Janayugom Online
ksrtc strike- janayugam

കെഎസ്ആര്‍ടിസി പണിമുടക്ക് തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍

Web Desk
Posted on August 04, 2018, 2:54 pm

തിരുവനന്തപുരം: കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധവും പൊതുജന വിരുദ്ധവുമായ നടപടികള്‍ അവസാനിപ്പിക്കണമെന്നും ജനാധിപത്യ അവകാശങ്ങള്‍ ഉള്‍പ്പെടെ ജീവനക്കാരുടെ അടിയന്തിര ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നുമാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ പണിമുടക്ക്‌ തിങ്കളാഴ്ച അര്‍ദ്ധരാത്രിയില്‍ ആരംഭിക്കും. ഒരു ദിവസത്തെ സൂചനാ പണിമുടക്കാണിത്.

കെസ്ആര്‍ടിസി സിഎംഡി നടത്തുന്നത് കൈയ്യടി നേടാനുള്ള വെറും ചെപ്പടി വിദ്യകളാണെന്നും അത് കെഎസ്ആര്‍ടിസിക്ക് ഗുണകരമല്ലെന്നും ആദ്യം മുതല്‍ തന്നെ കെഎസ്ടി എംപ്‌ളോയിസ് യൂണിയന്‍ (എഐടിയുസി) ചൂണ്ടിക്കാട്ടിയിരുന്നു. വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒന്നും കെഎസ്ആര്‍ടിസിയെ രക്ഷപെടുത്തുവാന്‍ പര്യാപ്തമല്ലെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ കെഎസ്ടി എംപ്‌ളോയിസ് യൂണിയന്‍(എഐടിയുസി) ജനറല്‍ സെക്രട്ടറി എം ജി രാഹുല്‍, കെഎസ്ആര്‍ടി എംപ്‌ളോയിസ് അസോസിയേഷന്‍(സിഐടിയു) ജനറല്‍ സെക്രട്ടറി സി കെ ഹരികൃഷ്ണന്‍, കെഎസ്ടി ഡ്രൈവേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍ അയ്യപ്പന്‍, കെഎസ്ടി വര്‍ക്കേഴ്‌സ് യൂണിയന്‍(ഐഎന്‍ടിയുസി) ജനറല്‍ സെക്രട്ടറി ആര്‍ ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ വ്യവസായത്തെ സ്വകാര്യവത്ക്കരിക്കാനാണ് സിഎംഡി ടോമിന്‍ തച്ചങ്കരി പരിശ്രമിക്കുന്നത്. സ്വകാര്യ വ്യക്തികളുടെ ബസുകള്‍ വാടകക്ക് എടുത്ത് സര്‍വ്വീസ് നടത്തുക എന്ന നയമാണ് അദ്ദേഹം സ്വീകരിക്കുന്നത്. കോര്‍പ്പറേഷന്റെ ബസ് ബോഡി നിര്‍മ്മാണം പുനരാരംഭിക്കുവാനോ പുതിയ ബസുകള്‍ നിരത്തിലിറക്കാനോ അദ്ദേഹം തയ്യാറാകുന്നില്ല. എല്ലാ വര്‍ഷങ്ങളിലും ചില മാസങ്ങളില്‍ ഉണ്ടാകുന്ന വരുമാന വര്‍ദ്ധനവ് മാത്രമാണ് ഈ വര്‍ഷവും ചില മാസങ്ങളില്‍ ഉണ്ടായിട്ടുള്ളത്. എന്നാല്‍ ആ വരുമാന വര്‍ദ്ധനവ് തന്റെ പരിഷ്‌കരണങ്ങളുടെ സന്തതിയാണെന്ന് സിഎംഡി പറയുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് കെഎസ്ടി എംപ്‌ളോയിസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എം ജി രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. മഴക്കാലത്തും ഉത്സവ കാലങ്ങളിലും പൊതുവെ വരുമാനം കൂടാറുണ്ട്. അത് മാത്രമാണ് ഈ വര്‍ഷവും ഉണ്ടായിട്ടുള്ളത്.

വാര്‍ത്താ സമ്മേളനത്തില്‍ കെഎസ്ടി എംപ്‌ളോയിസ് യൂണിയന്‍(എഐടിയുസി) ജനറല്‍ സെക്രട്ടറി എം ജി രാഹുല്‍, കെഎസ്ആര്‍ടി എംപ്‌ളോയിസ് അസോസിയേഷന്‍(സിഐടിയു) ജനറല്‍ സെക്രട്ടറി സി കെ ഹരികൃഷ്ണന്‍, കെഎസ്ടി ഡ്രൈവേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍ അയ്യപ്പന്‍, കെഎസ്ടി വര്‍ക്കേഴ്‌സ് യൂണിയന്‍(ഐഎന്‍ടിയുസി) ജനറല്‍ സെക്രട്ടറി ആര്‍ ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.

ഈ വ്യവസായത്തിലെ തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തിന് കെഎസ്ആര്‍ടിസിയുടെ ചരിത്രത്തോളം പഴക്കമുണ്ടെന്ന് സംയുക്ത തൊഴിലാളി സംഘടനാ നേതാക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നത്. നിലവിലുള്ള ജീവനക്കാരെ സംരക്ഷിക്കുവാനുള്ള ബാധ്യത മാനേജ്‌മെന്റിനുണ്ട്. എന്നാല്‍ മാറാരോഗങ്ങള്‍ പിടിപെടുന്നവരോടും അപകടത്തില്‍ പരിക്കേറ്റ് അംഗഭംഗം വന്നവരെയും അവരുടെ ആരേഗ്യസ്ഥിതിക്ക് അനുസരിച്ചുള്ള മറ്റ് ജോലികളിലേക്ക് പുനര്‍വിന്യസിക്കണം. എന്നാല്‍ അത്തരം ആളുകള്‍ക്ക് ജോലിയും ശമ്പളവും നല്‍കാതെ രാജിവെച്ച് പോകുവാന്‍ ആവശ്യപ്പെടുകയാണ് മാനേജ്‌മെന്റ് ചെയ്യുന്നതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
തച്ചങ്കരി നടപ്പിലാക്കുന്നത് മുഴുവന്‍ സര്‍ക്കാര്‍ നയമാണ് എന്ന അഭിപ്രായം തങ്ങള്‍ക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. തച്ചങ്കരി നടപ്പിലാക്കുന്ന വികലമായ നയങ്ങളെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും അവര്‍ അറിയിച്ചു. നിലവില്‍ തച്ചങ്കരി നടത്തുന്ന പരിഷ്‌കാരങ്ങള്‍ കെഎസ്ആര്‍ടിസിയെ രക്ഷപെടുത്തുവാന്‍ പര്യാപ്തമല്ല. സ്വകാര്യവത്ക്കരണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുമായാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തി സുശക്തമായ പൊതുഗതാഗത സംവിധാനമായി കെഎസ്ആര്‍ടിസിയെ പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ ആവശ്യമായ നടപടികളാണ് വേണ്ടതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

ശമ്പള പരിഷ്‌കരണ ചര്‍ച്ച സമയബന്ധിതമായി പൂര്‍ത്തിയാക്കുക, യാത്രക്കാരുടെ ദുരിതം വര്‍ദ്ധിപ്പിക്കുന്ന ഷെഡ്യൂള്‍ പരിഷ്‌കാരം ഉപേക്ഷിക്കുക, ജീവനക്കാരുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുക, ഡ്യൂട്ടിക്കിടയില്‍ അപകടം പറ്റിയവരെയും ഗുരുതര രോഗബാധിതരെയും വ്യവസ്ഥാപിതമായ രീതിയില്‍ സംരക്ഷിക്കുക, വാടക വണ്ടി നീക്കം ഉപേക്ഷിക്കുക, പി എസ് സി അഡൈ്വസ് ചെയ്തവര്‍ക്ക് നിയമനം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ആറിന് രാത്രി 12 മണി മുതല്‍ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തുന്നത്.