Thursday
21 Feb 2019

കൃഷ്ണന്‍കുട്ടി ഇവിടെയുണ്ട്

By: Web Desk | Sunday 8 July 2018 6:20 AM IST

സുനിത ബഷീര്‍, അമ്പിളി ഗൗരി ശങ്കര്‍

വര്‍ഷങ്ങള്‍ക്ക് പിറകിലേക്ക് നോക്കി ഒളിമങ്ങാത്ത ഓര്‍മ്മകളുടെ പൂക്കാലം പേറുന്ന ഹൃദയവുമായ് എഴുപതോളം മലയാള സിനിമകളുടെ ഛായഗ്രാഹകന്‍. ടി എന്‍ കൃഷ്ണന്‍കുട്ടി ആലപ്പുഴ പൂന്തോപ്പ് വാര്‍ഡ് തൈപ്പറമ്പ് വീട്ടില്‍ 88-ാം വയസ്സിന്റെ സ്വസ്ഥജീവിതത്തിലാണ്.
1960-ല്‍ ഉദയ സ്റ്റുഡിയോയില്‍ നിര്‍മ്മിക്കപ്പെട്ട കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ ഉമ്മ’ എന്ന സിനിമ മുതല്‍ 1985-ല്‍ ജോര്‍ജ് വെട്ടം സംവിധാനം ചെയ്ത ‘മടക്കയാത്ര’യെന്ന സിനിമ വരെ ബ്ലാക്ക് ആന്റ് വൈറ്റിലും കളറിലും തിരയിളകുകയാണ് കൃഷ്ണന്‍കുട്ടിയുടെ ഓര്‍മ്മകളില്‍ .
സിനിമയെന്നത് മലയാളികള്‍ക്ക് വിദൂരമായ ഒരു സ്വപ്‌നം മാത്രമായിരുന്ന ഒരു കാലഘട്ടത്തില്‍, ടിവിയും മൊബൈലുമൊക്കെ കാഴ്ചകളുടെ കൗതുക ലോകം തുറക്കുന്നതിനും വളരെ പണ്ട്, പണ്ട്… ടി എന്‍ കൃഷ്ണന്‍കുട്ടി എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥി അടുത്ത സുഹൃത്തിന്റെ ബോക്‌സ് ക്യാമറ കണ്ട് മോഹിച്ചു പോയി. ആ കാലഘട്ടത്തിലാണ് കേരളത്തിലെ ആദ്യത്തെ സിനിമ സ്റ്റുഡിയോ (ആലപ്പുഴ ഉദയ സ്റ്റുഡിയോ )തുടങ്ങിയത്. പോലീസ് കോണ്‍സ്റ്റബിളായ അച്ഛന്‍ കല്ലേലില്‍ നാരായണപിള്ളയോട് തനിക്ക് സിനിമയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ്ആഗ്രഹമെന്ന് അദ്ദേഹം വ്യക്തമാക്കി. ആ കാലഘട്ടത്തില്‍ ‘വെള്ളി നക്ഷത്ര’മെന്ന സിനിമ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലായിരുന്നു കുഞ്ചാക്കോ. മാത്രമല്ല പോലീസുദ്യോഗസ്ഥരുമായൊക്കെ നല്ല ബന്ധത്തിലുമായിരുന്നു.. മകന്റെ ആഗ്രഹവുമായി തന്നെ സമീപിച്ച നാരായണപിള്ളയോട് ഏതിലാ താല്പര്യം എന്ന് കുഞ്ചാക്കോ ആരാഞ്ഞു. ‘ക്യാമറ’ എന്നു തന്നെയായിരുന്നു കൃഷ്ണന്‍കുട്ടിയുടെ മറുപടി. പിറ്റേന്നു തന്നെ ക്യാമറ അപ്രന്റീസായി ജോലിയില്‍ ചേരാന്‍ കുഞ്ചാക്കോ അനുവാദം കൊടുത്തു. ആ കാലഘട്ടം മുതല്‍ ഉദയായുടെ ചരിത്രത്തിനൊപ്പം നിറസാന്നിദ്ധ്യമായിതെളിഞ്ഞു നിന്നു ടി.എന്‍ കൃഷ്ണന്‍കുട്ടി എന്ന ക്യാമറമാന്‍.
1949-ല്‍ ‘വെള്ളിനക്ഷത്ര’മെന്ന ആദ്യ സിനിമ കാര്യമായി തിളങ്ങിയില്ലയെങ്കിലും അടുത്തസിനിമയായ ‘നല്ലതങ്ക’ വിജയമായിരുന്നു’. ‘ജീവിത നൗക’, ‘അവന്‍ വരുന്നു അവളും’ എന്നിവ കെ ആന്‍ഡ്‌കെ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചു. അതു കഴിഞ്ഞ് എക്‌സല്‍ പ്രൊഡക്ഷന്‍സായി’. ‘കിടപ്പാടം’ ആയിരുന്നു ആദ്യ സിനിമ – പക്ഷെ പടം പരാജയപ്പെട്ടു.ഉദയാ താല്ക്കാലികമായി അടച്ചു. നേരെ തിരുവനന്തപുരത്ത് എത്തിയ കൃഷ്ണന്‍കുട്ടി കെ.എം.കെ മേനോന്‍ നിര്‍മ്മിക്കുന്ന സിംഹള സിനിമയുടെ മേല്‍നോട്ടം ഏറ്റെടുത്തു.’സല്ലി മല്ലി സല്ലി’ എന്ന 1957 ലെ ആ സിനിമ വിജയമായിരുന്നു
ഉദയയിലെ ഉപകരണങ്ങള്‍ മദ്രാസില്‍കൊണ്ടുപോയി വാടകയ്ക്കു കൊടുക്കാമെന്ന് കുഞ്ചാക്കോ നിര്‍ദ്ദേശിച്ചതനുസരിച്ച് അപ്പച്ചനുമായി കൃഷ്ണന്‍കുട്ടി മദ്രാസിലേക്ക് തിരിച്ചു.ഈ കാലഘട്ടത്തില്‍ തമിഴ്, കന്നട, തെലുങ്ക് സിനിമകളില്‍ ഛായഗ്രാഹണ സഹായിയായി പ്രവര്‍ത്തിച്ചു. അത് കഴിഞ്ഞ്
ഉദയയുടെ രണ്ടാം വരവില്‍ ‘ഉമ്മ’ യെന്ന സിനിമയുടെ സ്വതന്ത്ര ഛായാഗ്രാഹകനായി പിന്നീട് ‘സീത’, ‘നീലി’, ‘സാലി’, ‘ഉണ്ണിയാര്‍ച്ച’, ‘പാലാട്ടു കോമന്‍’, ‘ഭാര്യ’, ‘റബേക്കാ’, ‘പഴശ്ശിരാജ’ തുടങ്ങിയ ഉദയായുടെ വിജയചിത്രങ്ങളിലെല്ലാം കൃഷ്ണന്‍കുട്ടിയായിരുന്നു ഛായാഗ്രാഹകന്‍.
1963-ല്‍ ‘പഴശ്ശിരാജ’ യുടെ ചിത്രീകരണം കഴിഞ്ഞപ്പോള്‍ കുഞ്ചാക്കോയുമായി ചെറിയൊരു ധാരണപ്പിശകുനിമിത്തം കൃഷ്ണന്‍കുട്ടിക്ക് ജോലി നഷ്ടപ്പെട്ടു. ഇന്ദുലേഖയെന്ന തന്റെ നാടകം വേദിയില്‍ ചിത്രീകരിച്ച് സിനിമയാക്കാന്‍ കലാനിലയം കൃഷ്ണന്‍ നായര്‍ കൃഷ്ണന്‍കുട്ടിയെ വിളിച്ചത് അക്കാലത്താണ്. ഈ സമയത്ത് ഉദയായുടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് മാത്യു ഹോട്ടലിലെത്തി കൃഷ്ണന്‍കുട്ടിയെ കുഞ്ചാക്കോ കാണാന്‍ വിളിക്കുന്നതായി അറിയിച്ചു. ഇന്ദുലേഖ കഴിഞ്ഞയുടന്‍ തിരികെയെത്താനാണു ക്ഷണം. രണ്ടു കന്നടപടങ്ങള്‍ക്ക് വാങ്ങിയ അഡ്വാന്‍സ് തിരികെ കൊടുപ്പിച്ച് കുഞ്ചാക്കോ ഒരാഴ്ചക്കകം കൃഷ്ണന്‍കുട്ടിയെ ആലപ്പുക്ക് കൊണ്ട് കൊണ്ടു പോന്നു.
ഈ വരവില്‍ ആദ്യ ചിത്രം ‘കാട്ടുതുളസി’യായിരുന്നു. ‘ശകുന്തള’, ‘ജയില്‍’, ‘അനാര്‍ക്കലി’, ‘തിലോത്തമ’ ,ഇത്രയും പടങ്ങള്‍ തീര്‍ന്നപ്പോള്‍ ഉദയായില്‍ തൊഴിലാളി സമരം. ഈ അവസരത്തിലാണ് കൃഷ്ണന്‍കുട്ടിയെ തേടി സത്യന്റെ കത്തു വന്നത്. അദ്ദേഹത്തിന്റെ അനുജന്‍ നേശന്‍ സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് സഹകരിക്കാനുള്ള ക്ഷണമായിരുന്നു.’ ‘ചെകുത്താന്റെ കോട്ട’ യായിരുന്നു ആ സിനിമ സത്യന്‍ നിര്‍മ്മിച്ച ‘കറുത്ത പൗര്‍ണ്ണമി ‘യിലും കൃഷ്ണന്‍കുട്ടി തന്നെയായിരുന്നു ക്യാമറക്കു പിന്നില്‍.
ശേഷമുള്ള അദ്ദേഹത്തിന്റെ ക്യാമറജീവിതം മദ്രാസ് കേന്ദ്രീകരിച്ചായിരുന്നു. ‘വിരുതന്‍ ശങ്കു’ മുതല്‍ ‘വിഷുപ്പക്ഷി’ വരെയും ‘കണ്ണൂര്‍ ഡീലക്‌സ’്, ‘കളിപ്പാവ’, ‘പുത്രകാമേഷ്ടി’, ‘പഞ്ചവടി’, ‘ലേഡീസ് ഹോസ്റ്റല്‍’, ‘പത്മവ്യൂഹം’, ‘അയലത്തെ സുന്ദരി’, ‘ടൂറിസ്റ്റ് ബംഗ്ലാവ്’, ‘കോളജ്‌ഗേള്‍’, ‘ബാബുമോന്‍’, ‘തെമ്മാടി വേലപ്പന്‍’, ‘പാദസ്വരം’, ‘യാഗാശ്വം’ എന്നിങ്ങനെ ഒരിക്കലും മറക്കാത്ത സിനിമകളുടെ ലൊക്കേഷനുകളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമാണ് ക്യഷ്ണന്‍കുട്ടി എന്ന ക്യാമറമാന്‍.
മങ്ങാത്തൊരു സൗഹൃദം ഹരിഹരനുമായി ഈ 88-ാം വയസ്സിലും ടി.എന്‍ കൃഷ്ണന്‍കുട്ടി കാത്തു സൂക്ഷിക്കുന്നു. ഉദയയ്ക്കു ശേഷം ഹരിഹരന്‍ ശശികുമാര്‍, എ ബി രാജ് എന്നിവര്‍ക്കൊപ്പമാണ് കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തത്.
ഉദയയില്‍ അപ്രന്റീസായി ജോലി ചെയ്യുന്ന കാലഘട്ടത്തില്‍ പോലീസുദ്യോഗസ്ഥനായ സത്യന്‍ തന്റെ അഭിനയ താല്‍പര്യം ക്യഷ്ണന്‍കുട്ടിയോട് തുറന്നു പറഞ്ഞിരുന്നു. പിന്നീട് കെ എം കെ മേനോന്റെ സെറ്റില്‍ ചെന്നപ്പോള്‍ അവിടെ ‘ത്യാഗസീമ’ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സത്യന്‍. തനിക്ക് അഭിനയത്തിലുള്ള താല്പര്യം. ഞാനന്നേ പറഞ്ഞതല്ലേയെന്ന് സത്യന്‍ ഓര്‍മ്മപ്പെടുത്തുകയുണ്ടായി.
തിക്കുറിശ്ശി എന്ന സിനിമാ താരത്തെ അടുത്തിടപഴകി അറിഞ്ഞ വ്യക്തിയാണ് അദ്ദേഹം. പ്രേംനസീറിന്റെ 50ഓളം സിനിമകളിലെ ഛായാഗ്രഹകന്‍ കൃഷ്ണന്‍കുട്ടിയാണ്- ഏവരോടും ‘അസ്സേ’ എന്നു വിളിച്ച് സ്‌നേഹപൂര്‍വ്വം ഇടപെടുന്ന പ്രേംനസീര്‍ കൃഷ്ണന്‍കുട്ടിക്കും പ്രിയങ്കരനായിരുന്നു.
1975 മുതല്‍ 1978 വരെയുള്ള കാലഘട്ടങ്ങളില്‍ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള ക്യാമറമാനായിരുന്നു കൃഷ്ണന്‍കുട്ടി .1972-ല്‍ കാലചക്രം എന്ന സിനിമയില്‍ ഒരു കടത്തുകാരന്റെ വേഷം ചെയ്യാനെത്തിയപയ്യനെ കൃഷ്ണന്‍കുട്ടി ഓര്‍ക്കുന്നു. മുഹമ്മദ്കുട്ടി എന്ന മമ്മൂട്ടിയെ ആദ്യമായി സിനിമയില്‍ പകര്‍ത്തിയത് ഇദ്ദേഹമാണ്.
ഭാര്യ ലളിതമ്മ മക്കള്‍ ഹരികൃഷ്ണന്‍, ജയകൃഷ്ണന്‍, ജ്യോതികൃഷ്ണ, കൊച്ചു മക്കള്‍ എന്നിവരോടൊപ്പം ജീവിത സായാഹ്നത്തിലും അദ്ദേഹം സന്തോഷവാനാണ്.
ഒരു കാലഘട്ടത്തില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ടി.എന്‍ കൃഷ്ണന്‍കുട്ടിയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നല്കി ആദരിച്ചിട്ടുണ്ടോയെന്ന് മലയാള ചലച്ചിത്ര ലോകവും സര്‍ക്കാരും ഈ വൈകിയ വേളയിലെങ്കിലും ചിന്തിക്കേണ്ടതാണ്. ആരോടും പരിഭവമില്ലാതെ സാര്‍ത്ഥമായ തന്റെ ജീവിതത്തിലെ പുഷ്‌ക്കലമായ ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മകളില്‍ ശിഷ്ടജീവിതം ആഹ്‌ളാദകരമായി കൊണ്ടാടുന്ന തിരക്കിലാണ് ക്യഷ്ണന്‍കുട്ടി.