കെഎസ്ആര്‍ടിസിയുടെ ഇലക്‌ട്രിക് ബസ്സുകൾ നാളെ നിരത്തിൽ

Web Desk
Posted on June 17, 2018, 11:07 am

ഇന്ധന വിലയുടെ ഷോക്കിൽ നിന്നും മോചനം നേടാൻ  കെഎസ്ആര്‍ടിസി റെഡി. കെഎസ്ആര്‍ടിസിയുടെ അവസാന പ്രതീക്ഷകളിലൊന്നായ ഇലക്‌ട്രിക് ബസ്സുകള്‍ നാളെ തിരുവനന്തപുരത്ത് ഓടിത്തുടങ്ങും. നാലുമണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ കഴിയുന്ന ഇലക്‌ട്രിക് ബസ് വിജയമെന്ന് കണ്ടെത്തിയാൽ കൂടുതൽ ബസ് വാടകക്ക് എടുത്തു ഓടിക്കാനാണ് കെ എസ് ആർ ടി സി തയ്യാറെടുക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ പതിനഞ്ചു ദിവസത്തേക്കാണ് ബസ് ഓടുക. ബിവൈഡി എന്ന ചൈനീസ് കമ്പനി  നിര്‍മ്മിക്കുന്ന ബസിന് ഇന്ധനം വേണ്ടെന്നുമാത്രമല്ല, മറ്റ് ഡീസല്‍ ബസുകളെക്കാള്‍ ശബ്ദവും കുറവാണ്. നിരത്തിലൂടെ നിശബ്ദമായി കുതിക്കുന്ന ഈ ബസ് ഭാഗ്യം കൊണ്ടുവരുമെന്നാണ് കെഎസ്‌ആര്‍ടിസിയുടെ പ്രതീക്ഷ.

നിരവധി മേന്മകളുണ്ട് ഈ സര്‍വീസിന്. ഡീസല്‍, സിഎന്‍ജി ബസ്സുകളേക്കാള്‍ റണ്ണിങ് കോസ്റ്റ് കുറവാണെന്നതും പുക മലിനീകരണം ഇല്ലെന്നതും പ്രത്യേകതയാണ്. ശബ്ദരഹിതവും എസിയുമായിരിക്കും ബസ്സുകള്‍. 40 പുഷ്ബാക്ക് സീറ്റുകള്‍, ആധുനിക സുരക്ഷ, സിസിടിവി ക്യാമറ, ജിപിഎസ്, എന്റര്‍ടെയ്ന്മെന്റ് സിസ്റ്റം എന്നിവയുമുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ എഎസ്‌ആര്‍ടിയുവിന്റെ റേറ്റ് കരാര്‍ ഉള്ള ഗോള്‍ഡ് സ്റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയാണ്  തലസ്ഥാനത്തും ട്രയല്‍ റണ്‍ നടത്തുന്നത്. കര്‍ണാടകം, ആന്ധ്ര, ഹിമാചല്‍, മഹാരാഷ്ട്ര, തെലങ്കാന എന്നിവടങ്ങളില്‍ ഇലക്‌ട്രിക് ബസ് ഓപ്പറേറ്റ് ചെയ്യുന്നതും ഇവരാണ്.