Web Desk

തിരുവനന്തപുരം:

January 10, 2021, 10:13 pm

മൂന്നാറിൽ തരംഗമായി കെഎസ്ആർടിസി

സ്ലീപ്പർ ബസിനും സൈഡ് സീനിംഗ് സർവീസിനും മികച്ച പ്രതികരണം
Janayugom Online

മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി കെഎസ്ആർടിസി നടപ്പാക്കിയ സ്ലീപ്പർ ബസിനും സൈഡ് സീനിംഗ് സർവീസിനും മികച്ച പ്രതികരണം. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി ദിവസേന 100 രൂപ നിരക്കിൽ താമസ സൗകര്യം കൊടുക്കുന്ന സ്ലീപ്പർ ബസ് ആരംഭിച്ച നവംബർ 14 മുതൽ ജനുവരി 10 വരെ 2,80,790 രൂപ വരുമാനം ലഭിച്ചു. തുടർന്ന് ജനുവരി ഒന്ന് മുതൽ ആരംഭിച്ച സൈഡ് സീനിംഗ് സർവീസിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 80 കിലോമീറ്റർ സർവീസുള്ള ഇതിൽ നിന്നും കെഎസ്ആർടിസിക്ക് ദിവസേന 12,000 ത്തിലധികം രൂപയും വരുമാനം ലഭിക്കുന്നുണ്ട്. മൂന്നാറിൽ കൂടുതൽ ബസുകൾ ഇത്തരത്തിൽ സർവീസ് ആരംഭിക്കുമെന്ന് സിഎംഡി ബിജുപ്രഭാകർ അറിയിച്ചു.

നിലവിൽ ഒരു ബസിൽ 16 സ്ലീപ്പർ സീറ്റുകളാണ് ഉള്ളത്, മൂന്ന് ബസുകളിലായി 48 സ്ലീപ്പർ സീറ്റുകളിൽ ഉള്ളവയിൽ 53 സീറ്റുകൾക്ക് വരെ ദിവസേന ബുക്കിംഗ് ലഭിക്കും. ഇതിൽ നിന്നും കൂടുതൽ വരുമാനവും കെഎസ്ആർടിസിക്ക് ലഭിക്കുന്നുണ്ട്.
മൂന്നാറിന് വേണ്ടി പ്രത്യേകം രണ്ട് സൈഡിലേക്കും എട്ട് സ്ലീപ്പർ വീതമുള്ള രണ്ട് കമ്പാർട്ട്മെന്റായുള്ള ബസിന്റെ നിർമ്മാണവും ആരംഭിച്ചു കഴി‍ഞ്ഞു. മൂന്നാർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും രാവിലെ ഒമ്പത് മണിക്ക് പുറപ്പെടുന്ന സർവീസ് ടോപ്പ് സ്റ്റേഷൻ, കുണ്ടള ഡാം, എക്കോ പോയിന്റ്, മാട്ടുപെട്ടി, ഫ്ലോർ ഗാർഡൻ എന്നിവിടങ്ങളിൽ സഞ്ചാരികളെ കൊണ്ട് പോയി തിരികെ മൂന്നാർ കെഎസ്ആർടിസി സ്റ്റേഷനിൽ എത്തിക്കും.

ഓരോ പോയിന്റുകളിൽ ഒരു മണിക്കൂർ വരെ ചെലവഴിക്കാൻ അവസരം നൽകും. പുതിയതായി ടാറ്റയുടെ ടീ എസ്റ്റേറ്റിലും, ടീ മ്യൂസിയത്തും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ടീ മ്യൂസിയത്തിൽ എത്തുന്ന കെഎസ്ആർടിസി യാത്രക്കാർക്ക് പ്രത്യേക പരിഗണനയും ലഭ്യമാക്കുന്നു. കൂടാതെ ഭക്ഷണം കഴിക്കുന്നതിന് ഉൾപ്പെടെയുള്ള സൗകര്യം ഏർപ്പെടുത്തും. ഏകദേശം 80 കിലോ മീറ്ററോളം ദൂരം സഞ്ചരിക്കുന്നതിന് ഒരാൾക്ക് 250 രൂപമാത്രമാണ് ടിക്കറ്റ് നിരക്ക്. സ്ലീപ്പർ ബസിലെ താമസക്കാർക്ക് 200 രൂപമാത്രമാണ് ടിക്കറ്റ് നിരക്ക്.

ENGLISH SUMMARY: ksrtc on munnar

YOU MAY ALSO LIKE THIS VIDEO