Janayugom Online
oedipus- janayugom

”ഈഡിപ്പസി‘ലൂടെ വീണ്ടും ചരിത്രമെഴുതി കെ പി എ സി

Web Desk
Posted on August 03, 2018, 9:54 pm
ഈഡിപ്പസില്‍ നിന്ന്‌

തൃശൂര്‍: ഈഡിപ്പസിലൂടെ വീണ്ടും ചരിത്രമെഴുതി കെപിഎസി നാടക സംഘം. കേരള സംഗീത നാടക അക്കാദമിയുടെ 2017 ലെ മികച്ച നാടകം ഉള്‍പ്പെടെ നാല് പുരസ്‌കാരങ്ങളാണ് ഈഡിപ്പസിനെ തേടിയെത്തിയത്. മികച്ച സംവിധാനം, സംഗീത സംവിധാനം, ദീപ വിതാനം എന്നിവയും ഈഡിപ്പസിനാണ്.

വിശ്വപ്രസിദ്ധമായ ഗ്രീക്ക് നാടകകാരന്‍ സോഫോക്ലീസിന്റെ ഈഡിപ്പസ് ഒരു പുനര്‍വായനക്ക് വിധേയമാക്കുകയാണ് കലേഷ് രചിച്ച് മനോജ് നാരായണന്‍ സംവിധാനം ചെയ്ത നാടകം. മൂലകഥയോട് തികച്ചും നീതി പുലര്‍ത്തിയാണ് കലേഷും മനോജും അടങ്ങുന്ന കെപിഎസി ടീം ഈ ലോകോത്തര ദുരന്തനാടകം രംഗത്ത് എത്തിച്ചിരിക്കുന്നതെന്ന് ജൂറി വിലയിരുത്തി. പ്രവചനങ്ങളും മന്ത്രവാദവും അന്ധവിശ്വാസങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ച പുരാതന ഗ്രീസിന്റെ കഥയെ പുനര്‍വായനയ്ക്ക് വിധേയമാക്കുന്ന നാടകം ഈഡിപ്പസ് കേവലം വിധിയുടെ ദുരന്തനായകന്‍ മാത്രമല്ല, യാദൃച്ഛികതകളുടെ തുടര്‍ക്കഥയാണെന്ന് ഓര്‍മ്മിപ്പിക്കുന്നു.

മികച്ച സംവിധായകനായി മനോജ് നാരായണനും സംഗീത സംവിധായകനായി ഉദയകുമാര്‍ അഞ്ചലും ദീപ സംവിധാനത്തിന് മനോജ് ശ്രീനാരായണനും പുരസ്‌കാരം നേടി. രാമേട്ടന്‍’ നാടകത്തില്‍ വേഷമിട്ട ബാബു തിരുവല്ല മികച്ച നടനായും ‘ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി‘യിലെ അഭിനയത്തിന് മീനാക്ഷി ആദിത്യ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ഫ്രാന്‍സിസ് ടി മാവേലിക്കരയാണു മികച്ച നാടകകൃത്ത് (ഒരുനാഴി മണ്ണ്). മികച്ച രണ്ടാമത്തെ നാടകത്തിനുള്ള പുരസ്‌കാരം ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി (കോഴിക്കോട് സങ്കീര്‍ത്തന), കരുണ (കാളിദാസ കലാകേന്ദ്രം, കൊല്ലം) എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. കലവൂര്‍ ശ്രീലന്‍ (ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി), ഷിനില്‍ വടകര (കരുണ) എന്നിവരാണു രണ്ടാമത്തെ മികച്ച നടന്മാര്‍. മഞ്ജു റെജി (കരുണ), ബീന അനില്‍ (നിര്‍ഭയ) എന്നിവര്‍ രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്‌കാരങ്ങള്‍ നേടി.

14 ന് മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമര്‍പ്പിക്കും. മത്സരത്തിന് ലഭിച്ച 29 നാടകങ്ങളില്‍നിന്നു തെരഞ്ഞെടുത്ത പത്തെണ്ണമാണ് സംഗീത നാടക അക്കാദമിയുടെ കെ ടി മുഹമ്മദ് തിയറ്ററില്‍ അരങ്ങിലെത്തിയത്. ഞാറയ്ക്കല്‍ ശ്രീനി (ചെയര്‍മാന്‍), സുന്ദരന്‍ കല്ലായി, തങ്കമണി, സി കെ ശശി, സേവ്യര്‍ പുല്‍പ്പാട്ട് (മെമ്പര്‍ സെക്രട്ടറി) എന്നിവരടങ്ങിയ ജൂറിയാണു നാടകങ്ങള്‍ വിലയിരുത്തിയത്.