10 October 2024, Thursday
KSFE Galaxy Chits Banner 2

Related news

October 9, 2024
October 9, 2024
October 9, 2024
October 9, 2024
October 9, 2024
October 8, 2024
October 8, 2024
October 8, 2024
October 7, 2024
October 5, 2024

ഇന്ന്‌ കെപിസിസി യോഗം; മുരളീധരനെതിരെ വാളോങ്ങി പ്രബല ഗ്രൂപ്പ് നേതാക്കള്‍

ബേബി ആലുവ
കൊച്ചി
September 20, 2024 8:32 am

തൃശൂർ തോല്‍വിക്ക് ശേഷം കെ മുരളീധരൻ പാർട്ടിക്ക് നേരെ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന കുറ്റാരോപണങ്ങൾ അതിരു കടക്കുന്നെന്ന പരാതിയുമായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കൾ. ഇന്ന് കൊച്ചിയിൽ ചേരുന്ന കെപിസിസി ഭാരവാഹി യോഗത്തിൽ വിഷയം ചർച്ചയ്ക്കെത്തിയേക്കുമെന്നാണ് വിവരം.

ലോകസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ പാർട്ടിയെ പ്രതിക്കൂട്ടിലാക്കും വിധം മുരളി നടത്തിയ പരസ്യ വിമർശനങ്ങൾ കോൺഗ്രസിന് തലവേദന സൃഷ്ടിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പരസ്യ പ്രതികരണത്തിനിറങ്ങിയാൽ മുരളീധരൻ കൂടുതൽ പ്രകോപിതനാവുമെന്നും രംഗം വഷളാകുമെന്നും കണ്ട് വായടച്ചിരിക്കുകയിരുന്നു കെപിസിസി നേതൃത്വം. എന്നാൽ, അത് വിപരീത ഫലമാണുണ്ടാക്കിയതെന്നും മുരളീധരൻ വിമർശനം കടുപ്പിച്ചിരിക്കുകയാണെന്നുമാണ് പരാതി.

കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ നടത്തിയ പരിഹാസമാണ് ഇപ്പോള്‍ ഒരു വിഭാഗം നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. പൊതുയോഗത്തിൽ പ്രസംഗിക്കാൻ പറ്റിയ നേതാക്കൾ സംസ്ഥാന കോൺഗ്രസിലില്ലെന്നും യോഗങ്ങൾക്ക് ആള് കൂടണമെങ്കിൽ രാഹുൽ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ വേണമെന്നതാണ് സ്ഥിതിയെന്നുമായിരുന്നു മുരളീധരൻ തുറന്നടിച്ചത്.

പാർട്ടി നിർദേശമനുസരിച്ച് തൃശൂരിൽച്ചെന്നപ്പോൾ നട്ടും ബോൾട്ടുമില്ലാത്ത വണ്ടിയിൽ കയറാനാണ് പറഞ്ഞത്. ഒരു വിധത്തിലാണ് തൃശൂരിൽ നിന്ന് തടിയൂരി ജീവനും കൊണ്ട് രക്ഷപ്പെട്ടത്. തൃശൂരിൽ വോട്ടുകൾ ബിജെപി കൊണ്ടുപോയത് നമ്മുടെ വിദ്വാന്മാർ ഇപ്പോഴും അറിഞ്ഞിട്ടില്ലെന്ന് പരിഹസിച്ച മുരളീധരൻ, തദ്ദേശ തെരഞ്ഞെടുപ്പ് കോൺഗ്രസിന്റെ അവസാന ബസാണെന്നും ഒന്നിച്ചുനിൽക്കേണ്ട സമയമായതിനാൽ ഇപ്പോൾ കൂടുതലൊന്നും പറയുന്നില്ലെന്നും പറഞ്ഞു. ഡിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തിലായിരുന്നു മുരളീധരന്റെ പരിഹാസ ശരങ്ങളൊക്കെ. ഇത് എല്ലാ അതിരുകളും ലംഘിക്കുന്നതാണെന്നാണ് പാര്‍ട്ടിയിലെ പ്രബല വിഭാഗത്തിന്റെ ആക്ഷേപം.

15 കോടി പിരിക്കാൻ തീരുമാനിച്ച വയനാട് പുനരധിവാസ ഫണ്ട് മാസമൊന്ന് കഴിഞ്ഞിട്ടും ഒന്നരക്കോടിയിൽ നിൽക്കുന്ന നാണക്കേടിൽ നിന്ന് തടിയൂരാനുള്ള മാർഗം കണ്ടെത്താനാണ് ഇന്നത്തെ യോഗമെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പല ജില്ലകളിലെയും പ്രശ്നങ്ങളും ചേരിതിരിവും യോഗത്തെ ചൂടുപിടിപ്പിക്കും. തൃശൂരിന് പുറമെ ആലത്തൂർ, കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിലാണ് ആരോപണ പ്രത്യാരോപണങ്ങൾ കൊഴുക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.