കാര്യം നഷ്ടത്തിലാണേലും ഈ സ്‌കൂളിനുമിരിക്കട്ടെ ഒരു ഗരുഡ മഹാരാജ

Web Desk
Posted on February 21, 2019, 2:10 pm

ആറ്റിങ്ങല്‍: ഇത് കെഎസ്ആര്‍ടിസിയുടെ ഗരുഡ മഹാരാജ അല്ലേ? അതേ, ഇത് ആ ബസ് തന്നെയാണ്. പക്ഷേ എന്താണ് ഈ ബസിന് സ്‌കൂളില്‍ കാര്യം. കാര്യമുണ്ട്, ഭൂപടങ്ങളും മറ്റ് ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരുന്ന സ്‌കൂള്‍ ചുമരുകളില്‍ ഇത്തരത്തില്‍ ഒരു ചിത്രം ഇടം പിടിക്കുമ്പോള്‍ ആരായാലും അമ്പരന്ന് പോകും.

ആറ്റിങ്ങല്‍ ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് ഈ സ്കാനിയ ബസ് ഇടം പിടിച്ചിരിക്കുന്നത്.  ചിത്രങ്ങള്‍  ഫേസ്ബുക്കില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ‘നാളെ ചിലപ്പോ മരത്തിലിടിച്ച കെഎസ്ആര്‍ടിസി ബസെന്നും പറഞ്ഞു വാട്‌സാപ്പില്‍ വന്നേക്കാം..’ എന്നൊരു മുന്നറിയിപ്പും ചിത്രത്തിന് തലക്കെട്ടായി നല്‍കിയിട്ടുണ്ട്.

150 ഓളം വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ആറ്റിങ്ങലിലെ ഗവ: മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. സംസ്ഥാനതലത്തിലുള്ള പൊതു വിദ്യാലയ സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഈ സ്‌കൂളിന് 5 കോടി രൂപയുടെ ധനസഹായം ലഭിച്ചിട്ടുണ്ട്. ഈ തുക ഉള്‍പ്പെടെ മൊത്തം 10 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സ്‌കൂളില്‍ നടത്തിയിരിക്കുന്നത്. രണ്ടുകോടിരൂപ വീതം എംപി, എംഎല്‍എ പ്രാദേശിക വികസനഫണ്ടില്‍ നിന്നും അനുവദിച്ചു. അവശേഷിക്കുന്ന ഒരുകോടി രൂപ പിടിഎയും അധ്യാപകരും സന്നദ്ധസംഘടനകളും പൂര്‍വവിദ്യാര്‍ഥികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്നാണ് സംഘടിപ്പിച്ചത്.

ഓരോ നിയോജക മണ്ഡലത്തിലെയും ഓരോ സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പൊതു വിദ്യാലയ സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഈ സ്‌കൂളിന് 5 കോടി രൂപ ലഭിച്ചത്. ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍നിന്ന് പാഠ്യപാഠ്യേതരമായ മികവ് കൊണ്ടും ചരിത്ര പശ്ചാത്തലം കൊണ്ടും മാതൃകയും ഉന്നത പഠനനിലവാരം കാത്ത് സൂക്ഷിക്കുന്നതുമായ സ്‌കൂളിനെ അഡ്വ. ബി സത്യന്‍ എംഎല്‍എയാണ് തെരഞ്ഞെടുത്തത്. ഇതുപ്രകാരം സ്‌കൂളിന് ഇപ്പോള്‍ പുതിയ ഭാവങ്ങള്‍ കൈവന്നിരിക്കുകയാണ്. അങ്ങനെയാണ് കെഎസ്ആര്‍ടിസി സ്‌കാനിയ സര്‍വീസായ ഗരുഡ മഹാരാജയുടെ മോഡല്‍ സ്‌കൂളില്‍ ഇടംപിടിക്കുന്നത്.