ഒരു വിഭാഗം നേതാക്കളുടെ ശക്തമായ എതിർപ്പിനെ നേരിട്ട് മുസ്ലിം ലീഗിൽ പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ നീക്കങ്ങൾക്ക് വിജയം. കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ജനറൽ സെക്രട്ടറിയായി കുഞ്ഞാലിക്കുട്ടി പക്ഷത്തെ പി എം എ സലാമിനെ വീണ്ടും തെരഞ്ഞെടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ ജനറൽ സെക്രട്ടറിയുടെ ചുമതല നിർവഹിച്ചുവരികയായിരുന്ന സലാമിന്റെ നിലപാടുകൾക്കെതിരെ നേരത്തെ തന്നെ പാർട്ടിയിൽ ശക്തമായ എതിർപ്പുകൾ ഉയർന്നിരുന്നു. എം കെ മുനീറിനെ ജനറൽ സെക്രട്ടറിയാക്കാൻ മുതിർന്ന നേതാക്കൾ ഉൾപ്പെടെ നീക്കം നടത്തിയെങ്കിലും സാദിഖലി തങ്ങളുടെ പിന്തുണയുടെയും സംസ്ഥാന കൗൺസിലിലെ ഭൂരിപക്ഷവും ഉപയോഗിച്ച് കുഞ്ഞാലിക്കുട്ടി ഇതിനെയെല്ലാം നേരിടുകയായിരുന്നു.
ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും ട്രഷറർ ആയി സി ടി അഹമ്മദലിയെയും വീണ്ടും തെരഞ്ഞെടുത്തു. ഭരണഘടനാ ഭേദഗതി പ്രകാരം പുതുതായി രൂപീകരിച്ച സെക്രട്ടേറിയറ്റിൽ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 35 പേരും സ്ഥിരം ക്ഷണിതാക്കളായി ഏഴു പേരും ഉണ്ട്.
എം കെ മുനീറിന് വേണ്ടി ഇക്കുറി ശക്തമായ കരുനീക്കങ്ങൾ ഉണ്ടായെങ്കിലും വിജയം കണ്ടില്ല. ഇ ടി മുഹമ്മദ് ബഷീർ, കെ പി എ മജീദ്, പി വി അബ്ദുൾ വഹാബ്, കെ എം ഷാജി എന്നിവരുൾപ്പെടെ മുനീർ ജനറൽ സെക്രട്ടറിയാവണമെന്ന നിലപാടിലായിരുന്നു. എന്നാൽ സ്ഥാനത്ത് പി എം എ സലാം തന്നെ തുടരട്ടെ എന്നായിരുന്നു കുഞ്ഞാലിക്കുട്ടി വിഭാഗത്തിന്റെ നിലപാട്. കുഞ്ഞാലിക്കുട്ടി തന്നെ ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും അത് നടക്കില്ലെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് മുതിർന്ന നേതാക്കൾ അടക്കമുള്ള പ്രബല വിഭാഗത്തിന്റെ എതിർപ്പിനെ നേരിട്ട് സലാമിനെ തന്നെ പദവിയിലേക്ക് കൊണ്ടുവരാൻ കുഞ്ഞാലിക്കുട്ടി ശ്രമം നടത്തിയത്.
പാർട്ടി ഫണ്ട്, ചന്ദ്രിക വിഷയം എന്നിവ ഉൾപ്പെടെ നിരവധി ആരോപണങ്ങൾ കുഞ്ഞാലിക്കുട്ടിക്കെതിരെ എതിർവിഭാഗം ഉയർത്തിക്കൊണ്ടുവന്നിരുന്നു. എന്നാൽ സാദിഖലി തങ്ങളെ കൂട്ടുപിടിച്ച് ഇതിനെയെല്ലാം മറികടക്കുകയായിരുന്നു. എം കെ മുനീറിന്റെ പേര് സ്ഥാനത്തേക്ക് ഉയർന്നതോടെ പ്രധാന ഭാരവാഹികളെയെല്ലാം സാദിഖലി തങ്ങൾ മലപ്പുറത്തേക്ക് വിളിച്ചുവരുത്തുകയും അഭിപ്രായം ആരായുകയും ചെയ്തിരുന്നു. കമ്മിറ്റി തെരഞ്ഞെടുപ്പിൽ മത്സരമുണ്ടാകില്ലെന്നും അത് ലീഗ് കീഴ്‍വഴക്കമല്ലെന്നും സാദിഖലി തങ്ങൾ കഴിഞ്ഞ ദിവസം പ്രതികരിക്കുകയും ചെയ്തിരുന്നു. സംസ്ഥാന കൗൺസിൽ ചേരുന്നതിന് മുമ്പായി മുൻ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ കൗൺസിലുകൾ ചേരാതെ സംസ്ഥാന കൗൺസിൽ ചേരുന്നതിനെതിരെ ഹംസ കോടതിയെ സമീപിച്ചിരുന്നു. മുമ്പ് സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോൾ പ്രവർത്തക സമിതിയിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയയാളാണ് ഹംസ.
English Summary; KS Hamza was dismissed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.