26 March 2024, Tuesday

Related news

December 15, 2023
July 27, 2023
June 17, 2023
June 11, 2023
April 16, 2023
November 19, 2022
August 23, 2022
June 21, 2022
June 2, 2022
June 1, 2022

കെ റെയില്‍ 2025ൽ: പ്രതീക്ഷകളും ആശങ്കകളും വിശദീകരിച്ച് കെ എം എ ലീഡര്‍ ടോക്‌സ്

Janayugom Webdesk
കൊച്ചി
September 30, 2021 5:56 pm

കെ റെയില്‍ പദ്ധതി നടപ്പിലാകുന്നതോടെ സംസ്ഥാന വികസനത്തില്‍ കുതിച്ചു ചാട്ടമാണ് സംഭവിക്കുകയെന്ന് കെ റെയില്‍ സില്‍വര്‍ ലൈൻ പ്രൊജക്ടിലൂടെ നടത്തുന്നതെന്ന് കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് എം ഡി വി അജിത് കുമാര്‍. കേരള മാനേജ്മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ലീഡര്‍ ടോക്സില്‍ “കെ റയില്‍ ദി സില്‍വര്‍ലൈന്‍ പ്രൊജക്ട് ഓഫ് കേരള” എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എം എ പ്രസിഡന്റ് ആര്‍ മാധവ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എസ് ആര്‍ നായര്‍ മോഡറേറ്ററായിരുന്നു.

റോഡപകടങ്ങളില്‍ കുറവ്, യാത്രയ്ക്ക് ആവശ്യമായ സമയത്തില്‍ വലിയ ലാഭം, അടിസ്ഥാന സൗകര്യ വികസനത്തില്‍ മികവ്, സാമ്പത്തിക മേഖലകള്‍ക്ക് ഉണര്‍വ് തുടങ്ങി വ്യത്യസ്ത മേഖലകളില്‍ സംസ്ഥാനത്തിന് നേട്ടമുണ്ടാക്കാനാവുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മാത്രമല്ല വനമോ പ്രകൃതി നാശമോ ഇല്ലാതെ ഏറ്റവും കുറവ് ആഘാതം മാത്രം ഏല്‍ക്കുന്ന വിധത്തിലാണ് കെ റയില്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. മികച്ച യാത്രാ സൗകര്യം ലഭ്യമാകുന്നതോടെ റോഡ് വഴിയുള്ള ദീര്‍ഘയാത്രകള്‍ കുറയുകയും അതിലൂടെ അന്തരീക്ഷ മലിനീകരണത്തിന്റേയും കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റേയും തോതും കുറക്കാനുമാവും. റെയില്‍ യാത്രയ്ക്ക് കേവലം ഒരു ശതമാനം മാത്രമാണ് കാര്‍ബണ്‍ പുറത്തുവിടുന്നത് എന്നതിനാല്‍ പ്രകൃതി സൗഹൃദവുമാണ് പദ്ധതി.

കേന്ദ്രമന്ത്രിസഭയുടെ തീരുമാനത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന അടിസ്ഥാന സൗകര്യ നിര്‍മാണ പദ്ധതിയുടെ ഭാഗമായാണ് കേരളത്തില്‍ കെ റെയില്‍ പദ്ധതി നടപ്പാക്കുന്നത്. റെയില്‍വേ മന്ത്രലായം 49 ശതമാനവും കേരള സര്‍ക്കാര്‍ 51 ശതമാനവുമാണ് കമ്പനിയില്‍ നിക്ഷേപിക്കുന്നത്. സിയാല്‍, കിയാല്‍ വിമാനത്താവളങ്ങള്‍ പോലെ പദ്ധതിയുടെ ഒരു വിഹിതം ഓഹരി പൊതുജനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുമുണ്ട്. കെ റെയില്‍ പദ്ധതിക്കായി 63941 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള പദ്ധതികള്‍ നടക്കുന്നുണ്ട്.

തിരുവനന്തപുരം മുതല്‍ കാസര്‍ക്കോട് വരെ ഇരട്ടപ്പാതയുള്ള കെ റയില്‍ പദ്ധതിയില്‍ 200 കിലോമീറ്റര്‍ വേഗതയിലാണ് ട്രയിനുകള്‍ സഞ്ചരിക്കുക. നിലവില്‍ കേരളത്തിന്റെ സാഹചര്യത്തില്‍ നാല്‍പ്പത്തിയഞ്ചോ അറുപതോ കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്നതിന് പകരം ഇത്രയും വേഗം ലഭ്യമാകും. സംസ്ഥാനത്തെ 11 ജില്ലകളിലൂടെ കടന്നുപോകുന്ന കെ റയിലിന് 11 സ്‌റ്റേഷനുകളാണ് ഉണ്ടാവുക. 530.6 കിലോമീറ്റർ ദൈർഖ്യമുള്ള റെയിൽ ദൂരം നാലു മണിക്കൂറിൽ താഴെ സമയത്തിൽ പൂർത്തിയാക്കാനാവും. മിക്ക ഇടങ്ങളിലും പാടങ്ങൾകജലസ്രോതസ്സുകൾക്കും മുകളിലെ മേൽപ്പാലങ്ങളിലൂടെയാണ് പാത വിഭാവനം ചെയ്തിരിക്കുന്നത്. കെ റെയിൽ നിർമാണം മൂലം പ്രളയസാധ്യതകളും മറ്റു പ്രകൃതി ദുരന്തങ്ങളും ഉണ്ടാവുമെന്ന പ്രചാരണങ്ങൾ അസ്ഥാനത്താണെന്ന് അജിത്കുമാർ പറഞ്ഞു. ഇരു ഭാഗത്തേക്കും 37 വീതം ട്രയിനുകള്‍ ഓടും. തിരക്കുള്ള സമയങ്ങളില്‍ 20 മിനുട്ടിനുള്ളില്‍ ഒരു സര്‍വീസ് ഉണ്ടാകുമെന്നത് കെ റയിലിന്റെ പ്രത്യേകതയാണെന്നും അജിത് കുമാര്‍ വിശദീകരിച്ചു.

കെ റയില്‍ പദ്ധതിയുടെ സ്ഥലമെടുപ്പിന് 13000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സ്ഥലമെടുപ്പ് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. സ്ഥലമെടുക്കാന്‍ രണ്ടു വര്‍ഷവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നു വര്‍ഷവുമാണ് കണക്കാക്കുന്നത്. ഇത്തരമൊരു പദ്ധതി കേരളം പോലൊരു സംസ്ഥാനത്തിന് ആവശ്യവും താങ്ങാവുന്നതുമാണോ എന്ന സംശയവും പ്രകൃതിയെ ബാധിക്കുന്നതാണോ എന്ന ചോദ്യങ്ങളുമൊക്കെ പലരും ഉന്നയിക്കുന്നുണ്ട്. എന്നാല്‍ എല്ലാവരുടേയും വിലപ്പെട്ട സമയവും ചിലരുടെയെങ്കിലും ജീവനും ജീവിതവും റോഡിലും വഴിയിലും പൊലിയുന്നതും കുറയുന്നതോടെ ഈ സംശയത്തിന് അറുതിയുണ്ടാകും. കെ റയില്‍ പദ്ധതിക്ക് ചെലവഴിക്കുന്ന സാമ്പത്തികത്തിന് ആനുപാതികമായ നേട്ടമുണ്ടാകുന്നില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ടെങ്കിലും അത് ശരിയല്ലെന്നാണ് കണക്കുകള്‍ പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. 

കെ റയില്‍ പദ്ധതിക്കു പകരം മെമു സര്‍വീസുകള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യവും പലരും പറയുന്നുണ്ട്. സ്വാഭാവികമായും മെമു ലാഭകരമാണെങ്കിലും രാവിലേയും വൈകിട്ടും ഒന്നോ രണ്ടോ സര്‍വീസുകള്‍ മാത്രമാണ് അവയ്ക്കുള്ളതെന്നും കൂടുതല്‍ സമയമെടുക്കുന്ന അത്തരം മാര്‍ഗ്ഗങ്ങളിലേക്ക് റോഡുമാര്‍ഗ്ഗം പോകുന്നവര്‍ ആകര്‍ഷിക്കപ്പെടില്ലെന്നും അജിത് കുമാര്‍ പറഞ്ഞു. സ്വന്തം വാഹനത്തില്‍ പോകുന്നവരെ ആകര്‍ഷിക്കാന്‍ തക്ക പദ്ധതിയാണ് കെ റയില്‍. കെ റയിലിന് പകരം ചിലര്‍ പറയുന്നത് ഹൈസ്പീഡ് ലൂപിനെ കുറിച്ചാണ്. പുതിയ സാങ്കേതിക വിദ്യയായ ഹൈസ്പീഡ് ലൂപ് പ്രാബല്യത്തിലാകാന്‍ ഇനിയും എത്രയോ വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കാമെന്നാണ് കരുതുന്നത്. ഇപ്പോഴും പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രസ്തുത പദ്ധതിയുടെ സുരക്ഷാ പരീക്ഷണങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കെ റെയില്‍ പദ്ധതി വരുന്നതോടെ കേരളത്തിലെ യാത്രാ വഴികള്‍ മാറുമെന്നാണ് കണക്കാക്കുന്നതെന്നും 2025 ആകുമ്പോഴേക്കും പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമെന്നും അജിത് കുമാര്‍ പറഞ്ഞു.
കെ എം എ ജോയിന്റ് സെക്രട്ടറി അല്‍ജിയേഴ്സ് ഖാലിദ് നന്ദി പറഞ്ഞു.

Eng­lish Sum­ma­ry : krail project pan­el discussion

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.