Web Desk

കാഞ്ഞങ്ങാട്‌

February 09, 2021, 7:12 pm

ചിത്താരി ക്ഷീര സംഘത്തിന്‌ വര്‍ഗീസ്‌ കുര്യന്‍ പുരസ്‌കാരം

Janayugom Online

: 2020 വര്‍ഷത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച പരമ്പരാഗത ക്ഷീര സഹകരണ സംഘത്തിനുള്ള ഡോ. വര്‍ഗീസ്‌ കുര്യന്‍ പുരസ്‌കാരം ചിത്താരി ക്ഷീരസംഘത്തിന്‌ ലഭിച്ചു. ഈ മാസം 11 ന്‌ കൊല്ലത്ത്‌ സി.കേശവന്‍ മെമ്മോറിയല്‍ ഹാളില്‍ വെച്ച്‌ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാനില്‍ നിന്നും സംഘം പ്രസിഡന്റ്‌ കെ.വി കൃഷ്‌ണന്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങും. ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും ശിലാ ഫലകവുമാണ്‌ അവാര്‍ഡ്‌. സംസ്ഥാനത്തെ ക്ഷീര സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ്‌ അവാര്‍ഡ്‌ നിര്‍ണ്ണയിക്കപ്പെടുന്നത്‌. രണ്ട്‌ വര്‍ഷക്കാലമായി സംസ്ഥാനത്ത്‌ തന്നെ വളര്‍ന്നുകൊണ്ടിരിക്കുന്ന ക്ഷീരസംഘമാണ്‌ ചിത്താരി ക്ഷീരസംഘം. മികച്ച ആസൂത്രണത്തിന്റേയും പദ്ധതി വിനിയോഗത്തിന്റേയും ഫലമായി പാലളവിലും കന്നുകുട്ടി പരിപാലനത്തിലും ക്ഷീരസംഘത്തിന്റെ പ്രവര്‍ത്തനം മാതൃമാപരമായി മുന്നോട്ട്‌ പോകുന്നു. എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ അവാര്‍ഡ്‌.

പാല്‍ ഉല്‍പാദനത്തില്‍ രാവണീശ്വര മാതൃക
ഒരു വീട്ടില്‍ ഒരു പശു എന്ന പഴയ കാല കേരളീയ ഗ്രാമീണ ജീവിതരീതി രാവണീശ്വരത്ത്‌ തിരിച്ചെത്തുന്നത്‌ ചിത്താരി ക്ഷീരസംഘത്തിലൂടെ.1997 മെയ്‌ മാസം 23 ന്‌ ആറിന്‌ ക്ഷീര കര്‍ഷകരില്‍ തുടങ്ങിയ ക്ഷീര സഹകണ സംഘം ഇന്ന്‌ രാവണീശ്വരം പ്രദേശത്തെ 120 ക്ഷീര കര്‍ഷകരിലേക്ക്‌ എത്തി നില്‍ക്കുന്നു. സംഘത്തിന്റെ അതിവേഗ വളര്‍ച്ചയുടെ അംഗീകാരമായി സംസ്ഥാന അവാര്‍ഡും വന്നപ്പോള്‍ ഇരട്ടി മധുരം. പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്‌ത ഗ്രാമമായി രാവണീശ്വരം മാറിയത്‌ ചിത്താരി ക്ഷീരസഹകരണത്തിന്റെ പ്രയത്‌നം കൊണ്ട്‌ മാത്രം. 1100 ലിറ്റര്‍ പാലാണ്‌ സംഘം ദിവസവും അളന്നു വരുന്നത്‌. 230 സ്‌ക്വയര്‍ ഫീറ്റ്‌ കെട്ടിടവും സംഘത്തിന്‌ ഇന്ന്‌ സ്വന്തമായുണ്ട്‌. കൂടാതെ രണ്ട്‌ ഏക്കര്‍ 11 സെന്റ്‌ സ്ഥലത്ത്‌ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ തന്നെ മികച്ച കിടാരി പാര്‍ക്കും ചിത്താരി ക്ഷീരസഹകരണ സംഘത്തിന്‌ സ്വന്തം. മില്‍ക്ക്‌ അനലൈസര്‍ ഉപയോഗിച്ച്‌ പാലിന്റെ ഗുണനിലവാരം ഉറപ്പ്‌ വരുത്തി അര്‍ഹമായ വിലയും സംഘം ക്ഷീര കര്‍ഷകര്‍ക്ക്‌ നല്‍കി വരുന്നു. സ്വന്തമായി വാഹനമുള്ളതും സംഘത്തിന്റെ മുതല്‍കൂട്ടാണ്‌.
വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന സംഘം ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത സംഘാംഗങ്ങളുടെ മക്കള്‍ക്ക്‌ ടി.വി, പച്ചക്കറി കര്‍ഷകര്‍ക്ക്‌ ഇടനിലക്കാരില്ലാത്ത വിപണന സൗകര്യം, കോഴിവളര്‍ത്തല്‍ എന്നിങ്ങനെയാണ്‌ സംഘത്തിെന്‍റ പ്രവര്‍ത്തനങ്ങള്‍. സംഘത്തിനു കീഴിലെ കിടാരി പാര്‍ക്ക്‌ ജില്ലയ്‌ക്കു തന്നെ മുതല്‍കൂട്ടാണ്‌. ഇടനിലക്കാരെ ഒഴിവാക്കി പശുക്കളെ ഇവിടെ നിന്ന്‌ വാങ്ങാം. ഏഴ്‌ മുതല്‍ 15 മാസം വരെ പ്രായമുള്ള കിടാരികളെ വാങ്ങി വളര്‍ത്തി പ്രസവിക്കുമ്പോള്‍ പശുവിനെയും കിടാവിനെയും ക്ഷീരകര്‍ഷകര്‍ക്ക്‌ വില്‍ക്കുന്ന പദ്ധതിയാണിത്‌. ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്കും ചീമേനിയിലെ തുറന്ന ജയിലിലേയ്‌ക്കും ഇവിടെ നിന്ന്‌ പശുക്കളെ വില്‍പന നടത്തുന്നു. തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി, കര്‍ണാടകയിലെ ചിന്താമണി എന്നിവിടങ്ങളില്‍ നിന്നാണ്‌ കിടാരികളെ ആദ്യഘട്ടത്തില്‍ പാര്‍ക്കില്‍ എത്തിച്ചത്‌. ഒരു പശുവിനു 45000 മുതല്‍ 75000 വരെയാണ്‌ വില. മുന്‍പ്‌ ജില്ലയിലെ ക്ഷീരകര്‍ഷകര്‍ തമിഴ്‌നാട്‌, കര്‍ണാടക തുടങ്ങി ഇതര സംസ്ഥാനങ്ങളില്‍ നിന്ന്‌ പശുക്കളെ വാങ്ങുമ്പോള്‍ ഇടനിലക്കാരുടെ ചൂഷണം പതിവായിരുന്നു. ഇത്‌ ഒഴിവാക്കാനായി. പുല്‍കൃഷി പ്രോത്സാഹനം, കര്‍ഷക ആവശ്യം പരിഗണിച്ച്‌ കുറഞ്ഞ വിലയ്‌ക്ക്‌ വൈക്കോലും, കുറഞ്ഞ പലിശ നിരക്കില്‍ പശുവിനെ വാങ്ങാന്‍ വായ്‌പയും നല്‍കി വരുന്നു. എ.ഐ.ടി.യു സി ജില്ലാ സെക്രട്ടറി കെ. വി കൃഷ്‌ണന്‍ പ്രസിഡണ്ടായ ഭരണസമിതിയാണ്‌ സംഘത്തെ നയിക്കുന്നത്‌. ബി. പ്രജീഷ്‌ സെക്രട്ടറി