Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

കോട്ടയം

June 06, 2021, 11:56 am

കെപിസിസി പ്രസിഡന്‍റ് സ്ഥാനം; ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഹൈക്കമാന്‍ഡിനോട് അയയുന്നില്ല

Janayugom Online

കെപിസിസിയുടെ പുതിയ അധ്യക്ഷന്‍ ആരെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് തീരുമാനമെടുക്കാതെ നീട്ടികൊണ്ടു പോകുന്നത് പാര്‍ട്ടി അണികളില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. കെപിസിസി അധ്യക്ഷനെ കണ്ടെത്താന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പ്രധാന നേതാക്കളുമായി ആശയവിനിമയം തുടരുന്നു. കേരളത്തിലെ ഗ്രൂപ്പുകളുടെ താല്‍പര്യത്തിന് വരുദ്ധമായിട്ടാണ് പ്രതിപക്ഷനേതാവിനെ പാര്‍ട്ടി ഹൈക്കമാന്‍ഡ് നിശ്ചയിച്ചത്. ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തലയെപിന്തുണച്ചിരുന്നു. പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ച മാതൃകയില്‍ കെപിസിസി പ്രസിഡന്റിനെയും ഏകപക്ഷീയമായി തീരുമാനിക്കാനുള്ള നീക്കത്തില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കടുത്ത അതൃപ്തി അറിയിച്ചതോടെയാണു നേതാക്കളില്‍നിന്ന് അഭിപ്രായം തേടാന്‍ ഹൈക്കമാൻഡ് തീരുമാനിച്ചത്. താരിഖ് അന്‍വര്‍ നേരിട്ടെത്തി നേതാക്കളെ കാണാനായിരുന്നു ആലോചിച്ചിരുന്നത്. 

സംസ്ഥാനത്ത് ലോക്ഡൗണ്‍ നീളുന്ന കാരണം ആശയവിനിമയം ഫോണ്‍ വഴിയാക്കി. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സംശയത്തോടെയാണ് കേരളത്തിലെ ഗ്രൂപ്പ് നേതാക്കള്‍ കാണുന്നത്കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരുടെയും പേര് നിര്‍ദേശിക്കാതെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും. ‌അധ്യക്ഷന്റെ കാര്യത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നടത്തുന്ന അഭിപ്രായം തേടല്‍ കണ്ണില്‍ പൊടിയിടാനാണന്ന് ‌എ, ഐ ഗ്രൂപ്പുകള്‍ ആരോപിച്ചു. അതേസമയം, രണ്ട് ദിവസത്തിനുള്ളില്‍ ആശയവിനിമയം പൂര്‍ത്തിയാക്കി പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങി പ്രധാന നേതാക്കളോടെല്ലാം താരിഖ് അന്‍വര്‍ ആശയവിനിമയം നടത്തിക്കഴിഞ്ഞു. എന്നാല്‍ ഒരാള്‍ പോലും പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടെയും പേര് നിര്‍ദേശിച്ചില്ല. ഹൈക്കമാന്‍ഡിന് എന്ത് തീരുമാനം വേണമെങ്കിലും എടുക്കാമെന്നായിരുന്നു എല്ലാവരുടെയും മറുപടി. ഹൈക്കമാന്‍ഡ് തീരുമാനം എടുത്തുകഴിഞ്ഞെന്നും താരിഖ് അന്‍വറിന്റ അഭിപ്രായം തേടലെല്ലാം വെറും കണ്ണില്‍ പൊടിയിടലാണെന്നുമാണ് എ, ഐ ഗ്രൂപ്പുകളുടെ വിമര്‍ശനം. മാത്രമല്ല ഏതെങ്കിലും പേര് നിര്‍ദേശിച്ചാല്‍ പ്രതിപക്ഷ നേതാവിന്റ കാര്യത്തിലെന്നപോലെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വീണ്ടും പരിഹാസ്യരാകും. 

കേരളത്തിലെ നേതാക്കളെ വിശ്വാസത്തിലെടുത്ത് തീരുമാനിക്കാനായിരുന്നെങ്കില്‍ താരിഖ് അന്‍വറിന് നേരിട്ടെത്തി ചര്‍ച്ച നടത്താമായിരുന്നുവെന്നും ഗ്രൂപ്പ് നേതാക്കള്‍ വിശ്വസിക്കുന്നു. പ്രസിഡന്റിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം എത്രയും വേഗം തീര്‍ക്കണമെന്ന് മുല്ലപ്പള്ളി താരിഖ് അന്‍വറിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. തന്നോട് പ്രസിഡന്റിന്റെ കാര്യത്തില്‍ അഭിപ്രായം ചോദിക്കേണ്ടതില്ലെന്നും, തീരുമാനിച്ച കാര്യങ്ങള്‍ അതേപടി നടക്കട്ടെയെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. എംപിമാരുമായും എംഎല്‍എമാരുമായും ആശയവിനിമയം പൂര്‍ത്തിയായാലുടന്‍ താരിഖ് അന്‍വര്‍ റിപ്പോര്‍ട്ട് നല്‍കും. ഇതിന് പിന്നാലെ പ്രഖ്യാപനവുമുണ്ടായേക്കും. 

ആരുടെയും പേര് പറഞ്ഞില്ലെന്നും പ്രസിഡന്റ് സ്ഥാനത്തേക്കു തന്റെ പേര് വലിച്ചിഴയ്ക്കേണ്ടതില്ലെന്നും കെ.മുരളീധരന്‍ എംപി പ്രതികരിച്ചു.എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ എന്നിവരോടാണ് അഭിപ്രായം ചോദിക്കുന്നത്. എംപിമാര്‍ കെപിസിസി പ്രസിഡന്റാകുന്നതില്‍ തെറ്റില്ലെന്നും പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.ഡി.സതീശന്റ തുടക്കം നന്നായെന്നും കെ.മുരളീധരന്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് സജീവമായി പരിഗണിക്കുന്ന കെ.സുധാകരനെ അനുകൂലിക്കുമോ, അതോ എ,ഐ ഗ്രൂപ്പുകള്‍ സംയോജിച്ച് മറ്റൊരു പേര് നിര്‍ദേശിക്കുമോ എന്നതാണ് സംശയം. എന്നാല്‍ ഹൈക്കമാന്‍ഡ് ആരെ നിശ്ചയിച്ചാലും ഗ്രൂപ്പുകള്‍ എതിര്‍ക്കാന്‍ തന്നെയാണ്. മുതിര്‍ന്ന നേതാക്കള്‍ ഇവര്‍ക്ക് രഹസ്യമായി പിന്തുണ നല്‍കുന്നു.

ENGLISH SUMMARY:KPCC pres­i­dent posi­tion; Chen­nitha­la and Oom­men Chandy was aganist
You may also like this video