കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വ്യവസായ വകുപ്പിന് കീഴിലുള്ള കേരള ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് (കെഎസ്ഡിപി) ഒറ്റ ദിവസം കൊണ്ട് ഒരുലക്ഷം ബോട്ടിൽ ഹാൻഡ് സാനിറ്റൈസർ നിർമ്മിച്ചു. കൊറോണ രോഗം വ്യാപിക്കുകയും സാനിറ്റൈസറിന് ആവശ്യക്കാർ ഏറുകയും ചെയ്ത സാഹചര്യത്തിലാണ് ഒരാഴ്ചക്കുള്ളിൽ നിർമ്മാണം പല മടങ്ങായി വർദ്ധിപ്പിച്ചത്. ഇതോടെ വിതരണം വിപുലമാക്കാൻ സാധിച്ചു. അടിയന്തര സാഹചര്യത്തിൽ നാടിനു വേണ്ടി ഒരു പൊതുമേഖലാ സ്ഥാപനത്തിന് എത്ര ഫലപ്രദമായി ഇടപെടാൻ കഴിയുമെന്ന് കാണിച്ചു കൊടുക്കുകയാണ് കെഎസ്ഡിപി.
കൊറോണ പടർന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തമാക്കാൻ സംസ്ഥാന ഗവൺമെന്റ് ആവശ്യപ്പെട്ട പ്രകാരമാണ് കെഎസ്ഡിപി ഹാൻഡ് സാനിറ്റൈസർ നിർമ്മാണം തുടങ്ങിയത്. തുടക്കത്തിൽ രണ്ടായിരം ബോട്ടിൽ മാത്രമാണ് തയ്യാറാക്കിയത്. കെഎസ്ഡിപി തയ്യാറാക്കിയ സാനിറ്റൈസർ തുടക്കത്തിൽ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് (കെഎംഎസ് സിഎൽ) മാത്രമായിരുന്നു നൽകിയത്. സർക്കാർ മെഡിക്കൽ കോളജുകളിലും മറ്റു സർക്കാർ ആശുപത്രികളിലും സൗജന്യമായി വിതരണം ചെയ്യാനായിരുന്നു ഇതുപയോഗിച്ചത്. ഉല്പാദനം വർദ്ധിപ്പിച്ച സാഹചര്യത്തിൽ വെള്ളിയാഴ്ച തദ്ദേശ സ്ഥാപനങ്ങൾ, കെഎസ്ഇബി, കെഎസ്ആർടിസി, വനിതാ ശിശുക്ഷേമ വകുപ്പ്, സപ്ലൈകോ തുടങ്ങിയവർക്കും സാനിറ്റൈസർ നൽകി.
കെഎസ്ഡിപിയിൽ മൂന്ന് ഷിഫ്റ്റുകളിലായി ഇരുനൂറിലധികം പേർ ജോലി ചെയ്താണ് ഒരു ലക്ഷം സാനിറ്റൈസർ നിർമ്മിച്ചത്. മറ്റു മരുന്ന് നിർമ്മാണങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് മുഴുവൻ ജീവനക്കാരെയും സാനിറ്റൈസർ നിർമ്മാണത്തിന് നിയോഗിച്ചിരിക്കുകയാണ്. അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യം കാരണം നിർമ്മാണം മുടങ്ങുന്ന സ്ഥിതിയുണ്ടായിരുന്നു. അസംസ്കൃത വസ്തുക്കൾ നൽകിയ സ്വകാര്യ കമ്പനികൾ വില വൻതോതിൽ വർദ്ധിപ്പിച്ചതാണ് തിരിച്ചടിയായത്. ഈ സാഹചര്യത്തിൽ എക്സൈസ് വകുപ്പിൽ നിന്ന് ആവശ്യമായ അസംസ്കൃത വസ്തു ലഭ്യമാക്കുകയായിരുന്നു.
English Summary; KSDP has produced 100000 sanitizers in a day
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.