14 November 2025, Friday

Related news

November 6, 2025
October 28, 2025
October 27, 2025
October 22, 2025
October 20, 2025
October 18, 2025
October 18, 2025
October 18, 2025
October 17, 2025
October 17, 2025

കെപിസിസി-ഡിസിസി പുനസംഘടന; വഞ്ചി ഇപ്പൊഴും തിരുനക്കര തന്നെ

പുളിക്കല്‍ സനില്‍രാഘവന്‍
തിരുവനന്തപുരം
August 16, 2025 5:39 pm

കെപിസിസി ഭാരവാഹികളെയും, ഡിസിസി പ്രസിഡന്റുമാരെയും തീരുമാനിക്കാനായി ഡല്‍ഹിയില്‍ ഉള്‍പ്പെടെ മാരത്തോണ്‍ ചര്‍ച്ചകള്‍ നടക്കുന്നതല്ലാതെ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.ഗ്രൂപ്പുനേതാക്കളും, മുതിര്‍ന്ന നേതാക്കളും കടുംപിടുത്തവും, തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതുമാണ് ഭാരവാഹികളെ നിശ്ചയിക്കാതെ ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുന്നത്. കെ സുധാകരനെ മാറ്റി സണ്ണിജോസഫിനെ കെപിസിസി പ്രസിഡന്റായി നിയമിച്ചത് സംസ്ഥാന കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണെന്നാണ് ഹൈക്കമാന്‍ഡ് പറഞ്ഞത്. എന്നാല്‍ ഒരടി പോലും മുന്നോട്ട് പോകുവാന്‍ സണ്ണി ജോസഫിനും ടീമിനും കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല. പാര്‍ട്ടിയിലെ ഐക്യം തന്നെ ഇല്ലായിരിക്കുകയാണ്. 

സണ്ണി ജോസഫിനൊപ്പം വര്‍ക്കിംങ് പ്രസിഡന്റുമാരായി ഷാഫി പറമ്പില്‍ എംപി, എംഎല്‍എ മാരായ എ പി അനില്‍കുാര്‍, പി സി വിഷ്ണുനാഥ് എന്നിവരെയും യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശ് എംപിയേയും ആണ് പാര്‍ട്ടി ഹൈക്കമാന്‍ഡ് നിമയമിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും, എഐസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിന്റെയും താല്‍പര്യപ്രകാരമാണ് സുധാകരനെ മാറ്റിയത്. എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് മുന്‍ ഡെപ്യൂട്ടി സ്പീക്കറും, മുതിര്‍ന്ന നേതാവുമായിരുന്ന പാലോട് രവി കോണ്‍ഗ്രസിന്റെ തന്നെ ഒരു ഭാരവാഹിയോട് പറഞ്ഞത് കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചയാവുകയും അദ്ദേഹത്തിന് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ട സാഹചര്യവും ഉണ്ടായി.

കേരളത്തിലെ പുനസംഘടന വൈകുന്നതില്‍ പാര്‍ട്ടി ഹൈക്കമാഡിന് വലിയ അമര്‍ഷമാണ് ഉള്ളത് .പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ജില്ലയായ എറണാകുളം, കെപിസിസി പ്രസിഡന്റിന്റെ ജില്ലായായ കണ്ണൂര്‍ ഉള്‍പ്പെടെ പല ജില്ലകളിലും ജില്ലാ പ്രസിഡന്റുമാരുടെ കാര്യത്തില്‍ ഐക്യമുണ്ടാക്കാന്‍ പത്താതായിരിക്കുകയാണ്. എറണാകുളം ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നും തന്റെ അടുപ്പക്കാരനായ മുഹമ്മദ് ഷിയാസിനെ ഒരു കാരണവാശാലും മറ്റില്ല നിലപാടിലാണ് വി ഡി സതീശന്‍. എന്നാല്‍ കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാര്‍ട്ടിന്‍ ജോര്‍ജ്ജിനെ മാറ്റീയേ പറ്റു എന്ന നിലപാട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനുള്ളത്. കെ സുധാകരന്റെ നോമിനിയാണ് മാര്‍ട്ടിന്‍ ജോര്‍ജ്ജ്. സണ്ണി ജോസഫും സുധാകരനും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ല ഇപ്പോള്‍ . സുധാകരന്റെ വിശ്വസ്തനും അടുത്ത ആളുമായിരുന്നു സണ്ണി ജോസഫ്. അദ്ദേഹം കെപിസിസി പ്രസിഡന്റായതു പോലും സുധാകരന്റെ താല്‍പര്യം കൂടി പരിഗണിച്ചായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം കെ സി — വിഡി അച്യുതണ്ടിനൊപ്പമാണ്. ഇതു സുധാകരനെ ചൊടിപ്പിച്ചിട്ടുണ്ട്. പുതിയ കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് ചുമതല ഏറ്റപ്പോള്‍ അംഗീകരിക്കാതെ വിമുഖത പുലര്‍ത്തിയ നേതാക്കളിലൊരാളാണ് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാര്‍ട്ടിനെന്നും കോണ്‍ഗ്രസില്‍നിന്നു തന്നെ അഭിപ്രായം പുറത്തു വന്നിരുന്നു. മാര്‍ട്ടിന്‍ സുധാകരന്റെ അടുത്തആളാണ്, മാര്‍ട്ടിനെ പോലെ ഒരു കാലത്ത് സുധാകരന്റെ വലംകൈയായിരുന്നു സണ്ണി ജോസഫും, സുധാകരന്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോള്‍ സണ്ണി ജോസഫാണ് സുധാകരനോമിനിയായി അന്ന് എത്തിയത്. ഇപ്പോള്‍ മാര്‍ട്ടിനോടാണ് സുധാകരന് കൂടുതല്‍ താല്‍പര്യം . സണ്ണിയും, മാര്‍ട്ടിനും കണ്ണൂര്‍ ജില്ലക്കാരുമാണ്.

പാലോട് രവി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് ആ സ്ഥാനത്തേക്ക് നിരവധി പേര്‍ രംഗത്തുണ്ട്.ഇവിടെ ചെമ്പഴന്തി അനിലിനുവേണ്ടി വിഡി സതീശനും, മണക്കാട് സുരേഷിനായി കെ സിവേണുഗോപാലും, ശരത് ചന്ദ്രപ്രസാദിനായി യുഡിഎഫ് കണ്‍വീനര്‍ കൂടിയായ അടൂര്‍ പ്രകാശും രംഗത്തുണ്ട്. രമേശ് ചെന്നിത്തലയ്ക്കും താല്‍പര്യമുള്ളയാണ് ശരത് ചന്ദ്രപ്രസാദ്. ഇതു കൂടാതെ ശബരിനാഥിനായി ചിലര്‍ ചടരുവലി നടത്തുന്നു. ഇപ്പോള്‍ കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ എന്‍ ശക്തനാണ് പ്രസിഡന്റിന്റെ ചുമതല.പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നും ജില്ലാ പ്രസിഡന്റുമാര്‍ വരണമെന്ന് വാദിക്കുന്ന നേതാക്കളുണ്ട്. കോണ്‍ഗ്രസ് ഭാരവാഹികളില്‍ ഈഴവ പ്രാതിനിധ്യം കുറയുന്നതായുള്ള പരാതി ശക്തമാണ്. ഇതെല്ലാം ചര്‍ച്ചകള്‍ പിന്നോട്ടിക്കുകയാണ്.

കോട്ടയം ജില്ലാ പ്രസിഡന്റ് നാട്ടകം സുരേഷിനെ ഒഴിവാക്കരുതെന്ന് ചില നേതാക്കള്‍ ആവശ്യപ്പെടുന്നു.ആലപ്പുഴയില്‍ രമേശ് ചെന്നിത്തല ബൈജുവിനായി ചരടുവലിക്കുമ്പോള്‍, പഴയ എ വിഭാഗത്തിലുള്ള നേതാക്കള്‍ എ കെ രാജനായി നിലകൊള്ളുന്നു. കെ പി ശ്രീകുമാറിനായി കെ സി വേണുഗോപാലിനൊപ്പമുള്ളവര്‍ ശ്രമം തുടങ്ങിയിരിക്കുന്നു.കൊല്ലം ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജേന്ദ്ര പ്രസാദിനെ മാറ്റരുതെന്ന നിലപാടിലാണ് കൊടിക്കുന്നില്‍ സുരേഷ് .കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് ബി എം ജമാലിനായി രാജ്മോഹന്‍ ഉണ്ണിത്താനും, പാലക്കാട് സി ചന്ദ്രനുവേണ്ടി ഷാഫി പറമ്പിലും സജീവമായി രംഗത്തുണ്ട് .കണ്ണൂരില്‍ സുധാകരന്റെ നോമിനി മാര്‍ട്ടിന്‍ ജോര്‍ജിനെ ഒഴിവാക്കി റിജില്‍ മാക്കൂറ്റിയെ ഡിസിസി പ്രസിഡന്റായി അവരോധിക്കാനാണ് സണ്ണിജോസഫിന്റെ നീക്കം.

തൃശൂര്‍ ഡിസിസി പ്രസിഡന്റ് ഒഴികെയുള്ളവര്‍ മാറട്ടെ എന്നാണ് ഹൈക്കമാന്‍ഡ് ആദ്യം നിര്‍ദ്ദേശിച്ചത് .എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെ മാറ്റേണ്ടതില്ലെന്ന നിലപാടാണ് ആദ്യമേ അംഗീകരിച്ചതെന്നു ചില നേതാക്കള്‍ പറയുന്നു. എന്നാല്‍ അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ലെന്നാണ് ഇവരെ എതിര്‍ക്കുന്നവര്‍ പറയുന്നത്. 

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ സംഘടനാ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് എല്ലാ ഘടകങ്ങളും പുനസംഘടിപ്പിക്കാന്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിത്. തദ്ദേശ സ്വയംഭരണ തെര‍ഞ്ഞെടുപ്പും, അതു കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പും ആണ് കേരളത്തില്‍ എന്നാല്‍ ഒരു മുന്നൊരുക്കങ്ങളും നടത്താന്‍ കഴിഞ്ഞിട്ടില്ല. ആഗസ്റ്റ് 15നുള്ളില്‍ ഭാരവാഹികളെ പ്രഖ്യാപിക്കണമെന്നായിരുന്നു ഹൈക്കമാ‍ന്‍ഡിന്റെതീരുമാനം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. എല്ലാവരും കടുംപിടുത്തത്തിലാണ്. പുനസംഘടനാ ചര്‍ച്ചകള്‍ നീണ്ടു പോകുന്നതില്‍ എഐസിസി നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ട്,കേരളത്തില്‍ നിന്ന് നിര്‍ദേശിച്ച പല ഡിസിസി അധ്യക്ഷന്മാരും നിയമസഭ തിരഞ്ഞെടുപ്പ് വിജയിപ്പിക്കാന്‍ പ്രാപ്തരല്ല എന്നും വിലയിരുത്തല്‍ ഹൈക്കമാന്‍ഡിനുണ്ട്.

നേതാക്കളുമായി ചര്‍ച്ചകള്‍ തുടരുകയാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഒരാഴ്ച്ചയ്ക്കകം അന്തിമ പട്ടിക തയ്യാറാക്കാനാണ് ശ്രമം.തര്‍ക്കങ്ങള്‍ പരിഹരിച്ച് പട്ടിക നല്‍കണം എന്ന ഹൈക്കമാന്‍ഡ് നിലപാട്. കെപിസിസി വൈസ് പ്രസിഡന്റുമാരെയും, ജനറല്‍ സെക്രട്ടറിമാരെയും , ട്രഷറര്‍ ഉള്‍പ്പെടെ 45ല്‍ അധികം ചുമതലക്കാരെയും 80ല്‍പ്പരം സെക്രട്ടറിമാരെയും, നിയമിച്ച് ജംബോ കമ്മിറ്റിയായി പോകാനാണ് അണിയറയിലെ നീക്കം. ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി രംഗത്തുള്ള പലരും സ്ഥാനം കിട്ടാതെ വരുമ്പോള്‍ പ്രതിഷേധമായി രംഗത്തു വരാന്‍ സാധ്യതയുള്ളതും നേതൃത്വത്തെ ആശങ്കയിലാഴ്ത്തുന്നു. കെപിസിസി ഭാരവാഹിത്വത്തിനായി പലരും ഭൈമീ കാമുകന്മാരെ പോലെ കാത്തു കിടക്കുന്നതും കീറാമുട്ടിയായിരിക്കുകയാണ് സംസ്ഥാന കോണ്‍ഗ്രസില്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.