കെഎസ്ആര്‍ടിസിയില്‍ പരാജയപ്പെട്ടത് പ്രാകൃത മാനേജ്‌മെന്റ് തന്ത്രം

Web Desk
Posted on October 16, 2018, 11:04 pm

തൊഴിലാളികളെ തൊഴിലിടങ്ങളില്‍ നിന്ന് പുറത്താക്കി അവരുടെ സ്ഥാനത്ത് പുറംകരാര്‍ തൊഴിലാളികളെ അവരോധിക്കാനുള്ള കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നീക്കത്തെ തൊഴിലാളികള്‍ സംഘടിത ശക്തികൊണ്ട് ചെറുത്ത് പരാജയപ്പെടുത്തി. കെഎസ്ആര്‍ടിസി തൊഴിലാളികളുടെ ഈ ചരിത്രവിജയം തൊഴിലാളിവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകാമെന്ന എം ഡി ടോമിന്‍ തച്ചങ്കരിയുടെ ഔദ്ധത്യത്തിനേറ്റ കനത്ത തിരിച്ചടിയാണ്. അത് തൊഴിലാളിവര്‍ഗ ഐക്യത്തിന്റെ അപ്രതിരോധ്യതയ്ക്കുള്ള ചരിത്രസാക്ഷ്യം കൂടിയാണ്. പൊതുസേവനതുറ എന്ന നിലയില്‍ കെഎസ്ആര്‍ടിസിയുടെ നഷ്ടത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ തൊഴിലാളികളുടെയും അവരുടെ സംഘടനകളുടെയും മേല്‍ കെട്ടിയേല്‍പിക്കാനുള്ള എംഡിയുടെ ശ്രമങ്ങളാണ് ഇന്നലത്തെ സംഭവവികാസത്തോടെ തുറന്നുകാട്ടപ്പെട്ടത്. നഷ്ടത്തിന് കാരണം തൊഴിലാളികളുടെ ബാഹുല്യമാണെന്ന വാദത്തിന്റെ മുന സ്വയം ഒടിച്ചുമടക്കുകയാണ് എം ഡി ചെയ്തത്. ദീര്‍ഘകാല അവധിയെടുത്തും അനധികൃതമായി ജോലിക്ക് ഹാജരാകാതെ വിദേശത്തും മറ്റും ജോലി തേടിപ്പോയ ആയിരത്തില്‍ താഴെ ജീവനക്കാരെ കെഎസ്ആര്‍ടിസി പുറത്താക്കിയിരുന്നു. സ്ഥാപനത്തില്‍ നിയമനം നേടിയ ശേഷം അവധിയില്‍ പ്രവേശിക്കുകയും അനധികൃതമായി ജോലിക്ക് ഹാജരാകാതെയും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുകയെന്നത് സ്ഥാപനത്തോടും പണിയെടുക്കുന്ന ജീവനക്കാരോടും തൊഴില്‍രഹിതരായ യുവതലമുറയോടും പൊതുജനങ്ങളോടും പൊതുഖജനാവിനോടും കാണിക്കുന്ന വഞ്ചനയും അനീതിയുമാണ്. എന്നാല്‍ ആത്മാര്‍ഥതയോടെ നിയമാനുസൃതം പണിയെടുക്കുന്ന തൊഴിലാളികളെ ഒഴിവാക്കി തൊഴിലാളി ബാഹുല്യത്തിന്റെ പേരില്‍ നിലവിലുള്ള തസ്തികകളില്‍ പുറംകരാര്‍ നിയമനം നടത്തുന്നത് അനീതിയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് വിരുദ്ധവുമാണ്. അത് എല്ലാ അര്‍ഥത്തിലും കരിങ്കാലി പണിയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ്. അതിനാണ് തൊഴിലാളികളുടെ സമരൈക്യത്തിലൂടെ ഇന്നലെ തടയിട്ടത്.
കെഎസ്ആര്‍ടിസി തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക് മാനേജ്‌മെന്റ് അവരുടെ മേല്‍ അടിച്ചേല്‍പ്പിച്ച ഒന്നാണ്. അത് യാത്രക്കാരായ പൊതുജനങ്ങള്‍ക്ക് ദുരിതത്തിന് ഇടയാക്കിയിട്ടുണ്ട്. അതിന്റെ പാപഭാരം തൊഴിലാളികളുടെ മേല്‍ കെട്ടിയേല്‍പിക്കാന്‍ പല കോണില്‍ നിന്നും ശ്രമം ഉണ്ടായിട്ടുണ്ട്. അതിന് പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത് എം ഡി ടോമിന്‍ തച്ചങ്കരിയേയും കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന് നേതൃത്വം നല്‍കുന്നവരെയുമാണ്. വീണ്ടുവിചാരത്തോടെയും അവധാനതയോടെയും പരിഹരിക്കേണ്ട മാനേജ്‌മെന്റ് വൈദഗ്ധ്യത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ‘കൗബോയ്’ സ്റ്റൈല്‍ പരിഹാരം കാണാന്‍ നടത്തിയ ശ്രമമാണ് ജനങ്ങളെ ദുരിതത്തിലാക്കിയത്. കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക മുന്നേറ്റങ്ങളിലും സമൂഹത്തിന്റെ താഴെത്തട്ടിലുള്ള സ്ത്രീകളുടെ ശാക്തീകരണത്തിലും നിര്‍ണായക പങ്കവഹിച്ചുവരുന്ന പ്രസ്ഥാനമാണ് കുടുംബശ്രീ. സ്ത്രീകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു നല്‍കുന്നതിലും അവരുടെ നൈപുണ്യ വികസനത്തിലും കുടുംബശ്രീയുടെ സംഭാവന നിസ്തുലമാണ്. എന്നാല്‍ അറിഞ്ഞോ അറിയാതെയൊ നിലവിലുള്ള സുരക്ഷിത തൊഴില്‍ മേഖലകളില്‍ കുടുംബശ്രീ സന്നദ്ധ പ്രവര്‍ത്തകരെ വിന്യസിച്ച്, താരതമ്യേന കുറഞ്ഞ കൂലിക്ക് മറ്റെല്ലാ ആനുകൂല്യങ്ങളും നിഷേധിച്ച്, ഇരട്ട ചൂഷണത്തിനുള്ള ഉപാധിയായി കുടുംബശ്രീയെ മാറ്റുന്ന പ്രവണത വിവിധ രംഗങ്ങളില്‍ വര്‍ധിച്ചുവരികയാണ്. അതിന് കുടുംബശ്രീ ഡയറക്ടറേറ്റ് അടക്കം അറിഞ്ഞോ അറിയാതെയോ കൂട്ടുനിന്നുകൂട. കുടുംബശ്രീ ഊന്നല്‍ നല്‍കേണ്ടത് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും അത്തരത്തില്‍ മുന്നോട്ടുവരുന്ന സ്ത്രീകള്‍ക്ക് സാമ്പത്തികവും സാമൂഹ്യവുമായ സുരക്ഷിതത്വം ഉറപ്പുവരുത്താനുമാവണം. അതിനുപകരം കുടുംബശ്രീ അംഗങ്ങളെ കരുതല്‍ തൊഴില്‍ സേനയാക്കി നിലനിര്‍ത്തി പണിയെടുക്കുന്നവരുടെ തൊഴില്‍ കവര്‍ന്നെടുക്കുന്ന പ്രതിലോമ സംഘമാക്കി മാറ്റുന്നതിനെതിരെ കുടുംബശ്രീ പ്രസ്ഥാനവും അധികൃതരും ജനകീയ സര്‍ക്കാരും ജാഗ്രത പുലര്‍ത്തണം.
തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിച്ചും അവരെ സമൂഹ മധ്യത്തില്‍ പരാന്നഭോജികളായി ചിത്രീകരിച്ച് അധിക്ഷേപിച്ചും കെഎസ്ആര്‍ടിസിയെ ആര്‍ക്കും ലാഭകരമാക്കി മാറ്റാനാവില്ല. പൊതുയാത്രാ സംവിധാനങ്ങള്‍ ലോകത്തൊരിടത്തും ഒരുകാലത്തും അണ പൈസ കണക്കില്‍ ലാഭമുണ്ടാക്കുന്ന സംരംഭമായി ഉത്തരവാദപ്പെട്ട സമൂഹങ്ങള്‍ കാണുന്നില്ല. സമീപകാലത്തായി മുതലാളിത്ത രാഷ്ട്രങ്ങള്‍ പോലും പൊതുയാത്രാ സംവിധാനങ്ങള്‍ സൗജന്യ സേവനമാക്കി മാറ്റിക്കൊണ്ടിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ഇന്ധനം, പരിസ്ഥിതി സംരക്ഷണം, സാമൂഹ്യ ബന്ധങ്ങള്‍ക്ക് കൈവരുന്ന പ്രാധാന്യം എന്നിവയിലൂടെയുണ്ടാകുന്ന ‘ലാഭ’മാണ് അത്തരം സംരംഭങ്ങള്‍ വിലമതിക്കുന്നത്. അതിനുപകരം കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റ് ലാഭതാല്‍പര്യങ്ങള്‍കൊണ്ട് പൊതുസേവന തുറകളെ പകരംവയ്ക്കാന്‍ ശ്രമിക്കുന്നത് ഒരു പരിഷ്‌കൃത ജനസമൂഹത്തിന് യോജിച്ചതല്ല. നിലവിലുള്ള ആസ്തികള്‍ ഉപയോഗപ്പെടുത്തി കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റാന്‍ എങ്ങനെ കഴിയുമെന്നതിലൂടെ ആവണം കെഎസ്ആര്‍ടിസി അതിന്റെ മാനേജ്‌മെന്റ് വൈദഗ്ധ്യം തെളിയിക്കാന്‍. അത് തൊഴിലാളികളുടെ ചെലവിലാകാമെന്ന് കരുതുന്നത് പ്രാകൃത മാനേജ്‌മെന്റ് തന്ത്രമായേ ചരിത്രം വിലയിരുത്തു.