Janayugom Online
പുതിയ കോയമ്പത്തൂര്‍ സര്‍വീസിനായി ഡിപ്പോയിലെത്തിച്ച ബസ്‌

സുല്‍ത്താന്‍ ബത്തേരിയില്‍നിന്നും കോയമ്പത്തൂരിലേക്ക് രാത്രി സര്‍വീസുമായി കെഎസ്ആര്‍ടിസി

Web Desk
Posted on August 02, 2019, 7:57 pm

കല്‍പറ്റ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സുല്‍ത്താന്‍ ബത്തേരിയില്‍നിന്നും കോയമ്പത്തൂരിലേക്കുള്ള രാത്രികാല സൂപ്പര്‍ഫാസ്റ്റ് സര്‍വീസ് യഥാര്‍ഥ്യമാക്കി കെഎസ്ആര്‍ടിസി. സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍നിന്നുള്ള രണ്ടാമത്തെ കോയമ്പത്തൂര്‍ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസിന്റെ ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് മൂന്നിന് നടക്കും.

എല്ലാ ദിവസവും രാത്രി 9.30ന് സുല്‍ത്താന്‍ ബത്തേരിയില്‍നിന്നും പുറപ്പെട്ട് പുലര്‍ച്ചെ 3.45ന് കോയമ്പത്തൂരിലെത്തുന്ന തരത്തിലാണ് പുതിയ സര്‍വീസ്. കോയമ്പത്തൂരില്‍നിന്നും തിരിച്ച് രാവിലെ 11ന് പുറപ്പെട്ട് വൈകിട്ട് 5.35ന് സുല്‍ത്താന്‍ ബത്തേരിയിലെത്തും. ഉദ്ഘാടന ചടങ്ങിനുശേഷം ശനിയാഴ്ച രാത്രി 9.30ന് ഷെഡ്യൂള്‍ പ്രകാരം ബസ് സര്‍വീസ് നടത്തും.

മലയാളികള്‍ ഏറെയുള്ള നീലഗിരി ജില്ലയിലെ യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന രീതിയിലാണ് ബത്തേരിയില്‍നിന്നുള്ള പുതിയ രാത്രികാല ബസ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍നിന്നും രാത്രിയില്‍ ഊട്ടി, കോയമ്പത്തൂര്‍ ഭാഗത്തേക്ക് ബസുകള്‍ കുറവാണെന്ന പരാതി പരിഹരിച്ചുകൊണ്ടാണ് പുതിയ അന്തര്‍ സംസ്ഥാന കരാറില്‍ ഉള്‍പ്പെട്ട പുതിയ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. നിലവില്‍ രാവിലെ എട്ടിന് സുല്‍ത്താന്‍ ബത്തേരിയില്‍നിന്നും പുറപ്പെട്ട് പാട്ടവയല്‍, ഊട്ടി വഴി വൈകിട്ട് 3.10 ഓടെ എത്തുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് സര്‍വീസ് വിജയകരമായി നടത്തുന്നുണ്ട്. ഇതേ ബസ് രാത്രി ഒമ്പതിന് കോയമ്പത്തൂരില്‍നിന്നും തിരിച്ച് സുല്‍ത്താന്‍ ബത്തേരിയിലേക്കും സര്‍വീസ് നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് ബത്തേരിയില്‍നിന്നുള്ള രാത്രി സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.

പാട്ടവയലിന് പകരം താളൂര്‍ വഴിയാണ് പുതിയ സര്‍വീസ്. ഊട്ടി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും കോയമ്പത്തൂര്‍, സേലം, തിരുപ്പൂര്‍, ഈറോഡ്, നാമക്കല്‍ തുടങ്ങിയ ഭാഗത്തേക്കുള്ള വിദ്യാര്‍ഥികള്‍ക്കും പുതിയ സര്‍വീസ് ഏറെ സഹായകരമാകും. ബത്തേരി ഡിപ്പോയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.എം. ശിവരാമന്‍, കെ.എസ്.ആര്‍.ടി.സി നോര്‍ത്ത് സോണ്‍ മേധാവി രാജേന്ദ്രന്‍, എ.ടി.ഒ സാജന്‍ സ്‌കറിയ തുടങ്ങിയവര്‍ സംബന്ധിക്കും. പുതിയ സര്‍വീസിന്റെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. tthps://online.keralartc.com. പുതിയ സര്‍വീസിന്റെ സമയക്രമം: സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന്: രാത്രി 9.30, താളൂര്‍9.50, ചേരമ്പാടി10.05, പന്തല്ലൂര്‍ 10.25, ദേവാല 10.35, നാടുകാണി10.45, ഗൂഡല്ലൂര്‍11.05, ഊട്ടി12.55, മേട്ടുപാളയം3.10, കോയമ്പത്തൂര്‍ (ഗാന്ധിപുരം) പുലര്‍ച്ചെ 3.45. കോയമ്പത്തൂരില്‍നിന്ന്: (ഗാന്ധിപുരം) രാവിലെ 11.00, മേട്ടുപാളയം11.35 , ഊട്ടി 1.30, ഗൂഡല്ലൂര്‍3 .20, നാടുകാണി4.20, ദേവാല 4.30, പന്തല്ലൂര്‍ 4.40, ചേരമ്പാടി 5.00, താളൂര്‍5.15, സുല്‍ത്താന്‍ ബത്തേരിഫവൈകിട്ട് 5.35

YOU MAY LIKE THIS VIDEO ALSO