രണ്ട് ടയറുകള്‍ ഇല്ലാതെയും ബോള്‍ട്ടുകള്‍ ഇളകിയ നിലയിലും കെഎസ്ആര്‍ടിസിയുടെ യാത്ര

- ചേര്‍ത്തല ഡിപ്പോ ഡ്രൈവര്‍ സസ്പെന്‍ഷനില്‍
ആലപ്പുഴ: രണ്ട് ടയറുകള്‍ ഇല്ലാതെയും ബോള്‍ട്ടുകള്‍ ഇളകിയ നിലയിലും 38 യാത്രക്കാരുമായി കെഎസ്ആര്‍ടിസി ബസ് ഓടിയത് 29 കിലോമീറ്റര്‍ ദൂരം. ഇന്ന് രാവിലെ ചേര്‍ത്തലയില്‍ നിന്നും എറണാകുളത്തേക്ക് പോയ ബസ്സാണ് അപകടകരമായ നിലയില്‍ യാത്ര നടത്തിയത്. ഇതേ തുടര്‍ന്ന് ചേര്‍ത്തല ഡിപ്പോ ഡ്രൈവര്‍ പി എസ് ബൈജുവിനെ അധികൃതര്‍ സസ്പെന്റ് ചെയ്തു.
സിംഗിള്‍ ഡ്യൂട്ടിക്ക് ശേഷം വ്യാഴാഴ്ച വണ്ടി കൊണ്ടുവന്ന് ഡിപ്പോയുടെ വര്‍ക്ക്ഷോപ്പില്‍ ഇട്ടിരുന്നു. സ്ഥിരം ഓടിക്കുന്ന ബസായതിനാല് ഡ്രൈവര്‍ ഇതേ ബസ് തന്നെ രാവിലെ എടുത്തുകൊണ്ടുപോകുകയായിരുന്നു. സാധാരണയായി ഓട്ടം കഴിഞ്ഞാല്‍ ബസ് ഗ്യാരേജില്‍ എത്തിച്ചശേഷം വിഎസില്‍ റിപ്പോര്‍ട്ട് ചെയ്യും. വണ്ടിക്ക് എന്തെങ്കിലും കേടുപാടുകള്‍ ഉണ്ടെങ്കില്‍ അത് സംബന്ധിച്ച റിപ്പോര്‍ട്ടും നല്‍കും.പിറ്റേ ദിവസം രാവിലെ ബസ് അലോട്ട് ചെയ്തുകൊണ്ടുള്ള ലോഗ് ഷീറ്റുമായി ഗ്യാരേജിലെത്തി അലോട്ട് ചെയ്തിരിക്കുന്ന ബസിന്റെ നന്പര് നോക്കി അത് എടുത്തുകൊണ്ടുപോവുകയാണ് ഡ്രൈവറുടെ ഡ്യൂട്ടി.
സ്ഥിരം കൈകാര്യം ചെയ്യുന്ന ബസായതിനാല് അലോട്ട് ചെയ്തിരിക്കുന്ന നമ്പര്‍ നോക്കാതെ തലേദിവസം ഓടിച്ച ബസ് തന്നെ എടുത്തുകൊണ്ടുപോയി സര്‍വീസ് നടത്തി. ബസിന് ടയര്‍ ഉണ്ടോ എന്നോ അതില്‍ കാറ്റുണ്ടോ എന്നോ നോക്കാതെ തലേദിവസം ഇട്ടിരുന്ന ബസ് തന്നെ എടുത്തുകൊണ്ടുപോകുകയായിരുന്നു. ഇത് കുറ്റകരമായ അനാസ്ഥയായി കണ്ടെത്തിയാണ് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ പനങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.