ജനകീയം ഈ കെഎസ്ആര്‍ടിസി സോഷ്യല്‍ മീഡിയവഴിയും പരാതി പരിഹാരം

Web Desk
Posted on August 07, 2019, 9:47 pm

തിരുവനന്തപുരം: ഫാസ്റ്റ്പാസഞ്ചറുകളുടെ സര്‍വീസ് ക്രമീകരണം സംബന്ധിച്ച വസ്തുതാപരമായ പരാതികളും ക്രിയാത്മകമായ നിര്‍ദേശങ്ങളും ഫോണിലൂടെയും സോഷ്യല്‍മീഡിയ വഴിയും അറിയിച്ചാല്‍ ഉടനടി ഇടപെടാന്‍ ടൈംടേബിള്‍ സെല്ലുമായി കെഎസ്ആര്‍ടിസി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടൈംടേബിള്‍ സെല്‍ ചീഫ് ഓഫീസിലാണ് പ്രവര്‍ത്തിക്കുന്നത്. ഓഗസ്റ്റ് നാലിനുശേഷം ലഭിച്ച 320 ലേറെ പരാതികള്‍ക്ക് പരിഹാരമായിക്കഴിഞ്ഞു. ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തി സര്‍വീസുകളില്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് പദ്ധതി.
ആവശ്യമുള്ള സ്ഥലങ്ങളില്‍ കൂടുതലായി ബസുകള്‍ സജ്ജീകരിച്ചതായി കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ എം പി ദിനേശ് വ്യക്തമാക്കി. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ സര്‍വീസ് ഓപ്പറേഷന് നേതൃത്വം നല്‍കാന്‍ എല്ലാ ഡിപ്പോകളിലും പ്രത്യേകം ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിച്ചു. യാത്രാക്ലേശം മനസിലാക്കി പരിഹാരമുണ്ടാക്കാന്‍ ഓഫീസര്‍മാര്‍ അടക്കം ഫീല്‍ഡിലുണ്ട്. തിരക്കും ആവശ്യകതയും പരിഗണിച്ചാണ് ദിനംപ്രതി സര്‍വീസുകള്‍ കൂടുതല്‍ കാര്യക്ഷമമായി ക്രമീകരിക്കുന്നത്.
നാഷണല്‍ ഹൈവേയില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയും എംസി റോഡില്‍ തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുമാണ് ആദ്യഘട്ടത്തില്‍ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ ക്രോണോളജി പ്രകാരം ക്രമീകരിച്ചത്.
ഇടറൂട്ടുകളില്‍ കൂടി ഓടുന്ന സര്‍വീസുകള്‍ നിര്‍ത്തലാക്കിയിട്ടില്ല. എന്നാല്‍ ക്രോണോളജി ക്രമപ്പെടുത്തുന്നതിന് ചില ഡിപ്പോകളില്‍ നിന്നുള്ള സര്‍വീസുകള്‍ മറ്റുചില ഡിപ്പോകളുടെ ഷെഡ്യൂളുകളില്‍ ഉള്‍പ്പെടുത്തി ഓപ്പറേറ്റ് ചെയ്യും. അതുകൊണ്ടുതന്നെ ബൈറൂട്ട് ട്രിപ്പുകള്‍ നഷ്ടപ്പെടില്ല. ട്രെയിന്‍ ഗതാഗതം ഇല്ലാത്ത പ്രദേശങ്ങളില്‍ നിന്നും ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ ഒഴിവാക്കിയിട്ടില്ല. യാത്രക്കാരുടെ ആവശ്യകത ഉയര്‍ന്ന നേരത്തെ റദ്ദാക്കിയ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. വിവിധ ഡിപ്പോകളില്‍ നിന്ന് എറണാകുളം അമൃത റൂട്ടിലെ ആശുപത്രി സര്‍വീസുകളും റദ്ദാക്കിയിട്ടില്ല.
രാവിലെ അഞ്ചുമണി മുതല്‍ രാത്രി ഒന്‍പതു വരെയുള്ള സമയത്ത് 10 മിനിട്ട് ഇടവേളകളില്‍ ഓരോ ഫാസ്റ്റ് പാസഞ്ചര്‍ ബസ് തിരുവനന്തപുരം കൊല്ലം, കൊല്ലം ആലപ്പുഴ, ആലപ്പുഴ എറണാകുളം, തിരുവനന്തപുരം കൊട്ടാരക്കര, കൊട്ടാരക്കര കോട്ടയം റൂട്ടില്‍ ഇരുഭാഗത്തേക്കും സര്‍വീസ് നടത്തുന്നുണ്ട്.
തിരുവനന്തപുരം കായംകുളം, കായംകുളം എറണാകുളം, തിരുവനന്തപുരം കോട്ടയം റൂട്ടുകളില്‍ ഓരോ അര മണിക്കൂറില്‍ ഒരു ബസ് എന്ന രീതിയിലും രണ്ടു ഭാഗത്തേക്കും ലഭിക്കത്തക്കവിധം ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ഏഴുമണിവരെ ചെയിന്‍ സര്‍വീസ് ആയി ഉണ്ടായിരിക്കും.
തിരക്ക് കൂടുതലുള്ള സമയങ്ങളില്‍, പ്രത്യേകിച്ച്, രാവിലെ ഏഴു മുതല്‍ 10 വരെയും വൈകുന്നേരം മൂന്നര മണി മുതല്‍ ഏഴു വരെയുള്ള സമയത്ത് അഞ്ചു മിനിട്ട് ഇടവേളകളില്‍ ഓരോ ഫാസ്റ്റ് പാസഞ്ചര്‍ ബസ് തിരുവനന്തപുരം കൊല്ലം, കൊല്ലം ആലപ്പുഴ, ആലപ്പുഴ എറണാകുളം, തിരുവനന്തപുരം കൊട്ടാരക്കര, കൊട്ടാരക്കര കോട്ടയം റൂട്ടുകളില്‍ ഇരുഭാഗത്തേക്കും ലഭ്യമാകും വിധമാണ് ക്രമീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം കൊല്ലം, കൊല്ലം ‑ആലപ്പുഴ, ആലപ്പുഴ ‑എറണാകുളം, തിരുവനന്തപുരം ‑കായംകുളം, കായംകുളം ‑എറണാകുളം, തിരുവനന്തപുരം ‑കൊട്ടാരക്കര, കൊട്ടാരക്കര ‑കോട്ടയം എന്നീ റൂട്ടുകളില്‍ ഇരുഭാഗങ്ങളിലേയ്ക്കും ആയിട്ടാണ് ചെയിന്‍ സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
നിലവില്‍ 15 മിനിട്ട് ഇടവേളകളില്‍ ക്രമീകരിച്ചിരിക്കുന്ന സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ക്കൊപ്പം എന്‍ എച്ച്, എം സി റോഡുകളിലൂടെ ഫാസ്റ്റ് പാസഞ്ചര്‍ ചെയിന്‍ സര്‍വീസുകള്‍ ക്രമീകരിക്കുന്നത് ബസ് സ്‌റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിനും, യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിനും സഹായിക്കും. ആദ്യഘട്ട ക്രമീകരണങ്ങള്‍ക്ക് ശേഷം, എറണാകുളംകോഴിക്കോട് റൂട്ടിലും ക്രമീകരണം വരും. ഇതുപ്രകാരം, എറണാകുളംപാലക്കാട് റൂട്ടിലും പാലക്കാട്‌കോഴിക്കോട് റൂട്ടിലും ഫാസ്റ്റ് പാസഞ്ചറുകള്‍ ക്രമീകരിക്കും. സര്‍വീസുകളെ കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും നവമാധ്യമങ്ങളിലൂടെയും ഫോണ്‍ മുഖേനയും ബന്ധപ്പെടാനും അവസരമുണ്ട്. വാട്‌സാപ്പ് നമ്പര്‍ 8129562972, മൊബൈല്‍ & എസ്എംഎസ് 7025041205,

ഫേസ്ബുക് ലിങ്ക് facebook.com/KeralaStateRoadTransportCorporation.

you may also like this video