ക്രിസ്‌റ്റോ ബാബുവിന് കളക്ടര്‍ ആകാന്‍ മോഹം

Web Desk
Posted on May 14, 2019, 5:58 pm
വൈദ്യുതി മന്ത്രി എം.എം മണിയോടൊപ്പം ക്രിസ്‌റ്റോയും കുടുംബാംഗങ്ങളും
നെടുങ്കണ്ടം : ചെഗ്ഗുവേരയെ ഇഷ്ടപ്പെടുന്ന ക്രിസ്‌റ്റോ ബാബുവിന് കളക്ടര്‍ ആകാന്‍ മോഹം. ശാരീരിക വൈകല്യങ്ങളെ മറികടന്ന് എസ്എസ്എല്‍സിയ്ക്ക് ഉന്നത വിജയം നേടിയ ക്രിസ്‌റ്റോയെ അഭിനന്ദിക്കുവാന്‍ എത്തിയ വൈദ്യുതി മന്ത്രി എം.എം മണിയുടെ മുമ്പിലാണ് ഭാവിയില്‍ താന്‍ ആരാകുമെന്ന കാര്യം തുറന്ന് പറഞ്ഞത്. ക്രിസ്‌റ്റോയ്ക്കും കുടുംബത്തിനും ലഭ്യമാകുന്ന എല്ലാ സര്‍ക്കാര്‍ സഹായങ്ങളും എത്തിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ക്രിസ്‌റ്റോയ്ക്കും മാതാപിതാക്കള്‍ക്കും മന്ത്രി എം.എം മണി ഉറപ്പ് നല്‍കി. പ്രോത്സാഹന സമ്മാനമായി ക്രിസ്‌റ്റോ ബാബുവിന് ഒരു പേന എം.എം മണി സമ്മാനിച്ചു. നെടുങ്കണ്ടം കോമ്പയാര്‍ വേഴപ്പറമ്പില്‍ പി.വി ബാബു-പ്രീതി ദമ്പതികളുടെ മൂത്തപുത്രനാണ് ക്രിസ്‌റ്റോ. ക്രിസ്‌റ്റോയുടെ ചികിത്സയെ സംബന്ധിച്ചും തുടര്‍ പഠനത്തെ കുറിച്ചും  കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും വിശദമായി മന്ത്രി ചോദിച്ചറിഞ്ഞു. കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ ഒന്‍പത് എ പ്ലസും, ഒരു എ ഗ്രേഡും നേടിയാണ് ക്രിസ്‌റ്റോ വിജയിച്ചത്. മുണ്ടിയെരുമ കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്്കൂളില്‍ തന്നെ തുടര്‍ വിദ്യാഭ്യാസം നടത്തണമെന്നാണ് ക്രിസ്‌റ്റേയുടെ ആഗ്രഹം.
ഹൈഡ്രോസെഫലെന്ന രോഗത്തെ തുടര്‍ന്ന് 31 ഓപ്പറേഷനുകളാണ് ഈ ചെറിയ പ്രായത്തില്‍ ക്രിസ്‌റ്റോയുടെ ചെറു ശരീരത്തില്‍ ഇതുവരെ  ചെയ്ത് കഴിഞ്ഞത്. ഹൈഡ്രോസെഫാലെന്ന രോഗത്തെ തുടര്‍ന്ന് തലയുടെ അമിത വളര്‍ച്ചയാണു ക്രിസ്റ്റോ ആദ്യം നേരിട്ട പ്രധാന പ്രശ്‌നം. പിന്നീടതു കാലുകളുടെ ബലക്ഷയമായി. ഇതോടെ പരസഹായം കൂടാതെ ചലിക്കാനാവാത്ത നിലയിലുമായി. ചക്ര കസേരയെ ആശ്രയിച്ചാണ് ക്രിസ്റ്റോ ജീവിതം തള്ളി നീക്കുന്നത്.  ക്രിസ്‌റ്റോയുടെ ചികിത്സയ്ക്കായി ലക്ഷങ്ങള്‍ ചിലവഴിച്ചു കഴിഞ്ഞു. കാര്യമായ ഒരു സര്‍ക്കാര്‍ ധനസഹായവും ഇതുവരെ ലഭിച്ചിട്ടില്ലായെന്നും വീട്ടുകാര്‍ മന്ത്രിയോട് പറഞ്ഞു. മികച്ച കര്‍ഷക അവാര്‍ഡ് നേടിയിട്ടുള്ള ബാബുവിന് ഹൃദ്രോഹം ഉണ്ടായതും കഴിഞ്ഞ പ്രളയത്തില്‍ ക്യഷി മുഴുവന്‍ നശിച്ചതും ഇളയ പെണ്‍കുട്ടിയ്ക്ക് ഹൃദയ സംബന്ധമായ രോഗത്തിന് ഓപ്പറേഷന്‍ നടത്തേണ്ടി വന്നതും ഈ കുടുംബത്തിനെ തീര്‍ത്തും തകര്‍ത്തു കളഞ്ഞു. ചെറു ജോലികള്‍ പോലും ചെയ്യുവാന്‍ ബാബുവിന് കഴിയാത്ത അവസ്ഥയിലാണ്. ് ഭാര്യ പ്രീതിയ്ക്ക് തയ്യലിലൂടെ ലഭിക്കുന്ന ചെറു വരുമാനം കൊണ്ടാണ് ഇപ്പോള്‍ ഈ കുടുംബം ജീവിതം ജീവിക്കുന്നത്.  ക്രിസ്ബിന്‍, ക്രിസ്റ്റില്‍നാ എന്നിവരാണ് ക്രിസ്‌റ്റോയുടെ സഹോദരങ്ങള്‍. ക്രിസ്‌റ്റേയുടെ അസുഖം ഭേഭമാക്കുവാന്‍ കഴിയുന്ന മിക ആശുപത്രിയില്‍ പ്രവേശിപ്പിക്കുവാനും നല്ല ചികിത്സ നല്‍കുവാനുമുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ തലത്തില്‍ ഒരുക്കുമെന്ന ഉറപ്പ് നല്‍കിയതിന് ശേഷമാണ് വൈദ്യുതി മന്ത്രി പിരിഞ്ഞത്. സിപിഎം ജില്ലാ എക്‌സിക്യുട്ടീവ് കമ്മറ്റിയംഗം പി.എന്‍ വിജയന്‍, കല്ലാര്‍ ഗവണ്‍മെന്റ എച്ച് എസ് സിലെ കായിക അദ്ധ്യാപകന്‍ റെയ്‌സണ്‍ പി. ജോസഫ് തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചു.