Web Desk

വണ്ണപ്പുറം

January 22, 2020, 9:03 pm

ഉപ്പുകുന്നിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്കേറ്റു

Janayugom Online

ഉപ്പുകുന്നിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്കേറ്റു ആരുടേയും പരിക്ക് ഗുരുതരമല്ല. രാവിലെ പത്തരയോടെയാണ് അപകടം. നെടുങ്കണ്ടത്ത് നിന്ന്

തൊടുപുഴയിലേക്ക് വരികയായിരുന്ന ബസ് കുത്തനെയുള്ള ഇറക്കവും ഒരുവശത്ത് കൊക്കയുമുള്ള ഭാഗത്ത് വെച്ചാണ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടത്. തിട്ടയിലിടിച്ച് ബസ് റോഡിൽത്തന്നെ മറിഞ്ഞതിനാൽ ബസ് കൊക്കയിൽ വീഴാതെ വലിയ ദുരന്തമൊഴിവാകുകയായിരുന്നു. ഡ്രൈവർ ബസ് സമീപത്തുള്ള തിട്ടയിലിടിച്ച് നിർത്താൻ ശ്രമിക്കുന്നതിനിടെ വട്ടം മറിയുകയായിരുന്നു. തൊടുപുഴ ഡിപ്പോയിലെ ഡ്രൈവർ പുഷ്പാംഗദൻ, കട്ടപ്പന സ്വദേശി ബിനിമോൾ (48), കുഴിത്തൊളു സ്വദേശി രാഘവൻ (75), ഭാര്യ പത്മിനി എന്നിവരുൾപ്പെടെ 10ഓളം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിന് കുറുകെ കിടന്ന ബസ് അഗ്നിരക്ഷാ സേനയും കരിമണ്ണൂർ പൊലീസും നാട്ടുകാരും ചേർന്ന് വലിച്ചു നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. റോഡ് തകർന്ന് കിടക്കുന്നതാണ് അപകടം സൃഷ്ടിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു.