Saturday
14 Dec 2019

കൃഷ്ണാനയും മിരായയും ദുബായിലെ കാരുണ്യത്തിടമ്പുകളായി

By: Web Desk | Sunday 9 September 2018 8:44 AM IST


krishnaya nad miraya

ദുബായ്: മഹാപ്രളയം തീര്‍ത്ത ദുരിതക്കയത്തിലായവര്‍ക്ക് സഹായമെത്തിക്കാന്‍ നൂതനമാര്‍ഗം കണ്ടെത്തിയ കൃഷ്ണാന-മിരായ സഹോദരിമാര്‍ പ്രവാസി മനസുകളിലെ കാരുണ്യത്തിടമ്പുകളായി.
പ്രളയജലത്തില്‍ മുങ്ങിപ്പൊങ്ങുന്ന മനുഷ്യജീവനുകളുടെയും സര്‍വവും തകര്‍ത്തെറിഞ്ഞുപായുന്ന വെള്ളപ്പൊക്കത്തിന്റെയും ദൃശ്യങ്ങള്‍ ടിവിയില്‍ കണ്ടും പത്രങ്ങളില്‍ വായിച്ചുമുള്ള അറിവേ അവര്‍ക്കുണ്ടായിരുന്നു. രാക്ഷസപ്രളയത്തെക്കുറിച്ച് മലയാളിയായ പിതാവ് നിതിന്‍ രാജഗോപാലനും പഞ്ചാബിയായ മാതാവ് മേഘാകപൂറും തമ്മില്‍ സംസാരിക്കുന്നത് കേട്ടാണ് ഒമ്പതുകാരിയായ കൃഷ്ണാനയിലും ഏഴ് വയസുള്ള മിരായയിലും സഹജീവികളെ സഹായിക്കാനുള്ള പ്രചോദനം ഉണര്‍ന്നത്. പിന്നെയൊട്ടും വൈകിയില്ല സഫാ കമ്മ്യൂണിറ്റി സ്‌കൂളിലെ ഈ കുരുന്നുകള്‍ നേരെ അടുക്കളയിലേക്ക് 200 വാനിലാ കപ്പ് കേക്കുകള്‍ അവര്‍ തന്നെയുണ്ടാക്കി.
തങ്ങളുടെ ദൗത്യത്തെക്കുറിച്ചെഴുതിയ പാത്രങ്ങളുടെ മേല്‍മൂടിയില്‍ നന്ദിവാചകവും എഴുതിയിരുന്നു. കേക്കൊന്നിന് 100 രൂപയാണ് വിലയിട്ടിരുന്നത്. ലേക്‌സ് ആന്‍ഡ് മെഡോ പ്രദേശത്തെ ഓരോ വാതിലിലും അവര്‍ മുട്ടി വിളിച്ചു. കുരുന്നു മനസുകളിലെ കാരുണ്യസ്പര്‍ശം വീട്ടുകാരെ വികാരാധീനരാക്കി. ഓരോ കേക്കിനും അഞ്ഞൂറും അറുന്നൂറും രൂപ വരെ നല്‍കിയവരുണ്ടായിരുന്നു. തങ്ങള്‍ സമീപിച്ച ആരും കേക്ക് വാങ്ങാതിരുന്നില്ലെന്നായപ്പോള്‍ ആ ഇളംമനസുകളില്‍ ആവേശമായി. 200 കേക്കും വിറ്റുകഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ശേഖരിച്ചത് 60,000 രൂപ.
മക്കള്‍ ജീവകാരുണ്യത്തിന്റെ കൊടിയടയാളങ്ങളായതില്‍ നിതിനും മേഘയ്ക്കും അടക്കാനാവാത്ത അഭിമാനം. ഈ പ്രായത്തില്‍ത്തന്നെ ഇരുവരും കാരുണ്യത്തിന്റെ മഹാപ്രവാഹങ്ങളാവുമ്പോള്‍ അവരുടെ മാതാപിതാക്കളായതില്‍ത്തന്നെ തങ്ങള്‍ അഭിമാനരോമാഞ്ചമണിയുന്നുവെന്നായിരുന്നു ഇരുവരുടെയും പ്രതികരണം.

Related News