16 November 2025, Sunday

Related news

November 11, 2025
November 7, 2025
November 7, 2025
November 6, 2025
November 3, 2025
October 18, 2025
October 17, 2025
October 16, 2025
October 11, 2025
October 9, 2025

കെഎസ്ആര്‍ടിസിയുടെ ചരിത്ര നേട്ടം: ഭാവനാ സമ്പന്നമായ നേതൃത്വത്തിന്റെയും അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെയും, ജീവനക്കാരുടെയും കൂട്ടായ്മയെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
September 12, 2025 11:57 am

കെഎസ്ആർടിസി പ്രതിസന്ധികളിൽ നിന്ന് കരകയറുന്നത് ഭാവനാ സമ്പന്നമായ നേതൃത്വത്തിന്റെയും അർപ്പണ മനോഭാവത്തോടെ അക്ഷീണം പ്രവർത്തിക്കുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും കൂട്ടായ്മയിലൂടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ പൊതു ഗതാഗത രംഗത്തെ ഏറ്റവും വലിയ സ്ഥാപനമായ കെഎസ്ആർടിസി ചരിത്ര നേട്ടങ്ങളിലെത്തിയിരിക്കുകയാണ്. നശിച്ചു നാനാവിധമാകും; ഇനി ഭാവിയില്ല; എന്തിനീ വെള്ളാനയെ പോറ്റുന്നു-ഇങ്ങനെയുള്ള ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി പുരോഗതിയുടെ പാതയിലൂടെ അതിവേഗ സഞ്ചാരത്തിൽ ആണ് ഇന്ന് കേരള സംസ്ഥാനത്തിന്റെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ.

ആത്മാർപ്പണവും അധ്വാനവും അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്യാധുനിക സംവിധാനങ്ങളോടെ നവീകരിക്കപ്പെട്ട കെഎസ്ആർടിസി പ്രതിദിനം വരുമാനത്തിലും റെക്കോർഡ് നേട്ടവുമായി കുതിക്കുകയാണ്. ടിക്കറ്റ് വരുമാനത്തിലൂടെ 10.19 കോടി രൂപയും ടിക്കറ്റ് ഇതര വരുമാനമായി 82 ലക്ഷം രൂപയുമാണ് സെപ്റ്റംബർ എട്ടിന് കെഎസ്ആർടിസി കൈവരിച്ചത്. സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി നവീകരണ പ്രവർത്തനങ്ങളാണ് സമീപകാലത്ത് കെഎസ്ആർടിസിയിൽ നടന്നത്. ഈ മാറ്റങ്ങൾ പൊതു ഗതാഗത രംഗത്ത് ഉണ്ടാക്കിയ ചലനത്തിന്റെ തെളിവ് കൂടിയാണ് കെഎസ്ആർടിസി കൈവരിച്ച ചരിത്ര നേട്ടം.

ട്രാവൽ കാർഡ്, യുപിഐ പെയ്മെൻറ് സൗകര്യം, ലൈവ് ട്രാക്കിംഗ് സംവിധാനം തുടങ്ങിയ കെഎസ്ആർടിസി സ്വീകരിച്ച പുതു രീതികൾക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചു. കൂടാതെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബസുകൾ നിരത്തിലിറക്കി മികവാർന്ന യാത്രാനുഭവം ഒരുക്കാനും കെഎസ്ആർടിസിക്ക് സാധിച്ചു. മുടങ്ങിക്കിടന്ന പല സർവീസുകളും പുനരാരംഭിച്ചതും വരുമാന വർദ്ധനവിന് സഹായകമായി. കെഎസ്ആർടിസി പുതുതായി ആരംഭിച്ച വിനോദസഞ്ചാര പാക്കേജുകൾ, ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങി എല്ലാ സേവനങ്ങളും ഏറ്റവും ലളിതവും സുതാര്യവുമായിരുന്നു. ഇത് കെഎസ്ആർടിസിയുടെ ജനപ്രീതിയും വർദ്ധിപ്പിക്കാൻ കാരണമായി.

കൃത്യമായ ആസൂത്രണത്തിലൂടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുന്ന കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. തകർന്നു പോകുമെന്ന് വിധിയെഴുതിയ സംവിധാനത്തെ ചരിത്ര നേട്ടത്തിലേക്ക് നയിച്ച ജീവനക്കാർക്കും മാനേജ്മെന്റിനും നേതൃത്വത്തിനും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.