Site iconSite icon Janayugom Online

കെപിസിസിപ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ;തനിയാവര്‍ത്തനം, സോണിയഗാന്ധിയുടെ വിളംബരത്തിന് കാതോര്‍ത്ത്

കോണ്‍ഗ്രസില്‍ എല്ലാം പഴയതുപോലെ തന്നെ കെപിസിസി തെരഞ്ഞെടുപ്പും സോണിയഗാന്ധിയില്‍ നിക്ഷിപ്തമായിരിക്കുന്നു.ഇന്നുചേര്‍ന്ന കോണ്‍ഗ്രസ് ജനറല്‍ ബോഡി യോഗത്തില്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസില്‍ തുടരുന്ന രീതി. തനിയാവര്‍ത്തനം മാത്രം. കെപിസിസി. പ്രസിഡന്റിനെ നിശ്ചയിക്കാൻ ദേശീയ അധ്യക്ഷയെ ചുമതലപ്പെടുത്തുന്ന പ്രമേയം കെപിസിസി അംഗീകരിച്ചു. കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് സുധാകരനെ തിരഞ്ഞെടുക്കാനുള്ള ധാരണ കോണ്‍ഗ്രസ് നേതൃത്വത്തിലായിട്ടുണ്ട്. എഐസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും സുധാകരനെ ഒഴിവാക്കണമെന്ന നിലപാടിലായിരുന്നു.

ചിന്തന്‍ ശിബിരത്തില്‍ അതിനുള്ള ഇടപെടലുകളും നടത്തിയിരുന്നു.എന്നാല്‍ ഇതു മനസിലാക്കിയ ഉമ്മന്‍ചാണ്ടിയും,രമേശ് ചെന്നിത്തലയും അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് സുധാകരനെ പിന്തുണയ്ക്കുകയായിരുന്നു. സുധാകരനെ കെപിസിസി പ്രസിഡന്‍റായി പ്രഖ്യാപനം ഹൈക്കമാന്‍ഡ് നടത്തും. സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനില്‍ ചേര്‍ന്ന കെപിസിസി ജനറല്‍ ബോഡിയില്‍ മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് പ്രമേയം അവതരിപ്പിച്ചത്,എഐസിസി തിരഞ്ഞെടുപ്പിനുമുമ്പ് സംസ്ഥാനതല ഭാരവാഹികളെ നിശ്ചയിക്കുന്നത് പൂർത്തിയാക്കേണ്ടതുണ്ട്.

പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,ട്രഷറർ എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. അതുകൊണ്ട് തന്നെ ഉടൻ സോണിയ സുധാകരന്റെ പേര് പ്രഖ്യാപിക്കാനാണ് സാധ്യത.ചെന്നിത്തല അവതരിപ്പിച്ച പ്രമേയത്തെ വി ഡി സതീശൻ, കെ മുരളീധരൻ, എം എം ഹസ്സൻ, കൊടിക്കുന്നിൽ സുരേഷ്, കെ സി ജോസഫ് എന്നിവർ പിന്താങ്ങി. എഐസിസി അംഗങ്ങളെയും സോണിയ തീരുമാനിക്കും. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങൾ പങ്കെടുത്ത ആദ്യ ജനറൽ ബോഡി യോഗമാണ് ഇന്ന് ചേർന്നത്. 282 ബ്ലോക്ക് പ്രതിനിധികളും മുതിർന്ന നേതാക്കളും പാർലിമെന്ററി പാർട്ടി പ്രതിനിധികളും അടക്കം 315 അംഗങ്ങൾ ആണുള്ളത്. കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കണം എന്ന് എ ഐ സി സിയോട് ആവശ്യപെടുന്ന ഒറ്റ വരി പ്രമേയം യോഗത്തിൽ പാസ്സാക്കിയത്.

സുധാകരനെ പ്രസിഡന്റാക്കുന്നതിനെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനും കൂട്ടര്‍ക്കും അവസാനം അനുകൂലിക്കേണ്ടിവന്നു. ചെന്നിത്തലയാണ് സുധാകരനെ കെപിസിസിയുടെ ചുമതല വീണ്ടും ഏൽപ്പിക്കുന്ന ഫോർമുല തയ്യാറാക്കിയത്. ഉമ്മൻ ചാണ്ടിയും ഇതിനെ അംഗീകരിച്ചു. ഹൈക്കമാണ്ടിൽ നിന്ന് മറ്റൊരു പേരുകാരൻ എഐസിസിയെ നയിക്കാൻ എത്തില്ല. ബെന്നി ബെഹന്നാനും കൊടിക്കുന്നിൽ സുരേഷും ഈ പദവി ആഗ്രഹിച്ചിരുന്നു. എന്നാൽ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഒരുമിച്ചത് എല്ലാവർക്കും തടസ്സമായി.

സുധാകരനെ മാറ്റുന്നത് സംഘടനയ്ക്ക് ദോഷം ആകുമെന്ന നിലപാടിലാണ് അവർ.ഇക്കാര്യം കെസി വേണുഗോപാലിനെ ചെന്നിത്തല ബോധ്യപ്പെടുത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഗ്രൂപ്പ് നോമിനികളെ ചേർത്ത് പുതുക്കിയ അംഗത്വ പട്ടികയിൽ പരാതി ബാക്കിയുണ്ടെങ്കിൽ പുറത്ത് വരുന്നത് ഒഴിവാക്കാൻ പട്ടിക ഔദ്യോഗികമായി നേതൃത്വം പുറത്തുവിട്ടിരുന്നില്ല.ആദ്യം നൽകിയ പട്ടിക ഹൈക്കമാൻഡ് തിരിച്ചയച്ചിരുന്നു. ഗ്രൂപ്പല്ല മാനദണ്ഡമെന്നാണ് നേതൃത്വത്തിന്റെ അവകാശവാദമെങ്കിലും പുതുതായി പട്ടികയിൽ ചേർത്തത് ഗ്രൂപ്പ് നോമിനികളെയാണ് എന്നതാണ് വാസ്തവം. ശരിക്കും നടത്തിയത് ധാരണ അനുസരിച്ചുള്ള വീതംവെയ്പാണ്.

ഇതോടെ പുതുക്കിയ പട്ടികക്കെതിരെ പരസ്യമായി പരാതി ഉയർന്നില്ല.എന്നാല്‍ മുറുമുറുപ്പ് ഏറുകയാണ്,രാഹുല്‍ഗാന്ധിയുടെ ഭാരത്ജോഡോയാത്രയായതുകൊണ്ട് മിണ്ടുന്നില്ലന്നേയുള്ളു. ഇതോടെ എഐസിസി പട്ടികയ്ക്ക് അനുമതിയും നൽകി.പുനഃസംഘടിപ്പിച്ച കെപിസിസി.യിൽ 310 അംഗങ്ങളുടെ പട്ടികയ്ക്കാണ് ഹൈക്കമാൻഡ് അംഗീകാരം നൽകിയത്. ഇതിൽ 77 പേർ പുതുമുഖങ്ങളാണ്. നിലവിലെ കെപിസിസി. ഭാരവാഹികളായ ചിലർ കെപിസിസി. ജനറൽബോഡിയിൽ അംഗങ്ങളായിട്ടില്ലെന്ന വൈരുധ്യവുമുണ്ട്. 

കെപിസിസി. അംഗങ്ങളിൽനിന്ന് ഭാരവാഹികളെ തിരഞ്ഞെടുക്കണമെന്നാണ് പാർട്ടി ഭരണഘടന പറയുന്നത്. സുധാകരൻ പ്രസിഡന്റായതിനുശേഷം ഭാരവാഹിസ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ചിലരാണ് ജനറൽബോഡി അംഗങ്ങളല്ലാത്തവരായുള്ളത്. ഇവരെക്കൂടി കെപിസിസി. അംഗങ്ങളാക്കാനുള്ള ശ്രമംനടക്കുന്നുണ്ട്.അതുകൊണ്ട് അംഗങ്ങളുടെ പട്ടിക ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ഡിസിസി. ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരുടെ തിരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും ഗ്രൂപ്പ് തർക്കത്തെത്തുടർന്ന് അത് നടത്താനായിട്ടില്ല. ഒരു ബ്ലോക്കിൽനിന്ന് ഒരു പ്രതിനിധി എന്ന രീതിയിലാണ് കെപിസിസി. അംഗങ്ങൾ. അങ്ങനെ ബ്ലോക്ക് പ്രതിനിധികളായ 282 പേരാണുള്ളത്. ഇതിനുപുറമേ മുൻ കെപിസിസി. പ്രസിഡന്റുമാർ, പാർലമെന്ററി പാർട്ടിനേതാക്കൾ എന്നിവരും ജനറൽബോഡിയിലുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

Eng­lish Sum­ma­ry: KPCC Pres­i­dent Elec­tion; Taniyavar­tanam, Await­ing Sonia Gand­hi’s Announcement

You may also like this video: 

Exit mobile version