കെ പി സി സി പുന:സംഘടന പട്ടിക സംബന്ധിച്ച് നിർദ്ദേശിച്ച പേരുകളോടുള്ള വിവിധ ഗ്രൂപ്പുകളുടെ എതിർപ്പ് കോൺഗ്രസ് നേതൃത്വത്തെ പിടിച്ചുലയ്ക്കുന്നു. വെട്ടിയും തിരുത്തിയും അന്തിമ ലിസ്റ്റിലേക്ക് എത്തുമ്പോഴും അസംതൃപ്തരുടെ എണ്ണം കൂടുകയാണ്. പട്ടികയിൽ വർക്കിംഗ് പ്രസിഡന്റുമാരുടെ എണ്ണം കൂടയിതിനെതിരെ ഹൈക്കമാന്റ് തന്നെ അതൃപ്തി അറിയിച്ചതിനു പിന്നാലെയാണ് കോൺഗ്രസ് നേതൃത്വം വിവിധ തട്ടുകളിലായി തിരിഞ്ഞ് പട്ടികയ്ക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. ആറ് പേരുടെ പട്ടികയാണ് വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ പി സി സി നൽകിയത്. കേരളം പോലുള്ള ഒരു ചെറിയ സംസ്ഥാനത്ത് എന്തിനാണ് ഇത്രയും വർക്കിംഗ് പ്രസിഡന്റുമാരെന്ന് ഹൈക്കമാന്റ് സംസ്ഥാന നേതൃത്വത്തോട് ആരാഞ്ഞിരുന്നു. വി ഡി സതീശൻ, കെ സുധാകരൻ, കെ വി തോമസ്, ടി സിദ്ദിഖ്, പി സി വിഷ്ണുനാഥ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരെയാണ് വർക്കിംഗ് പ്രസിഡന്റുമാരായി പട്ടികയിൽ നിർദ്ദേശിച്ചിട്ടുള്ളത്.
കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ ആദ്യമായി മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമാണ് വർക്കിംഗ് പ്രസിഡന്റുമാരെ കൊണ്ടുവന്നത്. ഹൈക്കമാന്റ് ഇടപെട്ടായിരുന്നു ഇത്തരത്തിൽ വർക്കിംഗ് പ്രസിഡന്റുമാരെ നിശ്ചയിച്ചത്. ഇത് മുല്ലപ്പള്ളിയുടെ ശക്തമായ എതിർപ്പിന് കാരണമായിരുന്നു. രാഷ്ട്രീയത്തിൽ താരതമ്യേന ജൂനിയറായ നേതാക്കളെപ്പോലും വർക്കിംഗ് പ്രസിഡന്റുമാരാക്കിയത് അണികളിലും വലിയ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ പ്രത്യേക താല്പര്യപ്രകാരമാണ് ടി സിദ്ദിഖിനെ വർക്കിംഗ് പ്രസിഡന്റായി നിർദ്ദേശിച്ചിട്ടുള്ളത്. ഇത് എ ഗ്രൂപ്പിൽത്തന്നെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഡി സി സി പ്രസിഡന്റ് സ്ഥാനത്തുനിന്നും നേരിട്ട് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് ടി സിദ്ദിഖിനെ ഉയർത്തുന്നത് എ ഗ്രൂപ്പിലെ പല പ്രബല നേതാക്കൾക്കും സഹിക്കാവുന്നതിലും അപ്പുറമാണ്.
എന്നാൽ രാഹുൽഗാന്ധിക്കുവേണ്ടി വയനാട് സീറ്റ് ഒഴിഞ്ഞുകൊടുത്തതിനുള്ള പ്രതിഫലമായാണ് ടി സിദ്ദിഖിന്റെ സ്ഥാനലബ്ധിയെന്ന വാദമാണ് സിദ്ദീഖ് പക്ഷം ഉയർത്തുന്നത്. പി സി വിഷ്ണുനാഥ് എ ഗ്രൂപ്പിന്റെ നോമിനിയാണെങ്കിലും അദ്ദേഹം എ ഐ സി സി സെക്രട്ടറിയാണ് എന്ന ആനുകൂല്യവുമുണ്ട്. എ വിഭാഗക്കാരനാണെങ്കിലും എ കെ ആന്റണിയുടെ നോമിനിയായാണ് കൊടിക്കുന്നിലിനെ വർക്കിംഗ് പ്രസിഡന്റായി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കെ സുധാകരൻ, കെ വി തോമസ്, വി ഡി സതീശൻ എന്നിവരെയാണ് ഐ ഗ്രൂപ്പുകാരെന്ന നിലയിൽ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിട്ടുള്ളത്. ഏറണാകുളം സീറ്റ് വിട്ടുനൽകിയതിനാലാണ് കെ വി തോമസിന് സ്ഥാനം ലഭിച്ചതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാഹുൽഗാന്ധിയുടെ വിസ്വസ്തനാണെങ്കിലും സംസ്ഥാന രാ,്ട്രീയത്തിൽ നോട്ടമിടുന്ന കെ സി വേണുഗോപാലും ഒട്ടേരെ സ്വന്തക്കാരെ പട്ടികയിൽ തിരുകിക്കയറ്റിയിട്ടുണ്ട്.
വി എം സുധീരൻ കെ പി സി സി അധ്യക്ഷനായിരുന്ന കാലത്ത് കെ പി സി സി ജംബോകമ്മിറ്റിക്കെതിരെ ഏറ്റവും എതിർപ്പ് പ്രകടിപ്പിച്ചയാളായിരുന്നു മുല്ലപ്പള്ളി രാമചമന്ദ്രൻ. അതേ മുല്ലപ്പള്ളിക്കാണ് ഇപ്പോൾ ഗ്രൂപ്പുകളുടെ വീതംവെപ്പിൽ നിസ്സഹായനായി നോക്കിനിൽക്കേണ്ടിവരുന്നത്. കോൺഗ്രസ് ജംബോപട്ടികയെ ഏറെ പരിഹസിച്ച മുൻ കെ പി സി സി അധ്യക്ഷൻ കെ മുരളീധരന്റെ ഒട്ടേറെ നോമിനികളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. കെ പി സി സി യോഗംചേരാൻ ചന്ദ്രശേഖരൻനായർ സ്റ്റേഡിയം വാടകയ്ക്ക് എടുക്കേണ്ടിവരുമെന്നായിരുന്നു കെ മുരളീധരന്റെ പരിഹാസം.
നിലവിലെ പല നിർദ്ദിഷ്ട ഡി സി സി പ്രസിഡന്റുമാർക്കും സംഘടനയെ ചലിപ്പിക്കാൻ കഴിയില്ലെന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്. പ്രത്യേകിച്ച് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തെത്തിയ സാഹചര്യത്തിൽ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ തീരുമാനിക്കണമെന്നാണ് അണികളിൽ നിന്നും നിർദ്ദേശം ഉയർന്നിട്ടുള്ളത്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കാര്യങ്ങൾ തീരുമാനിക്കുന്ന അവസ്ഥയാണ് ഇന്നും പാർട്ടിയിൽ നിലനിൽക്കുന്നതെന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്. ഇവിടെ മുല്ലപ്പള്ളിയുടെ നിലപാടുകൾ അപ്രസക്തമാവുകയാണ്. ഒരുഘട്ടത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ രാജി ഭീഷണിപോലും മുഴക്കിയെങ്കിലും ഗ്രൂപ്പുകളുടെ കടുംപിടുത്തത്തിനുമുന്നിൽ അതും വിലപ്പോയില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. മുൻ എ ഐ സി സി അധ്യക്ഷൻ രാഹുൽഗാന്ധിക്കുകൂടി പ്രാതിനിധ്യമുള്ള സംസ്ഥാനത്താണ് പാർട്ടി ഊഭാരവാഹികളെ നിശ്ചയിക്കാൻ മാരത്തോൺ ചർച്ചകൾ നടക്കുന്നതെന്നത് പരിഹാസ്യമാവുകയാണ്.
കെപിസിസിയുടെ ജംബോ ഭാരവാഹിപ്പട്ടികയ്ക്കെതിരെ വി ഡി സതീശൻ എംഎൽഎയും ടി എൻ പ്രതാപൻ എംപിയും പരസ്യമായി രംഗത്തെത്തി. ജംബോ കമ്മിറ്റി കോൺഗ്രസിനെ പരിഹാസ്യമാക്കുമെന്ന് പറഞ്ഞ വി ഡി സതീശൻ, വർക്കിംഗ് പ്രസിഡന്റ് ആകാനില്ല എന്നും വ്യക്തമാക്കി. വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തന്നെ പരിഗണിക്കരുതെന്ന് എഐസിസിയെ അറിയിച്ചതായി വി ഡി സതീശൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഒരു നല്ല കമ്മിറ്റി വന്ന് കമ്മിറ്റിയെ കൂടുതൽശക്തമാക്കണമെന്നും വി ഡി സതീശൻ വ്യകര്തമാക്കുന്നു. അതേസമയം തന്നെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കമാൻഡിനോട് ടി എൻ പ്രതാപൻ ആവശ്യപ്പെട്ടു. ഒരാൾക്ക് ഒറ്റപ്പദവിയേ പാടുള്ളൂ എന്ന് കത്തിൽപ്രതാപൻ ചൂമ്ടിക്കാട്ടുന്നു.
വർക്കിംഗ് പ്രസിഡന്റുമാരായി തന്നെയും കെ സുധാകരനേയും നിയമിച്ചത് ഗ്രൂപ്പ് നേതൃത്വമല്ല എന്ന് വ്യക്തമാക്കിയ കൊടിക്കുന്നിൽ സുരേഷ്, ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ രാജി വയ്ക്കും എന്നും സൂചിപ്പിക്കുന്നു.കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ബുധനാഴ്ച രാത്രി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന് 120 പേരുടെ അന്തിമ പട്ടികയാണ് സമർപ്പിച്ചത്. പ്രസിഡന്റിനും ട്രഷറർക്കും ആറ് വർക്കിംഗ് പ്രസിഡൻറുമാർക്കും പുറമേ 13 വൈസ് പ്രസിഡൻറുമാർ, 36 ജനറൽ സെക്രട്ടറിമാർ, 70 സെക്രട്ടറിമാർ എന്നിവരായിരുന്നു അവസാന പട്ടികയിലുണ്ടായിരുന്നത്. എന്നാൽ എ ഐ സി സി അധ്യക്ഷ സോണിയാഗാന്ധി ഈ പട്ടികയിൽ ഒപ്പുവെയ്ക്കാൻ തയ്യാറായില്ല. തുടർന്ന് ജനപ്രതിനിധികളായവരെ ഒഴിവാക്കിയും വർക്കിംഗ് പ്രസിഡന്റുമാരുടെ എണ്ണം കുറച്ചും 45 അംഗങ്ങളുടെ പട്ടിക ഹൈക്കമാന്റിന് മുന്നിൽ സമർപ്പിച്ച് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കേരളത്തിലേക്ക് തിരിച്ചതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
English Summary: kpcc jumbo list issues in congress
You may also like this video