ദീര്‍ഘദൂര ഫാസ്റ്റ് പാ‍സഞ്ചര്‍ ബസ് സർവീസുകൾ കെഎസ്ആര്‍ടിസി നിര്‍ത്തുന്നു

Web Desk

തിരുവനന്തപുരം

Posted on August 02, 2019, 10:29 am

തിരുവനന്തപുരത്തെ സെന്‍ട്രല്‍ ഡിപ്പോയില്‍ മാത്രം 20 ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചറുകളുണ്ട്. ഇവയെല്ലാം ഞായറാഴ്ച മുതല്‍ ആലപ്പുഴയിലേക്കും കോട്ടയത്തേക്കുമുള്ള ചെയിന്‍ സര്‍വീസുകളായി ചുരുങ്ങും. തിരുവനന്തപുരം–കുമളി സര്‍വീസും നിര്‍ത്തും. നെടുമങ്ങാട് ഡിപ്പോയില്‍ നിന്നുള്ള എറണാകുളം ഫാസ്റ്റ് പാസഞ്ചറുകള്‍ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. വര്‍ഷങ്ങളായി ഓടിക്കൊണ്ടിരുന്ന തൊടുപുഴ– തിരുവനന്തപുരം ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചറും ഇനിയുണ്ടാകില്ല. സമീപജില്ലകളിലെ പ്രധാനനഗരങ്ങളെ മാത്രം ബന്ധിപ്പിച്ച് ഫാസ്റ്റുകള്‍ പുനക്രമീകരിക്കുന്നതില്‍ കെഎസ്ആര്‍ടിസി ചൂണ്ടിക്കാണിക്കുന്ന നേട്ടങ്ങള്‍ ഇവയാണ്.

പീക്ക് ടൈമില്‍ എന്‍എച്ച്, എംസി റോഡുകള്‍ വഴി അഞ്ചുമിനിറ്റ് ഇടവിട്ട് ഇനി ഫാസ്റ്റ് പാസഞ്ചറുകളുണ്ടാകും. അല്ലാത്തസമയം 20 മിനിട്ട് ഇടവിട്ടും. ദീര്‍ഘദൂര റൂട്ടുകളില്‍ നിന്ന് ഫാസ്റ്റുകള്‍ പിന്‍വലിക്കുന്നതോടെ 72000 കിലോമീറ്റര്‍ ഒരു ദിവസം കുറയ്ക്കാനാകും. ഇതുവഴി 180 ബസുകള്‍ ലാഭിക്കാം. പ്രതിമാസം ഒരു രൂപപോലും വരുമാനനഷ്ടം വരില്ലെന്ന് മാത്രമല്ല, അഞ്ചുകോടിയോളം രൂപ ചെലവിനത്തില്‍ കുറയ്ക്കാം. ഒരേറൂട്ടില്‍ സൂപ്പര്‍ഫാസ്റ്റ്,ഫാസ്റ്റുകളുടെ മല്‍സരഓട്ടവും ഒഴിവാകും.

15 മിനിറ്റ് ഇടവിട്ട് സൂപ്പര്‍ ഫാസ്റ്റുള്ളതിനാല്‍ ദീര്‍ഘദൂരറൂട്ടുകളില്‍ യാത്രാക്ലേശമുണ്ടാകില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം. എന്നാല്‍ സാധാരണക്കാര്‍ക്ക് കുറഞ്ഞചെലവില്‍ ദീര്‍ഘദൂര യാത്രയ്ക്കുള്ള അവസരമാണ് അതുവഴി ഇല്ലാതാകുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

you may also like ths video