Saturday
14 Dec 2019

കോണ്‍ഗ്രസിനെയും കെഎസ്‌യുവിനെയും പരസ്യമായി വിമര്‍ശിച്ച് ‘കെ എസ് യു’

By: Web Desk | Tuesday 16 July 2019 8:56 AM IST


കെ കെ ജയേഷ്

കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വത്തെയും കെ എസ് യു സംസ്ഥാന നേതൃത്വത്തെയും രൂക്ഷമായി വിമര്‍ശിച്ച് കെ എസ് യു കോഴിക്കോട് ജില്ലാ കമ്മിറ്റി. കക്കാടംപൊയിലില്‍ വെച്ച് നടന്ന കെ എസ് യു കോഴിക്കോട് ജില്ലാ പഠന ക്യാമ്പ് ‘പ്രയാണ്‍’ ല്‍ ജില്ലാ സെക്രട്ടറി പി പി റമീസ് അവതരിപ്പിച്ച സംഘടനാ പ്രമേയത്തിലാണ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിക്കുന്നത്. കൂടാതെ ക്യാമ്പില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെതിരെയും ശക്തമായ വിമര്‍ശനം ഉയര്‍ന്നുവന്നു.

നേതാക്കളുടെ പെട്ടി പിടിക്കാനും സ്തുതി പാടാനും നടക്കുന്നവര്‍ ഈ സംഘടനയുടെ ഭാരമാണ്. കൂടാതെ കഞ്ഞിമുക്കി ഖദറില്‍ ആത്മസംതൃപ്തി അടയുന്ന ഒരു പറ്റം നേതാക്കന്‍മാര്‍ പാര്‍ട്ടി യോഗങ്ങളില്‍ വന്ന് ഇന്ന് കെ എസ് യു ഉണ്ടോ.. കെ എസ് യു എവിടെ എന്ന് ചോദിച്ച് സംഘടനയെ അപമാനിക്കുകയും പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുകയും ചെയ്യുകയാണ്. എന്നാല്‍ ഇത്തരക്കാര്‍ സ്വന്തം മക്കളെയെങ്കിലും അനുഭാവികളാക്കാന്‍ ശ്രമിച്ചാല്‍ നിലവിലെ സംഘനട അനുഭവിക്കുന്ന വെല്ലുവിളികള്‍ക്ക് പരിഹാരമാകും. ക്യാമ്പസുകള്‍ ജാതിമത സംഘടനകളുടെ താവളമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് ഇതിനെതിരെ പ്രതികരിക്കാന്‍ സാംസ്‌ക്കാരിക സംവാദത്തിന്റെ പടച്ചട്ടയണിഞ്ഞ് വിദ്യാര്‍ത്ഥികളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സംഘടനയ്ക്ക് സാധിക്കുന്നില്ല. ഒരു സാംസ്‌ക്കാരിക നായകനെ അവതരിപ്പിക്കാന്‍ കഴിയാത്ത രീതിയില്‍ സംഘടനാ സംവിധാനം പല ഘട്ടങ്ങളിലും നിരായുധരായി നോക്കി നില്‍ക്കേണ്ട അവസ്ഥയാണ് എന്ന് പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

ഇന്നലെകളില്‍ കെ എസ് യു വിന്റെ തണലില്‍ വളര്‍ന്നു പന്തലിച്ച വന്‍മരങ്ങളില്‍ ചിലത് ആവാസ വ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയായി നില്‍ക്കുന്നു. ഇത്തരക്കാരോട് ഒന്നേ പറയാനുള്ളു. നിങ്ങളുടെ ശിഖരങ്ങളില്‍ വളര്‍ന്ന ഇത്തിക്കണ്ണികളെയല്ല താലോലിക്കേണ്ടും പ്രോത്സാഹിപ്പിക്കേണ്ടതും മറിച്ച് പുതു നാമ്പുകളെ വര്‍ത്തുക. അതിന് ഏക പോംവഴി സംഘടനാ തെരഞ്ഞെടുപ്പാണ്. കെ എസ് യുവും യൂത്ത് കോണ്‍ഗ്രസും മുതിര്‍ന്ന നേതാക്കളുടെ ഭജന സംഘമോ ഫാന്‍സ് അസോസിയേഷനോ അല്ലെന്ന് ആദ്യം തിരിച്ചറിയുകയും പാര്‍ട്ടിയുടെ തിരുത്തല്‍ ശക്തിയാണ് എന്നും പ്രയാണ്‍ 2019 ഓര്‍മ്മപ്പെടുത്തുന്നു.

സ്വന്തം താത്പര്യത്തിന് നേതാക്കന്‍മാര്‍ ആദര്‍ശവും മൂല്യവുമില്ലാത്തവരെ പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും മത്സരിപ്പിക്കുമ്പോള്‍ പണവും അധികാരവും കണ്ട് മറുകണ്ടം ചാടുമെന്നതിന്റെ ഉത്തമ ഉദാഹരമാണ് കര്‍ണ്ണാടകയും ഗോവയും. ഡല്‍ഹിയിലിരന്ന് പാര്‍ട്ടിയെ നിയന്ത്രിക്കുന്നവരുടെ തല മാത്രമല്ല മനസ്സും ന്യായവും നരച്ചിട്ടുണ്ട്. പ്രവര്‍ത്തകരും ജനങ്ങളും കോണ്‍ഗ്രസിന്റെ തിരച്ചുവരവ് ആഗ്രഹിക്കുമ്പോള്‍ സ്ഥാനമാനങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുന്നവര്‍ നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള നമ്മുടെ പ്രസ്ഥാനത്തിന്റെ കടക്കല്‍ കത്തിവെക്കുകയാണ്. ഓന്ത് നിറം മാറുന്നതിനേക്കാള്‍ വേഗതയില്‍ നിറം മാറുന്ന അബ്ദുള്ളക്കുട്ടിമാരെ പരവതാനി വിരിച്ച് നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും അയയ്ക്കുമ്പോള്‍ പതിറ്റാണ്ടുകളോളം പാര്‍ട്ടിക്ക് വേണ്ടി പണി എടുത്തവര്‍ അടിമകളായി മാറുന്നു. ഏത് നിമഷവും ജംബ് ചെയ്യാവുന്ന ജംബോ കമ്മിറ്റികളല്ല മറിച്ച് പാര്‍ട്ടിയെ ജനങ്ങളോട് അടുപ്പിക്കുന്ന ദീര്‍ഘവീക്ഷണമുള്ള നേതൃത്വമാണ് നമുക്കാവശ്യം. കെ എസ് യു ജില്ലാ-സംസ്ഥാന കമ്മിറ്റികളെ തെരഞ്ഞെടുപ്പിലൂടെയും ദേശീയ കമ്മിറ്റിയെ നേതാക്കന്‍മാര്‍ ഒപ്പിട്ട വെള്ളക്കടലാസിലൂടെയും നിയമിക്കുന്നത് സംഘടനയോട് ചെയ്യന്ന വിവേചനമാണ്. ലെറ്റര്‍ പാഡുകള്‍ തീരുന്നത് വരെ സംസ്ഥാന -ജില്ലാ തലത്തില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ പ്രതിഷ്ഠിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് സിസ്റ്റം സംഘടനയ്ക്ക് തലവേദനയാണ്. നാലാള്‍ മേശയ്ക്ക് ചുറ്റുമിരുന്ന് കരാര്‍ അടിസ്ഥാനത്തില്‍ കമ്പനികള്‍ ജീവനക്കാരെ നിയമിക്കുന്നത് പോലെ ടാലന്റ് ഹണ്ട് നടത്തി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പ്രസ്ഥാനത്തിന് അപഹാസ്യമാണ്. നേതാക്കളാവേണ്ടവര്‍ തെരുവില്‍ തല്ലുകൊള്ളുന്നവും സംഘടനയെ ശക്തിപ്പെടുത്തുന്നവര്‍ കൂടിയാണ്. യൂത്ത് കോണ്‍ഗ്രസ് ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി അല്ലെന്നും കെ എസ് യു പ്രമേയത്തിലടെ ഓര്‍മ്മപ്പെടുത്തുന്നു.

കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് സംഘടനയെ മുന്നോട്ട് നയിക്കാന്‍ സാധിക്കുന്നില്ലെന്നും ക്യാമ്പില്‍ വിമര്‍ശനം ഉയര്‍ന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ പുതിയ സംഭവവികാസങ്ങള്‍ക്ക് പിന്നാലെ എ ഐ എസ് എഫ് അവിടെ യൂണിറ്റ് രൂപീകരിച്ചു. എന്നാല്‍ സാഹചര്യം അനുകൂലമായിട്ടും ഇത്തരമൊരു നീക്കം നടത്താന്‍ കെ എസ് യുവിന് സാധിച്ചില്ല. ഫേസ്ബുക്ക് രാഷ്ട്രീയം മാത്രമാണ് സംസ്ഥാന പ്രസിഡന്റ് നടത്തുന്നതെന്നും വിമര്‍ശനം ഉയര്‍ന്നു.

നേരത്തെ കെ എസ് യു എറണാകുളം ജില്ലാ സമ്മേളനത്തില്‍ എ കെ ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. മകനെ രാഷ്ട്രീയത്തില്‍ ഇറക്കുന്നതിന് എ കെ ആന്റണിയെ പരോക്ഷമായി വിമര്‍ശിച്ചാണ് അന്ന് കെ എസ് യു പ്രമേയം പുറത്തിറക്കിയത്. അങ്ങും പുത്രവാത്സല്യത്താല്‍ അന്ധനായോ എന്ന ഭഗവദ് ഗീതയിലെ ചോദ്യം കേരളത്തിലെ ഉന്നത നേതാക്കളോട് ചോദിക്കാന്‍ ഓരോ കെ എസ് യു പ്രവര്‍ത്തകനും തയ്യാറാകണമെന്നായിരുന്നു പ്രമേയത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ സംഘടനയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ജില്ലാ ഭാരവാഹികളടക്കമുള്ളവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുകയാണ് അഭിജിത് ചെയ്തത്. എന്നാല്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും പ്രവര്‍ത്തകരുടെ രോഷം അടങ്ങില്ലെന്ന തരത്തിലാണ് നേതൃത്വത്തിനെതിരെ പ്രതിഷേധം വീണ്ടും ഉയരുന്നത്.