15 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 14, 2025
January 13, 2025
January 11, 2025
January 11, 2025
January 10, 2025
January 9, 2025
January 8, 2025
January 8, 2025
January 8, 2025
January 7, 2025

കെപിസിസി പുനസംഘടനാ ചര്‍ച്ചകള്‍ വഴിമുട്ടി;ഭാരവാഹി പ്രഖ്യാപനം നീളുന്നു, ചില നേതാക്കളെ ഉള്‍പ്പെടുത്താന്‍ ഗ്രൂപ്പുകളുടെ പിടിവാശി

പുളിക്കല്‍ സനില്‍രാഘവന്‍
October 12, 2021 3:02 pm

കെപിസിസി പുനസംഘടനാ ചർച്ചകൾ വഴിമുട്ടിയതോടെ പുതിയ ഭാരവാഹികളുടെ പ്രഖ്യാപനവും നീളുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന നേതൃത്വം രാത്രിവൈകി ഇരുന്ന് തയ്യാറാക്കിയ പട്ടികയ്ക്കെതിരെയും കേരളത്തിലെ ഗ്രൂപ്പ് നേതാക്കൾ രംഗത്തുവന്നതാണ് പട്ടിക വൈകാൻ കാരണം. കെപിസിസി ഭാരവാഹികളുടെ പട്ടികയിൽ ഇനിയുള്ള ചർച്ചകൾ കേരളത്തിൽ നടക്കും. ചില നേതാക്കളെ ഉൾപ്പെടുത്തണമെന്നുള്ള ഗ്രൂപ്പുകളുടെ പിടിവാശിയും ചിലരെ ഒഴിവാക്കണമെന്ന നിർബന്ധവുമാണ് പട്ടികയെ തർക്കത്തിലേക്ക് നയിച്ചത്. ഇനി കേരളത്തിൽ തുടർ ചർച്ചകൾ നടത്തിയ ശേഷമാകും പട്ടിക കൈമാറുക. കേരളത്തിലെ മുതിർന്ന നേതാക്കളും ഗ്രൂപ്പുകളുടെ ഉന്നത നേതാക്കളും ഒരുമിച്ചാണ് പട്ടികയ്ക്ക് എതിരെ രംഗത്തുവരുന്നത്. മുൻ കെപിസിസി അധ്യക്ഷൻമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, വിഎം സുധീരൻ, എംഎം ഹസൻ എന്നിവരാണ് പട്ടികയിൽ തങ്ങളുമായി ഒരു ആലോചനയും നടന്നില്ലെന്ന പരാതിയുമായി രംഗത്തുവന്നത്. ഈ മുതിർന്ന നേതാക്കളുടെ നീക്കം എ, ഐ ഗ്രൂപ്പുകളുടെ ചരടുവലിക്ക് പിന്നാലെയാണെന്നാണ് ഉയരുന്ന ആക്ഷേപം. 

ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പിന്തുണയാണ് ഇവർക്കുള്ളത്. ഇവർ മൂവരും ഒരേ സ്വരത്തിൽ എതിർപ്പുമായി രംഗത്തു വന്നത് ഹൈക്കമാൻഡിനെയും കുഴയ്ക്കുന്നുണ്ട്. ഗ്രൂപ്പു നേതാക്കളുടെ ഇത്തരം പിടിവാശിയോടെ പാർട്ടിയിൽ മാറ്റം കൊണ്ടുവരാനുള്ള പുതിയ നേതൃത്വത്തിന്റെ തീരുമാനവും പാളുകയാണ്. കെപിസിസി ഭാരവാഹികളുടെ പട്ടിക നീളുന്നത് വലിയ തിരിച്ചടിയാണെന്ന വിലയിരുത്തലിലാണ് ഇവർ. യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന ആഗ്രഹം ഇവർക്കുണ്ടെങ്കിലും അതിനു വിലങ്ങു തടിയാണ് നേതാക്കളുടെ ലക്ഷ്യം. കോൺഗ്രസിനെ സെമി കേഡർ പാർട്ടിയാക്കും എന്നാണ് പുതിയ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ സെമി കേഡർ പാർട്ടി പോയിട്ട്, മുൻകാലങ്ങളിലെ പോലെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനെങ്കിലും ആകുമോ എന്നാണ് ഇപ്പോൾ ഗ്രൂപ്പുകൾക്കുള്ളിലെ ചോദ്യങ്ങൾ. 14 ജില്ലകളിലെ ഡിസിസി അധ്യക്ഷൻമാരെ തീരുമാനിക്കാൻ തന്നെ വല്ലാതെ യജ്ഞിക്കേണ്ടി വന്നിരുന്നു കോൺഗ്രസ് നേതൃത്വത്തിന്. ഒടുവിൽ അതിന്റെ പേരിൽ പാർട്ടി വിട്ടത് സംസ്ഥാന നേതാക്കളും. പ്രശ്നങ്ങളില്ലാതെ കെപിസിസി പുന: സംഘടിപ്പിക്കുമെന്ന് പറഞ്ഞ സുധാകരൻ ഇപ്പോൾ ഒന്നും നടക്കാതെ ദില്ലിയിൽ നിന്ന് തിരിച്ചെത്തിയിരിക്കുകയാണ്. എക്കാലവും തങ്ങൾക്കൊപ്പം ഉറച്ചു നിന്ന് ഗ്രൂപ്പുകളി മാത്രം നടത്തുന്നവരെ പരിഗണിക്കണമെന്ന നിലപാടാണ് ഗ്രൂപ്പു നേതാക്കളായ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഉള്ളത്. എ ഗ്രൂപ്പ് നൽകിയ പട്ടികയിൽ നിന്നും പ്രധാനമായും കെ ശിവദാസൻ നായർ, അബ്ദുൾ മുത്തലിബ്, സോണി സെബാസ്റ്റ്യൻ, ആര്യാടൻ ഷൗക്കത്ത്, ജോസഫ് ടാജറ്റ് എന്നിവരാണ് ഭാരവാഹി പട്ടികയിലുള്ളത്. വിപി സജീന്ദ്രനെ വൈസ് പ്രസിഡന്റായും പരിഗണിക്കും. ഐ ഗ്രൂപ്പിന്റെ ലിസ്റ്റിലെ പ്രധാന പേരുകാർ ഇവരാണ്. എഎ ഷുക്കൂർ, പിടി അജയമോഹൻ, എസ് അശോകൻ, നീലകണ്ഠൻ കാസർകോട്, ജ്യോതി കുമാർ ചാമക്കാല. ഐ ഗ്രൂപ്പിനൊപ്പം ഒരു സാമുദായിക നേതാവിന്റെ കൂടി പിന്തുണയോടെ വിഎസ് ശിവകുമാർ എന്നിവരുമുണ്ട്. ദീപ്തി മേരി വർഗീസ്, പഴകുളം മധു, പിഎം നിയാസ്, യു രാജീവൻ, എംപി വിൻസെന്റ്, നെയ്യാറ്റിൻകര സനൽ എന്നിവരുടെ പേര് മറ്റൊരു ഉന്നത നേതാവ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മരിയാപുരം ശ്രീകുമാറിന്റെ പേരും പട്ടികയിലുണ്ട്. വിടി ബൽറാം, ഡോ. സരിൻ, അനിൽ അക്കര, ജ്യോതി വിജയകുമാർ എന്നിവർ ഗോഡ്ഫാദർമാരില്ലാതെയാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. സുമ ബാലകൃഷ്ണന്റെയും എവി ഗോപിനാഥിന്റെയും, ഡി സുഗതന്റെയും പേര് കെപിസിസി അധ്യക്ഷനും നിർദേശിച്ചിരുന്നു. ഇവരൊക്കെയും പട്ടികയിൽ ഇടംപിടിക്കുമെന്നാണ് കരുതുന്നത്. മുൻ കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ, പത്മജ വേണുഗോപാൽ, എം ലിജു, ഇബ്രാഹിംകുട്ടി കല്ലാർ, നേരത്തെ പാർട്ടി വിട്ട കെ ജയന്ത് എന്നിവരെയും പരിഗണിക്കുണ്ട്. നേതാക്കൾ നിർദേശിച്ച ഈ പേരുകളിൽ ചിലതിൽ വലിയ തർക്കം തന്നെയാണുള്ളത്. 

കെപിസിസി ട്രഷറർ സ്ഥാനത്തേക്ക് എറണാകുളത്തുനിന്നുള്ള ജമാൽ മണക്കാടനെ പരിഗണിക്കുന്നുണ്ട്. എ, ഐ ഗ്രൂപ്പുകൾ നൽകിയ പട്ടിക അതേ പടി അംഗീകരിക്കണമെന്നാണ് ചെന്നിത്തലയുടേയും, ഉമ്മൻചാണ്ടിയുടേയും അവരുടെ ആവശ്യം. ഒടുവിൽ ലഭിക്കുന്ന സൂചന പ്രകാരം വൈസ് പ്രസിഡന്റുമാരുടെ എണ്ണം മൂന്നിൽ നിന്നും അഞ്ചായും ജനറൽ സെക്രട്ടറിമാർ 20 ആയും ഉയർത്തുമെന്നാണ്. 20 പേർ കെപിസിസി നിർവാഹക സമിതിയിലും വരുമെന്നും വിവരമുണ്ട്. എന്തുവന്നാലും 51നു മുകളിലുള്ള കമ്മറ്റി അംഗീകരിക്കില്ലെന്ന നിലപാടിലാണ് കെ സുധാകരൻ. ഏതു വിധേനെയും സമ്മർദം ചെലുത്തി ജംബോ കമ്മറ്റി തന്നെ നടപ്പാക്കാനാണ് ഗ്രുപ്പുകളുടെ താൽപര്യം. അതിനായി മുതിർന്ന നേതാക്കളും പച്ചക്കോടി കാട്ടിയിരിക്കുകയാണ്.അഞ്ഞൂറ് പേരോളം ഉണ്ടായിരുന്ന കെപിസിസി എക്സിക്യൂട്ടീവ് ആയിരുന്നു കേരളത്തിലെ കോൺഗ്രസിനുണ്ടായിരുന്നത്. ഗ്രൂപ്പ് താത്പര്യം സംരക്ഷിക്കാൻ വേണ്ടിയായിരുന്നു ഇത്തരം ഒരു സംവിധാനം ഒരുക്കിയത്. എന്നാലിപ്പോൾ അത്തരത്തിലുള്ള ഒരു ഗ്രൂപ്പ് താത്പര്യവും വേണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. അഞ്ഞൂറിൽ നിന്ന് 51 ലേക്ക് കെപിസിസി എക്സിക്യൂട്ടീവിന്റെ അംഗസംഖ്യ കുറക്കുമെന്ന് കെ സുധാകരൻ പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ, കോൺഗ്രസിൽ നടപ്പാകുമോയെന്ന് ഡിസിസി അധ്യക്ഷൻമാരുടെ കാര്യത്തിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യ പ്രതികരണം നടത്തി കെപിസിസി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഒടുക്കം ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരം കെ സുധാകരനും വിഡി സതീശനും മുതിർന്ന നേതാക്കളെ ഒരു വിധത്തിൽ അനുനയിപ്പിച്ചു. കെപിസിസി ഭാരവാഹികളെ നിശ്ചയിക്കുന്ന കാര്യത്തിൽ രണ്ട് ഗ്രൂപ്പുകളുമായും കൂടിയാലോചനകൾ നടത്തിയെന്ന ആശ്വാസത്തിലായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അവിടേയും നിന്നില്ല പ്രശ്നങ്ങൾ. പണ്ടേക്കുപണ്ടേ ഗ്രൂപ്പില്ലാത്തവരായ മുൻ അധ്യക്ഷൻമാർ വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കലാപം ഉയർത്തുകയായിരുന്നു. സുധീരൻ ആണെങ്കിൽ എഐസിസി അംഗത്വം വരെ രാജിവച്ച് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിക്കുകയും ചെയ്തു. സ്ലോട്ട് എടുത്ത് കെപിസിസി പ്രസിഡന്റിനെ കാണേണ്ട സ്ഥിതിയാണെന്ന് മുല്ലപ്പള്ളി ആഞ്ഞടിക്കുകയും ചെയ്തു. രണ്ട് നേതാക്കളുടേയും പരാതികൾ ആണ് ഇപ്പോൾ ഹൈക്കമാൻഡിനെ പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചത് എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. കേരളത്തിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണല്ലോ പുതിയ നേതൃത്വം വരുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നിലയിലേക്ക് പാർട്ടിയെ ഉയർത്തുകയും വേണം. കഴിഞ്ഞു പോയ രണ്ട് തിരഞ്ഞെടുപ്പുകളിലും വലിയ പരാജയം ആണ് ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാൽ ഡിസിസി അധ്യക്ഷൻമാരേയും കെപിസിസി ഭാരവാഹികളേയും നിശ്ചയിക്കൽ പോലും സുഗമമായി നടത്താൻ കഴിയാത്തവർക്ക് മേൽപറഞ്ഞ ഭാരിച്ച ഉത്തരവാദിത്തങ്ങൾ നടപ്പിലാക്കാനും ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കാനും കഴിയുമോ എന്നും ചോദ്യങ്ങളുയരുന്നു. അധികാരസ്ഥാനങ്ങൾ കോൺഗ്രസ് പാർട്ടിയിൽ ഏറെ നിർണായകമാണ്. അത്തരം സ്ഥാനങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെട്ടാൽ പലരും പാർട്ടി തന്നെ ഉപേക്ഷിക്കാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല. 

ഏറ്റവും ഒടുവിൽ പുറത്ത് പോയ നേതാക്കളുടേയും പ്രശ്നം അതുതന്നെ ആയിരുന്നു എന്ന് വിമർശനമുണ്ട്. അഞ്ഞൂറിൽ നിന്ന് 51 ലേക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി ചുരുക്കുമ്പോൾ ഗ്രൂപ്പ് രാഷ്ട്രീയത്തിലെ പല പ്രമുഖരുടേയും തലകൾ തെറിക്കുമെന്ന് ഏറെക്കുറേ ഉറപ്പാവുകയും ചെയ്തിട്ടുണ്ട്. അതിന്റെ പരിണിത ഫലങ്ങൾ എന്തൊക്കെയാകും എന്ന ആശങ്ക താഴെ തട്ടിലെ പ്രവർത്തകർ പങ്കുവയ്ക്കുന്നുണ്ട്. കേരളത്തിലെ പുതിയ നേതൃത്വം പുതിയ ഗ്രൂപ്പാണെന്ന ആക്ഷേപം നേരത്തേയുണ്ട്. കെസി വേണുഗോപാൽ ആണ് ഈ ഗ്രൂപ്പിനെ നയിക്കുന്നത് എന്നാണ് എതിർ ഗ്രൂപ്പുകളുടെ ആക്ഷേപം. എന്നാലിപ്പോൾ കെപിസിസി ഭാരവാഹി പട്ടികയിൽ കെസി വേണുഗോപാൽ മുന്നോട്ട് വച്ച പേരുകളിൽ സംസ്ഥാന നേതൃത്വത്തിന് എതിർപ്പുണ്ട് എന്നും വാർത്തകൾ വരുന്നുണ്ട്. എഐസിസിയുടെ നിർദ്ദേശം എന്ന നിലയിലാണ് ഈ പേരുകൾ കടന്നുവരുന്നത്. ഇനി ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ പാർട്ടി മുന്നോട്ട് പോകേണ്ടതില്ലെന്ന സന്ദേശമാണ് കെ സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കിയപ്പോഴും വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയപ്പോഴും ഹൈക്കമാൻഡ് നൽകിയത്. എന്നാൽ പുതിയ നേതൃത്വം മറ്റൊരു ഗ്രൂപ്പിനെ പോലെ പ്രവർത്തിക്കുന്നു എന്ന ആക്ഷേപമാണ് എ, ഐ ഗ്രൂപ്പുകളിൽ നിന്ന് ഉയർന്നത്.
eng­lish summary;KPCC reor­ga­ni­za­tion talks stalled, group announce­ment con­tin­ues, groups insist on includ­ing some leaders
you may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.