August 9, 2022 Tuesday

ജോലിക്ക് ആനുപാതികമായ വിശ്രമം എന്ന വനപാലകരുടെ ആവശ്യം നടപ്പിലാക്കണം: കെ എസ് എഫ് പി എസ് ഒ

Janayugom Webdesk
December 17, 2019 7:58 pm

കോഴിക്കോട്: കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളത്തിൽ വനം മന്ത്രി പ്രഖ്യാപിച്ചതും നയപരമായി അംഗീകരിച്ചിട്ടുള്ളതുമായ ജോലിക്ക് ആനുപാതികമായ വിശ്രമം എന്ന വനപാലകരുടെ ആവശ്യം ഉത്തരവിലൂടെ ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓർഗനൈനേഷൻ (കെ എസ് എഫ് പി എസ് ഒ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നില നിൽക്കുന്ന ആശങ്കകൾ ദുരീകരിച്ച് സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് മുഖേന നടപ്പിലാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു.

പതിനൊന്ന് ലക്ഷത്തോളം വരുന്ന ജീവനക്കാരും പെൻഷൻകാരുമടങ്ങുന്ന വിഭാഗത്തിൽ നിന്നും വാങ്ങുന്ന പ്രതിമാസ ഗഡുവായ മുന്നൂറ് രൂപ പ്രകാരം മുപ്പത്തിമൂന്ന് കോടിയിലേറെ രൂപ ഇതിലൂടെ സർക്കാർ ഖജനാവിലെത്തിച്ചേരുകയും പത്ത് ശതമാനത്തിൽ താഴെ മാത്രം ചികിത്സാ സഹായം ആവശ്യമായി വരുന്ന നമ്മുടെ സംസ്ഥാനത്ത് ബാക്കി പണം വിവിധ സർക്കാർ പദ്ധതികൾക്കായി വിനിയോഗിക്കാനും കഴിയും എന്നതിനാൽ മെഡിസെപ്പ് പദ്ധതി ജീവനക്കാരുടെ ആശങ്കകളകറ്റി ഇൻഷ്വറൻസ് വകുപ്പ് മുഖേന നടപ്പാക്കേണ്ടതാണ്. ഓണം കൃസ്തുമസ് ബക്രീദ് പോലുള്ള വിശേഷ ദിനങ്ങളിൽ സ്വന്തം കുടുംബത്തോടൊപ്പം ആഘോഷം നടത്താനാകാതെ ജോലി ചെയ്യണ്ടി വരുന്ന വനപാലകർക്ക് ഇതര യൂണിഫോം വിഭാഗം ജീവനക്കാർക്ക് നൽകി വരുന്നതു പോലെ പ്രത്യേക അവധി ദിന വേതനം അനുവദിച്ച് നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

രണ്ട് ദിവസങ്ങളിലായി കോഴിക്കോട് ടൗൺഹാളിലെ ബാലചന്ദ്രൻ പൂത്തൂർ നഗറിൽ നടന്ന സമ്മേളനം പുതിയ സംസ്ഥാന കമ്മിറ്റിയുടേയും ഭാരവാഹികളുടെയും തെരഞ്ഞെടുപ്പോടെ ഇന്നലെ വൈകീട്ട് സമാപിച്ചു. ഭാരവാഹികൾ: എൻ ടി സാജു (പ്രസിഡണ്ട് ), ടി വിജയൻ (ജനറൽ സെക്രട്ടറി), സജി ജോൺ (ട്രഷറർ).

ടി വിജയൻ (ജനറൽ സെക്രട്ടറി)

എൻ ടി സാജു (പ്രസിഡണ്ട് )

സജി ജോൺ (ട്രഷറർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.