു വേണ്ടി കോഴിക്കോട് സാമൂതിരി കെ.സി.ഉണ്ണി അനുജന്‍ രാജ 25 ലക്ഷം രൂപയുടെ ചെക്ക് സംഭാവനയായി നല്‍കി. താമരശ്ശേരി റീജിയണല്‍ ഡഫ് സെന്ററിലെ ബധിരമൂക അംഗങ്ങള്‍ സമാഹരിച്ച 10,160 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.മണിയാട്ടുകുടി സാന്‍ഡ്, ലങ്ക സാന്‍ഡ്,പന്തലായനി സാന്‍ഡ് ആ്ന്‍ഡ് സ്റ്റോണ്‍ പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ത്രീസ്റ്റാര്‍ സ്റ്റോണ്‍ ക്രഷര്‍, പവര്‍ സ്റ്റോണ്‍ പ്രൊഡക്ട്‌സ്, സാഫ സ്റ്റോണ്‍ ക്രഷര്‍,ആല്‍ഫ ബ്രിക്‌സ് ആന്‍ഡ് മെറ്റല്‍സ്, പ്രൊഫൈല്‍ സാന്‍ഡ്‌സ്,പ്രൊഫൈല്‍ മെറ്റല്‍സ്, പ്രൊഫൈല്‍ ഗ്രാനൈറ്റ്‌സ് എന്നീ ഗ്രൂപ്പുകളും മുഹമ്മദ് ഇസ്മയില്‍ മാക്കി,ജോജി ജോസഫ് എന്നിവരും ദുരിതാശ്വാസത്തിനായി ഇന്നലെ ഒരു ലക്ഷം രൂപവീതം നല്‍കി.ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റസിഡന്‍സ് അസോസിയേഷനുകള്‍ തുക സമാഹരിച്ച് സംഭാവന നല്‍കിയിട്ടുണ്ട്.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി അവലോകനം നടത്തി

കോഴിക്കോട്: പ്രളയക്കെടുതിക്ക് ഇരയായി ദുരന്ത ജീവിതം അനുഭവിക്കുന്നവര്‍ക്ക് സമൂഹം കൈതാങ്ങാവണമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ 303 ക്യാമ്പുകളിലായി 44328 ആളുകളാണ് താമസിച്ചിരുന്നത്. 10000 ത്തോളംപേര്‍ ബന്ധുവീടുകളിലും മറ്റുമായി താമസിച്ചിരുന്നു. ദുരിതബാധിതര്‍ക്ക് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് സഹായം ഒഴുകി എത്തുകയായിരുന്നു. ക്യാമ്പുകളില്‍ നിന്ന് മടങ്ങി വീടുകളില്‍ എത്തിയവര്‍ക്ക് കരുതലും ശ്രദ്ധയും ആവശ്യമാണ്. വീട് വൃത്തിയാക്കുന്നതിന് വീടുപകരണങ്ങള്‍ ലഭ്യമാക്കുന്നതിനും എല്ലാം ജനങ്ങളുടെ സഹായത്തോടെ സര്‍ക്കാര്‍ പരിഹാരമുണ്ടാക്കുകയാണ്. ചെറുവണ്ണൂരില്‍ 1000 കുടുംബങ്ങള്‍ക്ക് ഒരു വീട്ടില്‍ ഒരു കിടക്ക വീതം ക്യാമ്പ് സുരക്ഷ സമിതി നല്‍കിതുടങ്ങി. വീട്ടുപകരണങ്ങല്‍ നഷ്ടപ്പെട്ട 151 കുടുംബങ്ങളെ വില്ലേജ് ഓഫീസര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. സ്‌നേഹപൂര്‍വ്വം കോഴിക്കോട് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ഉദാരമതികള്‍ ഈ കുടുംബങ്ങളെ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ വിഭാഗം ആളുകളും സംഭാവന നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. എട്ട് മേഖലകളിലായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി. എ. പ്രദീപ്കമാര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ യു.വി ജോസ്, എ ഡി എം ടി ജനില്‍ കുമാര്‍, വടകര ആര്‍ ഡി ഒ വി പി അബ്ദുള്‍ റഹ്മാന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ റംല, രോഷ്‌നി നാരായണന്‍, ഷാമില്‍ സെബാസ്റ്റ്യന്‍, എന്നിവര്‍ പങ്കെടുത്തു.