ഷാജി ഇടപ്പള്ളി

കൊച്ചി

May 11, 2020, 6:45 pm

സേവന സന്നദ്ധരായി കെ എസ് ആർ ടി സി ജീവനക്കാരും

Janayugom Online

ലോക് ഡൗൺ കാലയളവിൽ പൊതുഗതാഗതം നിരോധിച്ചുവെങ്കിലും കെ എസ് ആർ ടി സി ജീവനക്കാർ മികച്ച സേവനമാണ് ഇക്കാലയളവിൽ കാഴ്ചവച്ചിട്ടുള്ളത്. സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടാണ് വിവിധ വിഭാഗം ജീവനക്കാർ ജോലിക്കെത്തിക്കൊണ്ടിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകരെയും പ്രവാസികളെയും അതിഥി തൊഴിലാളികളെയും സർക്കാർ , ജില്ലാ ഭരണകൂടം നിർദേശപ്രകാരം ബന്ധപ്പെട്ട ഇടങ്ങളിൽ സുരക്ഷിതമായി എത്തിക്കുന്നതിൽ ഈ മേഖലയിലെ ഡ്രൈവർമാരുടെ സേവനം തികച്ചും മാതൃകാപരമാണ് . കാസർഗോഡ് മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരത്തു നിന്നും ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരെയും പിന്നീട് തുടർ പ്രവർത്തനത്തിന്റെ ഭാഗമായി കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ നിന്നും ആവശ്യമായ ആരോഗ്യപ്രവർത്തകരെ കാസർഗോഡ് എത്തിക്കുകയും തിരിച്ചും യഥാസ്ഥാനങ്ങളിൽ എത്തിക്കുന്നതിലും കെ എസ ആർ ടി സി ബസ്സുകളാണ് ഉപയോഗിച്ചത്.

നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളെ വിവിധ ക്യാമ്പുകളിൽ നിന്നും റയിൽവേ സ്റ്റേഷനുകളിൽ എത്തിക്കുന്നതിനും ഏതാണ്ട് സംസ്ഥാനത്തെ പരമാവധി ഡിപ്പോകളിലും നിന്നുള്ള ബസ്സുകളും മറ്റുമാണ് സർവീസ് നടത്തിയത്. കഴിഞ്ഞ ഏഴിന് തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളങ്ങളിൽ എത്തിച്ചേർന്ന പ്രവാസികളെ വിവിധ ജില്ലകളിലേക്കും മറ്റു കേന്ദ്രങ്ങളിലേക്കും എത്തിച്ചതും , കഴിഞ്ഞ ദിവസം മാലി ദ്വീപിൽ നിന്നും നാവികസേനയുടെ കപ്പൽ മാർഗം കൊച്ചിയിലെത്തിച്ച യാത്രക്കാരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് കളക്ടർ മാരുടെ നിർദേശപ്രകാരം യാതൊരു അസൗകര്യവുമില്ലാത്ത വിധത്തിൽ എത്തിച്ചതും കെ എസ് ആർ ടി സി ബസ്സുകളിലാണ്. ഈ ബസുകളിലെ ഡ്രൈവർമാരുടെ ഇടപെടലിനെ പറ്റി പ്രശംസനീയമായ അഭിപ്രായമാണ് യാത്രക്കാരിൽ നിന്നുമുണ്ടായിട്ടുള്ളത്.

എല്ലാ ഡിപ്പോകളിലും സർവീസ് നടത്താതെ കിടക്കുന്ന ബസ്സുകളുടെ പരിപാലനവും ടിക്കറ്റ് മെഷീൻ കൃത്യമായും വൈദ്യുതി ചാർജ് ചെയ്തു കേടുപാടുകൾ സംഭവിക്കാതിരിക്കാനും ബസ്സുകളുടെ മറ്റു അറ്റകുറ്റ പണികളും ഈ കാലയളവിൽ ജീവനക്കാർ മികച്ച രീതിയിൽ നടപ്പാക്കി വരുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹ്യാവബോധ സന്ദേശം പ്രചരിപ്പിക്കുന്ന ഹ്രസ്വചിത്രവും മാസ്ക് നിർമ്മാണവും സന്നദ്ധ സേവനവും ഉദാത്ത മാതൃകകളാണ്.

ലോക്ക് ഡൗൺ ആരംഭിച്ച മാർച്ച് 24 മുതൽ പൊതുഗതാഗത നിരോധനം തുടരുന്നതിനാൽ യാതൊരു വരുമാനവും ഈ വകയിൽ കെ എസ് ആർ ടി സി ക്ക് ലഭിക്കാതിരുന്നിട്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കോർപറേഷനിലെ 29000 ഓളം വരുന്ന ജീവനക്കാർക്കും മാർച്ച് , ഏപ്രിൽ മാസത്തെ ശമ്പളം നൽകുവാൻ മാനേജ്മെന്റും സർക്കാരും കാണിച്ച മഹത്തായ മാതൃക സർക്കാരിന്റെജീവനക്കാരോടുള്ള കരുതലാണ് വെളിവാക്കുന്നതെന്ന് കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയിസ് യൂണിയൻ (എ ഐ ടി യു സി ) സംസ്ഥാന സെക്രട്ടറി എ വി ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. താത്കാലിക ജീവനക്കാരുടെ ശമ്പളം നൽകണമെന്നതടക്കമുള്ള വിവിധ വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും എം ഡി ക്കും യൂണിയൻ കത്ത് നൽകിയിരുന്നു. അതിൽ പല കാര്യങ്ങളും നടപ്പാക്കാൻ മാനേജ്‌മന്റ് തയ്യാറായെങ്കിലും താത്കാലിക ജീവനക്കാരുടെ വേതനം നല്കാൻ നടപടി ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:KSRTC employ­ees as volunteers

You may also like this video