കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കെഎസ്ഡിപി നിർമിക്കുന്ന സാനിറ്റൈസറിന് ആവശ്യക്കാരേറി. ആദ്യ ബാച്ചിലെ ഉൽപ്പന്നങ്ങളെല്ലാം വിറ്റുതീർന്നു. ഒരു ലക്ഷം യൂണിറ്റ് ഉല്പാദിപ്പിക്കാനായിരുന്നു ആദ്യം കെഎസ്ഡിപി ലക്ഷ്യം വച്ചിരുന്നതെങ്കിലും ആരോഗ്യവകുപ്പിൽ നിന്ന് കൂടുതൽ ആവശ്യമുണ്ടെന്ന അറിയിപ്പ് ഇപ്പോൾ ലഭിച്ചിരിക്കുകയാണെന്ന് ചെയർമാൻ സി ബി ചന്ദ്രബാബു പറഞ്ഞു.
ഒരു ലക്ഷം യൂണിറ്റ് കൂടി കൂടുതലായി നിർമിച്ച് നൽകണമെന്നാ ആരോഗ്യ വകുപ്പ്ആ വശ്യപ്പെട്ടിരിക്കുന്നത്. സാനിറ്റൈസറിന്റെ ലഭ്യതക്കുറവും അമിത വിലയും നിയന്ത്രിക്കുന്നതിനായാണ് സർക്കാർ നിർദ്ദേശിച്ചത് പ്രകാരം കെഎസ്ഡിപി സാനിറ്റൈസർ നിർമാണം തുടങ്ങിയത്. നിലവിൽ പ്രതിദിനം 5000 യൂണിറ്റ് ആണ് കെഎസ്ഡിപി ഉൽപ്പാദിപ്പിക്കുന്നത്. ഇത് ദിവസം പതിനായിരമോ പതിനയ്യായിരമോ യൂണിറ്റ് ആക്കി ഉയർത്താനാണ് കെഎസ്ഡിപിയുടെ തീരുമാനം. 24 മണിക്കൂർ ഉല്പാദനം വഴി ചുരുങ്ങിയ സമയത്തിനുള്ളിൽ ആവശ്യക്കാർക്ക് സാനിറ്റൈസർ നിർമിച്ച് നൽകാനാണ് ശ്രമിക്കുന്നത്.
ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിട്ടുള്ള ഫോർമുല അടിസ്ഥാനപ്പെടുത്തിയാണ് ആലപ്പുഴ പാതിരപ്പള്ളിയിലുള്ള കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് സാനിറ്റൈസർ ഉല്പാദനം ആരംഭിച്ചത്. ഇതിനകം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ കെഎംഎസ്സിഎൽ മുഖേന സാനിറ്റൈസർ എത്തിച്ചു. മാർക്കറ്റിലുള്ള സാനിറ്റൈസറുകളുടെ വിലയുടെ മൂന്നിലൊന്നേ കെഎസ്ഡിപി ഈടാക്കുന്നുള്ളൂ എന്നതാണ് ഏറെ ശ്രദ്ധേയം. ഇപ്പോൾ സർക്കാർ വിതരണത്തിനുള്ളതിനാണ് മുൻതൂക്കം നൽകിയിട്ടുള്ളത്. പൊലീസ് വകുപ്പിന്റെ നിർദ്ദേശ പ്രകാരം നിശ്ചിത യൂണിറ്റ് സാനറ്റൈസർ അവർക്ക് നൽകി. ഹൈക്കോടതി രജിസ്ട്രാറിൽ നിന്നും ഇപ്പോൾ ഓർഡർ ലഭിച്ചിട്ടുണ്ട്. കൂടാതെ എജി യുടെ ഓഫീസ്, കെ എസ് ആർ ടി സി, സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നീ മേഖലകളിൽ നിന്നും സാനിറ്റൈസർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ആവശ്യങ്ങൾക്കാണ് പ്രാമുഖ്യമെന്ന് സി ബി ചന്ദ്രബാബു പറഞ്ഞു. നിലവിൽ സാനിറ്റൈസർ നിർമാണത്തിന് ആവശ്യമായ ആൽക്കഹോൾ ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇത് മറികടക്കാനുള്ള ശ്രമമാണ് കെഎസ്ഡിപി ചെയ്ത് വരുന്നത്.