കരിമീനിന്റെ ചാകരയ്ക്കായി കൃഷി വിജ്ഞാന കേന്ദ്രം 

Web Desk
Posted on July 12, 2018, 6:24 pm
കൊച്ചി: കരിമീൻ വിത്തുൽപാദന രംഗത്ത് സംരംഭകരെ സൃഷ്ടിക്കാനുള്ള ശ്രമവുമായി എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ). ജില്ലയിൽ കരിമീൻ കൃഷി വ്യാപകമാകുന്നതോടെ വിത്തുകളുടെ ലഭ്യത കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് സിഎംഎഫ്ആർഐക്ക് കീഴിൽ പ്രവർത്തിക്കുന്ന കെവികെ ഈ മേഖലയിൽ സംരംഭകരാകാൻ താൽപര്യമുള്ളവരെ സഹായിക്കാൻ രംഗത്ത് വരുന്നത്. വിത്തുൽപാദനത്തിന് അമ്പത് സെന്റിൽ കുറയാത്ത ഓരുജല കുളങ്ങൾ ലഭ്യമാക്കാൻ കഴിയുന്നവരെയാണ് സംരംഭകരാകാൻ പരിശീലിപ്പിക്കുന്നത്. സംരംഭകരാകാൻ താൽപര്യമുളളവരെ സൗജന്യമായി പരിശീലിപ്പിക്കുന്നതിനായി ഈ മാസം 31 മുതൽ ആഗസ്ത് 2 വരെ കരിമീൻ വിത്തുൽപാദന സംരംഭകത്വ പരിപാടി സംഘടിപ്പിക്കും. ഹൈദരാബാദിലുള്ള ദേശീയ മത്സ്യവികസന ബോർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് പരിപാടി. കരിമീൻ കൃഷിക്ക് ഗുണനിലവാരമുള്ള വിത്തുകളുടെ ലഭ്യത കുറവ് ഒരു പ്രതിസന്ധിയായി തുടരുമ്പോഴാണ് കെവികെയുടെ നീക്കം ശ്രദ്ധേയമാകുന്നത്. സംസ്ഥാനത്ത് കരിമീനിന്റെ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാനുള്ള പ്രാരംഭ നടപടിയാണിത്. 
 
സ്വന്തമായി കരിമീൻ വിത്തുൽപാദന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പ്രാപ്തമാക്കുന്ന നിലയിലാണ് പരിശീലനം നൽകുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർ ആരംഭിക്കുന്ന വിത്തുൽപാദന കേന്ദ്രങ്ങളെ കെവികെയുടെ ഉപഗ്രഹ വിത്തുൽപാദന കേന്ദ്രമായി അംഗീകാരം നൽകും. ഒപ്പം വിപണന സൗകര്യങ്ങളും ഒരുക്കും. സംരംഭകത്വ പരിശീലനത്തിൽ പങ്കെടുക്കാൻ ഇപ്പോൾ അപേക്ഷിക്കാം. കെവികെയുടെ വെബ്‌സൈറ്റിൽ (www.kvkernakulam.org.in) ലഭ്യമായ നിർദിഷ്ട അപേക്ഷ ഫോറത്തിൽ സീനിയർ സയന്റിസ്റ്റ് & ഹെഡ്, കൃഷി വിജ്ഞാന കേന്ദ്രം, ഞാറയ്ക്കൽ പോസ്റ്റ്, എറണാകുളം- 682505 എന്ന വിലാസത്തിൽ ഈ മാസം 25ന് മുമ്പായി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 8281757450.