December 1, 2023 Friday

കെപിപിഎല്ലിൽ ദിവസം 320 ടൺ 
ന്യൂസ്‌പ്രിന്റ്‌ ഉൽപ്പാദിപ്പിക്കും; ഉൽപ്പാദന ഉദ്‌ഘാടനം നാളെ

Janayugom Webdesk
കൊച്ചി
October 31, 2022 3:16 pm

വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം പുനരാരംഭിക്കുന്ന വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്‌ട്‌സ്‌ ലിമിറ്റഡിന്റെ ഉൽപാദനശേഷി ദിവസം 320 ടൺ ന്യൂസ്‌പ്രിന്റ്‌. ഇതിനാവശ്യമായ അസംസ്‌കൃതവസ്‌തുക്കൾ ലഭ്യമാക്കാൻ സർക്കാർതലത്തിൽ നടപടിയായി. കടലാസ്‌ ഉൽപാദനം കേരളപ്പിറവി ദിനത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്യും.

വനാധിഷ്ഠിത അസംസ്കൃത വസ്തുകൾ അനുവദിക്കുമ്പോൾ ഈടാക്കേണ്ട വില നേരത്തേ നിശ്ചയിച്ചിരുന്നു. യൂക്കാലിപ്‌റ്റസ്‌, അക്വേഷ്യ ഓറിക്യുലിഫോർമിസ്, അക്വേഷ്യ മാഞ്ചിയം, മുള, ഈറ്റ തുടങ്ങിയവ മെട്രിക് ടണ്ണിന് 500 രൂപയ്‌ക്ക്‌ ആദ്യവർഷം നൽകും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള ദിനപത്രങ്ങൾ ഇനി പ്രിന്റിങ്ങിന്‌ കെപിപിഎലിന്റെ ന്യൂസ്‌പ്രിന്റ്‌ ആയിരിക്കും ഉപയോഗിക്കുക.

പത്രങ്ങൾക്ക്‌ അനുയോജ്യമായ 42–-45 ജിഎസ്‌എം (ഗ്രാം പെർ സ്‌ക്വയർ മീറ്റർ) കനമുള്ള ന്യൂസ്‌പ്രിന്റിന്റെ പൂർണതോതിലുള്ള ഉൽപാദനത്തിലേക്കാണ്‌ കെപിപിഎൽ കടക്കുന്നത്‌. ഇറക്കുമതി ചെയ്യുന്ന ന്യൂസ്‌പ്രിന്റ്‌ ഉപയോഗിക്കുന്നതു മൂലം പത്രമേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക്‌ ഒരളവ്‌ വരെ പരിഹാരമാകും. നിലവിൽ റീസൈക്ലിങ്ങിനായി 3,000 ടൺ പാഴ്‌കടലാസുകൾ കെപിപിഎലിൽ സ്‌റ്റോക്കുണ്ട്‌.

ന്യൂസ്‌പ്രിന്റ്‌ നിർമാണം എന്നത്‌ മികച്ച രീതിയിൽ വളർച്ചാനിരക്കുള്ള മേഖലയല്ല. അതിനാൽ വരുന്ന ഘട്ടങ്ങളിൽ കടലാസുകളുടെ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിലേക്കും കെപിപിഎൽ ശ്രദ്ധ കേന്ദ്രീകരിക്കും. നോട്ട്ബുക്ക്, അച്ചടി-പുസ്തക മേഖലകളിൽ ഉപയോഗിക്കുന്ന അൺസർഫസ് ഗ്രേഡ് റൈറ്റിങ്, പ്രിന്റിങ് പേപ്പറുകൾ, ആർട്‌ പേപ്പറുകൾ എന്നിവയും ഉൽപാദിപ്പിക്കാൻ സാധിക്കും.

Eng­lish Summary:KPPL will pro­duce 320 tonnes of newsprint per day; Pro­duc­tion open­ing tomorrow
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.