കെഎസ്ആർടിസിയെ സുസ്ഥിരമാക്കി നിലനിർത്തുന്നതിന് ബൃഹദ് പദ്ധതിയുമായി സർക്കാർ. ‘കെഎസ്ആര്‍ടിസി റീസ്ട്രക്ചര്‍ 2. 0’ എന്ന ബൃഹത് പദ്ധതിയിലൂടെ വരവുചെലവ് അന്തരം ക്രമാതീതമായി കുറച്ചുകൊണ്ട് അടുത്ത മൂന്നു വര്‍ഷത്തിനുളളില്‍ സര്‍ക്കാരിലുളള ആശ്രയം പരമാവധി കുറയ്ക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
പദ്ധതി നടപ്പിലാക്കുന്നതിന് ജീവനക്കാരുടെ പൂര്‍ണ സഹകരണവും സംതൃപ്തമായ വ്യവസായ അന്തരീക്ഷവും നിലനിര്ത്തേണ്ടതുണ്ടെന്നത് കണക്കിലെടുത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും 65 കോടി രൂപ ശമ്പളത്തിന് പുറമെ എല്ലാ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പ്രതിമാസം 1500 രൂപ വീതം ഇടക്കാലാശ്വാസം നവംബര്‍ മാസം മുതല്‍ സർക്കാർ അനുവദിച്ച് നല്‍കിയിട്ടുണ്ട്. റീസ്ട്രക്ചര്‍ 2.0 നടപ്പിലാക്കുന്നതിനായി കെഎസ്ആര്‍ടിസിയില്‍ 2016 ജൂലൈ ഒന്ന് മുതലുളള ഒന്‍പത് ഗഡു ഡിഎ കുടിശികയിൽ മൂന്നു ഗഡു ഡിഎ മാര്‍ച്ച് മാസം നല്‍കും. 2016 മുതല്‍ അര്‍ഹമായ ശമ്പളപരിഷ്ക്കരണം 2021 ജൂണ്‍ മാസം മുതല്‍ പ്രാബല്യത്തിലാകും.
എല്ലാ തലങ്ങളിലും ഒഴിഞ്ഞു കിടക്കുന്ന തസ്തികയുടെ പത്തുശതമാനമെങ്കിലും സ്ഥാനക്കയറ്റം നല്‍കുന്നത് സർക്കാർ പരിഗണിക്കും. ആശ്രിത നിയമനത്തിന് അര്‍ഹതയുളളവരെ ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗത്തില്‍ ഒഴിവുളള തസ്തികയിലേയ്ക്ക് പരിഗണിക്കും. ജീവനക്കാരുടെ ശമ്പള റിക്കവറികള്‍, ബാങ്കുകള്‍, എല്‍ഐസി, കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍, കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങളിലേയ്ക്ക് അടയ്ക്കുന്നതിനുള്ള ഇനത്തില്‍ 2016 മുതല്‍ കുടിശികയുളള 225 കോടി രൂപ ഈ വര്‍ഷം നല്‍കും. സര്‍ക്കാര്‍ ഇതുവരെ വായ്പയായി നല്കിയ 3197. 13 കോടി രൂപ സര്‍ക്കാര്‍ ഇക്വിറ്റിയായി മാറ്റണമെന്നതും അതിന്മേലുളള പലിശയും പിഴപലിശയും ചേര്‍ന്ന 961.79 കോടി രൂപ എഴുതിതള്ളണമെന്നതും തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.
കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. പിരിച്ചുവിട്ട താല്‍ക്കാലിക വിഭാഗം ഡ്രൈവര്‍, കണ്ടക്ടര്‍മാരില്‍ പത്ത് വര്ഷത്തിന്മേല് സര്‍വീസുള്ള അര്‍ഹതയുളളവരെ ആദ്യഘട്ടമായി കെയുആര്‍ടിസിയില്‍ സ്ഥിരപ്പെടുത്തും. ബാക്കി പത്ത് വര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവരെ ഘട്ടംഘട്ടമായി കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ പുനരധിവസിപ്പിക്കും. ഒരു റവന്യൂ ജില്ലയില്‍ ഒരു പ്രധാന ഡിപ്പോയില്‍ മാത്രം ഭരണനിര്‍വഹണ ഓഫീസുകളുടെ (14 ഓഫീസുകള്‍) എണ്ണം നിജപ്പെടുത്തും. പൊതുജനങ്ങള്‍ക്ക് കൂടി ഉപകാരപ്രദമാകുന്ന രീതിയില്‍ കെഎസ്ആര്‍ടിസിയുടെ 76 ഡിപ്പോകളില്‍ പൊതുമേഖലാ എണ്ണകമ്പനികളുമായി ചേര്‍ന്ന് പെട്രോള്‍, ഡീസല്‍ ഔട്ട്ലെറ്റുകള് ആരംഭിക്കും. ഇതിലേക്ക് ഏകദേശം 600 മെക്കാനിക്കല്‍ ജീവനക്കാരെ നിയോഗിക്കും.
മേജര്‍ വര്‍ക് ഷോപ്പുകളുടെ എണ്ണം 14 ആയും, സബ്ഡിവിഷന് വര്‍ക് ഷോപ്പുകളുടെ എണ്ണം ആറായും പുനര്‍നിര്‍ണയിക്കും. നിലനിര്‍ത്തുന്ന 20 വര്‍ക്ക്ഷോപ്പുകളില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കും. ഹാള്‍ട്ടിങ് സ്റ്റേഷനുകളില്‍ വൃത്തിയുളള വിശ്രമ മുറികള്‍ ക്രൂവിന് ഒരുക്കും. ഭരണവിഭാഗം ജീവനക്കാരെ അഡ്മിനിസ്ട്രേറ്റീവ്, അക്കൗണ്ടിങ് വിഭാഗങ്ങളായി പുനഃക്രമീകരിക്കും. ജീവനക്കാര്‍ക്ക് കൂടുതല്‍ പ്രൊമോഷന് സാധ്യതകള്‍ സൃഷ്ടിക്കും. കിഫ്ബിയുമായി സഹകരിച്ച് വികാസ് ഭവന് ഡിപ്പോ നവീകരണവും വാണിജ്യസമുച്ചയ നിര്‍മ്മാണവും കെടിഡിസിയുമായി സഹകരിച്ച് മൂന്നാറില്‍ ഹോട്ടല്‍ സമുച്ചയവും ആരംഭിക്കും. ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഷോപ്സ് ഓണ്‍ വീല്‍സ്, കെഎസ്ആര്‍ടിസി ലോജിസ്റ്റിക്സ്, ഡിജിറ്റല്‍ പരസ്യം തുടങ്ങിയ വിവിധ പദ്ധതികള്‍ ആരംഭിക്കും.
ENGLISH SUMMARY: ksrtc new programmes introduced
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.