Web Desk

കൊച്ചി

January 14, 2020, 5:05 pm

20 കോടിയുടെ വില്‍പ്പനാലക്ഷ്യവുമായി ‘കൃതി 2020’ ഫെബ്രുവരി 6 മുതല്‍ 16 വരെ കൊച്ചിയില്‍ 

Janayugom Online

കേരള സര്‍ക്കാര്‍ സഹകരണവകുപ്പും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കൃതി അന്താരാഷ്ട പുസ്തകമേളയുടേയും സാഹിത്യ‑വൈജ്ഞാനികോത്സവത്തിന്റെയും മൂന്നാം പതിപ്പ് 2020 ഫെബ്രുവരി 6 മുതല്‍ 16 വരെ എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കുമെന്ന് സംസ്ഥാന സഹരകണ, ദേവസ്വം, ടൂറിസം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. കൃതി 2020 ഫെബ്രുവരി 6‑ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മുന്‍വര്‍ഷങ്ങളിലേതുപോലെ പുസ്തകമേള, സാഹിത്യ‑വൈജ്ഞാനികോത്സവം, സാംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യമേള എന്നിവ ഉള്‍പ്പെടുന്നതാകും കൃതി 2020. മൊത്തം 74,000 ച അടി വിസ്തൃതിയുള്ള പന്തലുകളാണ് കൃതി 2020‑നു വേണ്ടി മറൈന്‍ ഡ്രൈവില്‍ ഉയരുക. 230 സ്റ്റാളുകളിലായി ഇന്ത്യയിലും വിദേശങ്ങളിലും നിന്നുള്ള 150‑ല്‍പ്പരം പ്രസാധകര്‍ പുസ്തകമേളയില്‍ പങ്കെടുക്കും. 20 കോടി രൂപയുടെ പുസ്തക വില്‍പ്പനയാണ് ഇക്കുറി കൃതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലൂടെ 1.5 കോടി രൂപയുടെ പുസ്തക കൂപ്പണുകള്‍ വിതരണം ചെയ്യും. കുട്ടികളുടെ പുസ്തകങ്ങള്‍ക്കായി മുന്‍വര്‍ഷങ്ങളിലേതുപോലെ പ്രത്യേക വിഭാഗം സജ്ജീകരിക്കും. കുട്ടികളെ ലക്ഷ്യമിട്ട് ദിവസേനയുള്ള മാജിക് ഷോ, വായനാമത്സരം, കവിതരചനാ മത്സരം എന്നിവ ഇത്തവണത്തെ പുതുമകളാണ്. ഷോര്‍ട്ട് ഫിലിം മത്സരം, ഫോട്ടാഗ്രാഫി മത്സരം എന്നിവയും കൃതി 2020‑ന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിലെ പട്ടണങ്ങളുടെ മുന്‍കാല ഫോട്ടോകളുടെ പ്രദര്‍ശനം, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്ന പ്രദര്‍ശനം എന്നിവയും ഇത്തവണ സംഘടിപ്പിക്കുന്നുണ്ട്.

ഫെബ്രുവരി 6 മുതല്‍ 16 വരെ നടക്കുന്ന സാഹിത്യ‑വൈജ്ഞാനികോത്സവത്തിലെ 36 സെഷനുകളിലായി പ്രതിഭാറായ്, ഭൈരപ്പ, കെ. ശിവ റെഡ്ഡി, കനല്‍മൈന്തന്‍, വെങ്കിടാചലപതി, പി. സായ്‌നാഥ് തുടങ്ങിയവരും മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുമുള്‍പ്പെടെ നൂറിലേറെ സാഹിത്യ‑വൈജ്ഞാനിക പ്രതിഭകള്‍ പങ്കെടുക്കും. സാഹിത്യത്തിനു പുറമെ കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെഷനുകളും വിജ്ഞാനോത്സവത്തിന്റെ ഭാഗമാകും.

you may also like this video;

ഫെബ്രുവരി 7 മുതല്‍ 10 ദിവസം വൈകീട്ട് 7 മണി മുതല്‍ 9:30 വരെയാണ് കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറുക. ഫെബ്രുവരി 7‑ന് കാസര്‍ഗോഡ് യക്ഷരംഗ അവതരിപ്പിക്കുന്ന യക്ഷഗാനം, 8‑ന് കെപിഎസിയുടെ നാടകം, 9‑ന് കോട്ടയ്ക്കല്‍ പിഎസ് വി നാട്യസംഘം അവതരിപ്പിക്കുന്ന കഥകളി, 10‑ന് തൃശൂര്‍ കരിന്തലക്കൂട്ടത്തിന്റെ നാടന്‍പാട്ട്, 11‑ന് ലൗലി ജനാര്‍ദനന്റെ ഫ്യൂഷന്‍ മ്യൂസിക്, 12‑ന് അഷ്‌റഫ് ഹൈദ്രോസിന്റെ സൂഫി മ്യൂസിക്, 13‑ന് കല്ലൂര്‍ ഉണ്ണിക്കൃഷ്ണന്റെയും പോരൂര്‍ ഉണ്ണിക്കൃഷ്ണന്റെയും ഇരട്ടത്തായമ്പക, 14‑ന് ഡോ. വസന്തകുമാര്‍ സംബശിവന്റെ കഥാപ്രസംഗം, 15‑ന് എം കെ ശങ്കരന്‍ നമ്പൂതിരിയുടെ സംഗീതക്കച്ചേരി, 16‑ന് കൊല്ലം അഭിജിത്തിന്റെ ഗാനമേള എന്നിവയാണ് കൃതി 2020‑ന്റെ രാത്രികളെ സമ്പന്നമാക്കാന്‍ പോകുന്ന പരിപാടികള്‍. പതിനായിരം ച അടി വിസ്തൃതിയില്‍ ഒരുക്കുന്ന ഭക്ഷ്യമേളയില്‍ വിവിധ രുചിഭേദങ്ങളുമായി 12 സ്റ്റാളുകളും കൃതി 2020‑ന്റെ ഭാഗമായുണ്ടാകും.

സഹകരണ വകുപ്പു സെക്രട്ടറി മിനി ആന്റണി ഐഎഎസ്, സഹകരണ സംഘം രജിസ്ട്രാര്‍ ഡോ പി കെ ജയശ്രീ ഐഎഎസ്, അഡീഷനല്‍ രജിസ്ട്രാര്‍ എം ബിനോയ്കുമാര്‍, എസ്പിസിഎസ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍, സഹകരണ സംഘം കോട്ടയം ജോയിന്റ് രജിസ്ട്രാര്‍ വി പ്രസന്നകുമാര്‍, എറണാകുളം ജോയിന്റ് രജിസ്ട്രാര്‍ സുരേഷ് മാധവന്‍, എസ്പിസിഎസ് സെക്രട്ടറി അജിത് കെ ശ്രീധര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.