Janayugom Online
temple 1

പരിവര്‍ത്തനങ്ങളുടെ വിളംബരങ്ങള്‍

Web Desk
Posted on November 12, 2018, 5:01 pm

നവംബര്‍ 12 ക്ഷേത്രപ്രവേശനവിളംബരദിനം

പി കെ സബിത്ത്

ഇരുപതാം നൂറ്റാണ്ടിനെ പരിവര്‍ത്തന യുഗമെന്നാണ് വിശേഷിപ്പിക്കാറുള്ളത്. സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടാണ് പരിവര്‍ത്തനയുഗമായ ഇരുപതാം നൂറ്റാണ്ടിലേക്ക് എത്തിയത്. ഈ കാലഘട്ടത്തില്‍ ഏറെ പ്രസക്തിയോടെ സമൂഹം ചര്‍ച്ച ചെയ്ത ഒന്നായിരുന്നു കേരളത്തിലാകെ ശക്തമായി നിലയുറപ്പിച്ച ഉച്ഛനീചത്വങ്ങള്‍. ഇതിനെതിരായുള്ള മുന്നേറ്റങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യതയും സാമൂഹികമായ മാറ്റത്തിന്റെ പ്രകടമായ ഉദാഹരണവുമാണ്. 1936 ല്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രങ്ങളിലും അവര്‍ണര്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് രാജാവിനെ ഉപദേശിച്ചു. 1936 നവംബറില്‍ ഒരു രാജകീയ വിളംബരം മുഖേന തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും അവര്‍ണര്‍ക്കായി തുറക്കപ്പെട്ടു. രാജ്യത്ത് ഒട്ടാകെയുള്ള ദേശാഭിമാനികള്‍ ഈ രാജകീയ വിളംബരത്തെ മുക്തകണ്ഠം പ്രശംസിച്ചു. ഈ വിളംബരം മനുഷ്യരാശിയുടെ ഹൃദയത്തില്‍ നിന്നും ഒരിക്കലും മാഞ്ഞുപോകില്ലെന്ന് മഹാത്മാഗാന്ധി അഭിപ്രായപ്പെട്ടു. 1829 ല്‍ സതി നിരോധിച്ചതിനുശേഷം സ്വാതന്ത്ര്യ പൂര്‍വ ഇന്ത്യയില്‍ നിലവില്‍ വന്ന ഏറ്റവും വലിയ സാമൂഹിക പരിഷ്‌കാരമായും ക്ഷേത്രപ്രവേശന വിളംബരം ഗണിക്കപ്പെടുന്നു.

ഉച്ഛനീചത്വങ്ങള്‍ക്കെതിരെ
ജാതീയമായി താഴെക്കിടയിലുള്ളവര്‍ക്ക് പൊതുസ്ഥലങ്ങളിലും മറ്റും പ്രവേശനം നിഷേധിച്ചിരുന്നു. അയിത്തം എന്ന ആചാരത്തിന്റെ ഭാഗമായാണ് ഇത്തരം അനാചാരങ്ങള്‍ ഹിന്ദുമതത്തില്‍ നിലനിന്നുപോന്നത്. മതപരമായ ആചാരത്തിന്റെ ഭാഗമായിരുന്നതിനാല്‍ ഇതിനെതിരെ അവര്‍ണരില്‍ നിന്നും കാര്യമായ എതിര്‍പ്പ് ഉണ്ടായിരുന്നില്ല. കീഴ്ജാതിക്കാരുടെ അവശതകള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമം തിരുവിതാംകൂറില്‍ 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ തുടങ്ങിയിരുന്നു. ഇന്നത്തെ കന്യാകുമാരി ജില്ലയില്‍ വൈകുണ്ഠസ്വാമി തുടക്കം കുറിച്ച സമത്വസമാജം ഈ ലക്ഷ്യം വച്ചതായിരുന്നു. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, ഡോ. പല്‍പു, മഹാകവി കുമാരനാശാന്‍, സി വി കുഞ്ഞുരാമന്‍, ടി കെ മാധവന്‍, അയ്യന്‍കാളി തുടങ്ങിയവരുടെ ദര്‍ശനങ്ങള്‍ ജാതിചിന്തയെ ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞു. അയ്യന്‍കാളി, ടി കെ മാധവന്‍ എന്നിവര്‍ നിയമസഭയിലും ജാതീയമായ ഉച്ഛനീചത്വങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി.

വൈക്കം സത്യഗ്രഹം
1924 ലെ വൈക്കം സത്യഗ്രഹം ക്ഷേത്രപ്രവേശനത്തിനു വഴിതെളിച്ച മറ്റൊരു സംഭവമായിരുന്നു. ക്ഷേത്രത്തിലേക്കുള്ള പൊതുവഴിയില്‍ അവര്‍ണര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചുകിട്ടാനായിരുന്നു ഈ സമരം. അമ്പലപ്പുഴയിലും തിരുവാര്‍പ്പിലും സമാനമായ സമരങ്ങള്‍ നടന്നു. മഹാത്മാഗാന്ധിയുടെ സാന്നിധ്യം വൈക്കം സത്യഗ്രഹത്തെ ദേശീയ പ്രക്ഷോഭത്തിന്റെ നിലയിലേക്ക് ഉയര്‍ത്തി. സമരത്തിന്റെ ഒടുവില്‍ വൈക്കം ക്ഷേത്രത്തിലേക്കുള്ള പൊതുവഴി അവര്‍ണര്‍ക്ക് തുറന്നുകൊടുത്തു. തിരുവിതാംകൂറിലെ ജനങ്ങള്‍ക്കിടയില്‍ ക്ഷേത്രപ്രവേശനത്തിന് അനുകൂലമായ മനോഭാവം സൃഷ്ടിക്കുന്നതില്‍ വൈക്കം സത്യഗ്രഹം വഹിച്ച പങ്ക് ഒരിക്കലും തള്ളിക്കളയാനാവില്ല.

സര്‍ സി പിയും ക്ഷേത്രപ്രവേശനവും
ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് അനവധി സമരങ്ങള്‍ പലയിടങ്ങളിലും നടന്നു. എന്നാല്‍ വിളംബരം പുറത്തിറങ്ങാന്‍ ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യരുടെ ഇടപെടല്‍ ഏറെ സ്വാധീനിച്ചതായി പറയപ്പെടുന്നു. 1932 ല്‍ സി പി മുന്‍കൈ എടുത്ത് അധികൃതരുടെ ക്ഷേത്രപ്രവേശനത്തെ പറ്റി പഠിക്കാന്‍ ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍, മഹാദേവ അയ്യര്‍, നമ്പി നീലകണ്ഠശര്‍മ തുടങ്ങിയവരെ ഉള്‍പെടുത്തി സമിതിയുണ്ടാക്കി. താഴ്ന്ന ജാതിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ക്ഷേത്രപ്രവേശനം നല്‍കേണ്ടതില്ല എന്നായിരുന്നു ആ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ചരിത്രകാരന്മാര്‍ക്കിടയില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് വിഭിന്ന അഭിപ്രായങ്ങളുണ്ട്. ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ സി പിയുടെ നിലപാട് പുരോഗമനപരമായിരുന്നുവെന്ന് ആധുനിക ചരിത്രകാരന്മാരില്‍ അധികവും സമര്‍ഥിക്കുന്നുണ്ട്.

വഴിനടക്കാനുള്ള സ്വാതന്ത്ര്യം
1932 ല്‍ ക്ഷേത്രപ്രവേശനത്തെ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് അന്നത്തെ ദിവാനായ വി എസ് സുബ്രഹ്മണ്യയ്യര്‍ അധ്യക്ഷനായുള്ള എട്ടംഗസമിതിയെ മഹാരാജാവ് നിയോഗിച്ചു. സമിതി രണ്ടുവര്‍ഷത്തെ പഠനത്തിനുശേഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പക്ഷേ റിപ്പോര്‍ട്ടില്‍ ക്ഷേത്രപ്രവേശനത്തിന് അനുകൂലമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നില്ല. അവര്‍ണരെ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ സവര്‍ണര്‍ക്ക് പരമ്പരാഗതമായുള്ള അവകാശത്തെ പിന്തുണയ്ക്കുന്ന ഉത്തരവുകളായിരുന്നു സമിതി പ്രധാനമായും ആശ്രയിച്ചത്. തീണ്ടല്‍ അവസാനിപ്പിക്കാനുള്ള നടപടി സമിതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ സാമ്പത്തികം ഉപയോഗിച്ച് നിര്‍മിക്കപ്പെട്ട റോഡുകളും പൊതുകുളങ്ങളും എല്ലാവിഭാഗം ജനങ്ങള്‍ക്കുമായി തുറന്നുകൊടുക്കണമെന്നായിരുന്നു സമിതിയുടെ ശുപാര്‍ശ. 1936 മെയ് മാസത്തില്‍ ഇത് നടപ്പിലാക്കി.

എല്ലാവരുടെയും പിന്തുണ
പുരോഗമന ചിന്താഗതിക്കാരായവരില്‍ നിന്നും ക്ഷേത്രപ്രവേശനത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. ടി കെ മാധവന്‍, മന്നത്ത് പത്മനാഭന്‍, ചങ്ങനാശേരി പരമേശ്വരന്‍ പിള്ള, സവര്‍ണ വിഭാഗത്തില്‍പെടുന്ന തുടങ്ങിയ നേതാക്കളുടെ പിന്‍തുണ ഈ മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകര്‍ന്നു. എസ്എന്‍ഡിപി യോഗവും സാധുജന പരിപാലന സംഘവും തിരുവിതാംകൂറില്‍ അയിത്തോച്ചാടനത്തിനുവേണ്ടി പ്രയത്‌നിച്ച സംഘടനകളാണ്. ഈ നിലപാടുകള്‍ക്ക് യോഗക്ഷേമസഭ, നായര്‍ സര്‍വീസ് സൊസൈറ്റി എന്നീ സവര്‍ണ സംഘടനകളും പിന്തുണ നല്‍കി.
വിവിധ തലങ്ങളിലുള്ള പ്രക്ഷോഭങ്ങളും സമരങ്ങളും ക്ഷേത്രപ്രവേശനത്തിലേക്ക് സമൂഹത്തെ നയിച്ചതാണ്. കാലോചിതമായ മാറ്റം പുരോഗമന സമൂഹത്തിന്റെ അനിവാര്യതയാണെന്ന് ബഹുഭൂരിപക്ഷത്തിനും ക്രമേണ ബോധ്യപ്പെടുകയായിരുന്നു. സവര്‍ണ മേധാവിത്വമനോഭാവത്തോടെ നിലകൊണ്ട സംഘടിത രൂപങ്ങള്‍ ക്ഷയിച്ചു തുടങ്ങിയതും ക്ഷേത്രപ്രവേശന വിളംബരത്തിലേക്ക് നയിച്ചു.