യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം പ്രതി റിമാന്‍ഡില്‍: ആയുധശേഖരം കണ്ടെടുത്തു

Web Desk
Posted on February 20, 2019, 10:10 pm

പെരിയ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് അറസ്റ്റിലായ പ്രതി എ പീതാംബരനെ ഹോസ്ദുര്‍ഗ് ഫസ്റ്റ്ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്ന് കോടതി റിമാന്റ് ചെയ്തു. ആക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ്. പ്രതി കുറ്റം സമ്മതിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

ഒന്നാം പ്രതി ഇരുമ്പ് പൈപ്പ് കൊണ്ടും മറ്റുള്ളവര്‍ വാള്‍കൊണ്ടും അക്രമിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതി കുറ്റം സമ്മതിച്ചു. നാല് ജി ഐ പൈപ്പും വടിവാളും കല്യോട്ട് ശാസ്ത ഗംഗാധരന്‍നായരുടെ വീട്ടുവളപ്പില്‍ നിന്ന് കണ്ടെത്തി. പ്രതി എ പീതാംബരനെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയതിന് ശേഷം ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

കേസില്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്ന് പൊലീസ് കോടതിയില്‍ ബോധിപ്പിച്ചു. കൂടുതല്‍ പ്രതികളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മുറിവുകള്‍ മാരകമെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. പീതാംബരനുമായി പൊലീസ് ബുധനാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. കൃത്യത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. വെട്ടാന്‍ ഉപയോഗിച്ച വാളും മര്‍ദിക്കാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡുകളുമാണ് ലഭിച്ചത്.

ആയുധങ്ങള്‍ പ്രതി തിരിച്ചറിഞ്ഞു. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ചൊവ്വാഴ്ചയാണ് പീതാംബരനെ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കു വേണ്ടി പ്രാദേശിക പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്ന ആറംഗ സംഘവും കസ്റ്റഡിയിലുണ്ട്. പീതാംബരനും കസ്റ്റഡിയിലുള്ള രണ്ടുപേരുമാണ് കൊലനടത്തിയതെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു.