21 April 2024, Sunday

Related news

April 2, 2024
April 1, 2024
March 20, 2024
December 26, 2023
December 24, 2023
December 17, 2023
September 13, 2023
September 11, 2023
August 17, 2023
May 28, 2023

കോവിഡിന്റെ ക്ഷീണമകറ്റി നാടക മത്സരത്തിന് വീണ്ടും കെപിഎസി

ആർ ബാലചന്ദ്രൻ
ആലപ്പുഴ
October 25, 2021 10:09 pm

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ മറികടന്ന് തകർപ്പൻ തിരിച്ച് വരവിനായി കെപിഎസി ഈ മാസം 29ന് വീണ്ടും സംസ്ഥാനതല നാടക മത്സര രംഗത്തേക്ക്. കേരള സംഗീതനാടക അക്കാദമിയുടെ മത്സരത്തിന് ഇക്കുറി കെപിഎസി അരങ്ങിലെത്തിക്കുന്നത് അറുപത്തിയഞ്ചാമത്തെ നാടകമായ ‘മരത്തൻ 1892’ ആണ്. കോവിഡിന് മുൻപ് കേരളത്തിലെ മുപ്പതോളം വേദികളിൽ പ്രദർശിപ്പിച്ച ഈ നാടകത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തലശ്ശേരിയിലെ പോത്തേരി കുഞ്ഞമ്പുവിന്റെ ‘സരസ്വതി വിജയം’ എന്ന നോവലാണ് നാടകത്തിന്റെ കഥാ തന്തു. നൂറ്റാണ്ടുകൾക്ക് മുൻപ് നമ്പൂതിരി സമുദായത്തിൽ നിന്നിരുന്ന സാമൂഹിക കാഴ്ചപ്പാടുകളെ അടിമുടി മാറ്റിമറിക്കുന്ന സംഭവങ്ങളാണ് നാടകത്തിലെ ഇതിവൃത്തം. സമുദായത്തിലെ ആളുകൾക്ക് കീഴാളൻമാരോടുള്ള സമീപനത്തിൽ മാറ്റം ഉണ്ടാകുകയും, ഇക്കൂട്ടർ മനുഷ്യരാണെന്ന ബോധം സൃഷ്ടിക്കുകയുമാണ് നാടകം നൽകുന്ന സന്ദേശം. യാഥാസ്ഥിതികനും അതിസമ്പന്നനുമായ കനശേഖരയില്ലത്ത് കുബേരൻ നമ്പൂതിരി പാടത്തുനിന്ന് ശ്രുതിമധുരമായ ഗാനം കേട്ട് ആകൃഷ്ടനാകുകയും ഗായകനെ അന്വേഷിക്കാൻ കാര്യസ്ഥനായ രാമൻകുട്ടി നമ്പ്യാരോട് ആവശ്യപ്പെടുകയും ചെയ്യുന്നതോടെ ആണ് നാടകത്തിലെ പ്രധാന രംഗം തുടങ്ങുന്നത്. തന്റെ പറമ്പിലെ കുടികിടപ്പുകാരനായ മരത്തൻ എന്ന പുലയക്കുട്ടിയാണ് പാടിയതെന്നറിയുന്ന നമ്പൂതിരി കോപിക്കുന്നു. മരത്തനെ ചവിട്ടി ബോധം കെടുത്തിയ നമ്പ്യാരെ അയാൾ പ്രശംസിക്കുകയും പാരിതോഷികം നൽകുകയും ചെയ്യുന്നു. മരത്തനെ ചവിട്ടിയിട്ടിടത്ത് ഒരു അജ്ഞാത ജഡം കാണപ്പെട്ടതോടെ അത് മരത്തനാണെന്ന് ഉറച്ചതോടെ പിന്നീട് നാട്ടുകാർ പൊലീസിൽ പരാതി നൽകുന്നു. രാമൻകുട്ടി നമ്പ്യാർ 15 വർഷത്തെ തടവിന് വിധിക്കപ്പെടുകയും നമ്പൂതിരി വിശ്വസ്തഭൃത്യനായ കുപ്പൻ ‍പട്ടരോടൊപ്പം ഒളിവിൽപ്പോവുകയും ചെയ്യുന്നതോടെയാണ് നാടകം ഉദ്വേഗജനകമായ രംഗങ്ങളിലേയ്ക്ക് നീങ്ങുന്നത്.

സുരേഷ് ബാബു ശ്രീസ്ഥ ആണ് നാടകാവിഷ്ക്കാരം നിർവഹിച്ചിരിക്കുന്നത്. മനോജ് നാരായണനാണ് സംവിധായകൻ. ഉദയകുമാർ അഞ്ചൽ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു. എം കെ അർജുനൻ സംഗീത സംവിധാനവും രംഗപടം ആർട്ടിസ്റ്റ് സുജാതനും നിർവഹിക്കുന്നു. കവി ഒഎൻവിയുടെ ചെറുമകൾ അപർണ്ണ രാജീവ്, കല്ലറ ഗോപൻ, ഭരത് അർജുനൻ എന്നിവരാണ് നാടകത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

രണ്ട് വർഷത്തോളം നാടകം അവതരിപ്പിക്കാൻ കഴിയാതിരുന്ന കെപിഎസിക്ക് ഇതൊരു മടങ്ങി വരവിനുള്ള അവസരംകൂടിയാണ്. 2018ല്‍ ആണ് കെപിഎസി അവസാനമായി നാടക മത്സരത്തിൽ പങ്കെടുത്തത്. അന്ന് ‘മഹാകവി കാളിദാസൻ’ എന്ന നാടകത്തിന് രണ്ടാം സ്ഥാനം ലഭിക്കുകയും ചെയ്തു.

 

Eng­lish Sum­ma­ry: KPAC again for dra­ma competition

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.