Monday
18 Feb 2019

കളി ആന്‍റണിയോട് വേണ്ട; എതിര്‍ശബ്ദങ്ങളെ ‘മൃഗീയമായും പൈശാചികമായും’ അടിച്ചമര്‍ത്തും

By: Web Desk | Monday 11 February 2019 7:24 PM IST

കോഴിക്കോട്:

പാര്‍ട്ടിയിലെ അനാരോഗ്യകരമായ പ്രവണതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ കെ എസ് യുവിന് കൂച്ചുവിലങ്ങിട്ട് കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ കെ പി സി സി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി നിയമിച്ചതിനെതിരെ പ്രമേയം പാസാക്കിയ കെ എസ് യു എറണാകുളം ജില്ലാ കമ്മിറ്റിക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കെ എസ് യു സംസ്ഥാന നേതൃത്വം രംഗത്തെത്തി. അനില്‍ ആന്റണി യോഗ്യതയില്ലാത്ത ആളല്ല. ഗുജറാത്തില്‍ സമാനപദവി വഹിച്ച് വിജയിപ്പിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ കേരളത്തിലേക്ക് നിയോഗിച്ചതെന്ന് സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് വ്യക്തമാക്കി. ജില്ലാ കമ്മിറ്റിയുടെ പ്രമേയത്തിനെതിരെ വാര്‍ത്താ സമ്മേളനം വിളിച്ച് രംഗത്തെത്തിയ അഭിജിത്ത് പ്രമേയം സംബന്ധിച്ച് ജില്ലാ നേതൃത്വത്തോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടിയുണ്ടാവുമെന്ന സൂചനയും നല്‍കി.

എ ഐ സി സിയാണ് അനില്‍ ആന്റണിയെ നിയമിച്ചതെന്നതുകൊണ്ട് അത് മക്കള്‍ രാഷ്ട്രീയത്തിന്റെ ഭാഗമല്ലെന്നാണ് അഭിജിത്തിന്റെ വിശദീകരണം. നേതാക്കളുടെ മക്കള്‍ അനര്‍ഹമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലോക്കോ മറ്റോ കടന്നുവന്നാല്‍ കെ എസ് യു അതിനെ അംഗീകരിക്കില്ലെന്നും ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ മീഡിയ കണ്‍വീനറായാണ് നിയമിച്ചിട്ടുള്ളത്. അത് അദ്ദേഹത്തിന്റെ പ്രവര്‍ത്തന പരിചയം അംഗീകരിച്ച് എ ഐ സി സി നിയമിച്ചതാണെന്നും അഭിജിത്ത് വ്യക്തമാക്കി.

എ കെ ആന്റണി ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വത്തെ വിമര്‍ശിച്ച് ഉയര്‍ന്നുവന്ന നേതാക്കന്‍മാരാണ് എന്നിരിക്കെയാണ് തന്റെ സംഘടനയിലെ നേതാക്കളെയും പ്രവര്‍ത്തകരെയും തള്ളിപ്പറയാന്‍ വേണ്ടി മാത്രം അഭിജിത്ത് വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തത്. കോണ്‍ഗ്രസ് നേതൃത്വത്തെ സുഖിപ്പിച്ച് നിന്നാല്‍ മാത്രമെ തെരഞ്ഞെടുപ്പില്‍ സീറ്റ് ഉള്‍പ്പെടെ ലഭിക്കുകയുള്ളുവെന്ന് അഭിജിത്തിന് നന്നായറിയാം. അതുകൊണ്ട് തന്നെയാണ് സംഘടനയ്ക്കുള്ളില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ പേരില്‍ ജില്ലാ കമ്മിറ്റിക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞുകൊണ്ട് ഇദ്ദേഹം രംഗത്തെത്താന്‍ കാരണമെന്ന് കെ എസ് യു നേതാക്കള്‍ തന്നെ വിശദീകരിക്കുന്നു. സ്വതന്ത്രമായി മുന്നോട്ട് പോകുന്ന കെ എസ് യുവിനെ വിലങ്ങിടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്നും അതിന് സംസ്ഥാന പ്രസിഡന്റ് തന്നെ കൂട്ടു നില്‍ക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

അനാവശ്യമായി പ്രമേയം അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ശരിയല്ലെന്നും അഭിജിത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആന്റണിയുടെ മകനായതുകൊണ്ട് മാത്രമല്ല പറയുന്നതെന്നും അത്തരത്തിലുള്ള ചര്‍ച്ചയില്‍ കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രസ്ഥാനത്തിന് വേണ്ടി കല്ലുകൊണ്ടുപോലും കാല്‍മുറിയാത്ത ചില അഭിനവ പല്‍വാര്‍ ദേവന്‍മാരുടെ പട്ടാഭിഷേകത്തിന്റെ ശംഖൊലി മുങ്ങുന്നത് യഥാര്‍ത്ഥ പ്രവര്‍ത്തകരുടെ ഉള്ളില്‍ നെഞ്ചിടിപ്പാണ് ഉണ്ടാക്കുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം കെ എസ് യു അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയത്. പോസ്റ്റര്‍ ഒട്ടിച്ചും സമരം നടത്തിയും തല്ലുകൊണ്ടും കോടതി കയറിയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന നിരവധി പ്രവര്‍ത്തകരുണ്ട്. അവരുടെ നെഞ്ചത്ത് നടത്തുന്ന സൈബര്‍ ഇറക്കുമതികള്‍ ചോദ്യം ചെയ്യപ്പെടണമെന്നും പ്രമേയം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് അഭിജിത്ത് രംഗത്ത് വന്നത്.

നേതൃഭക്തി കാരണം അന്ധനായി സഹപ്രവര്‍ത്തകരെ അപമാനിച്ച അഭിജിത്തിനെതിരെ കെ എസ് യു വില്‍ തന്നെ ഒരു വിഭാഗം ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. പല മണ്ഡലങ്ങളിലും സമൂഹ മാധ്യങ്ങള്‍ അടക്കം തന്റെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ച ചെയ്യുന്നുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ യാതൊരു തരത്തിലുള്ള ചര്‍ച്ചയും കെ എസ് യുവുമായോ താനുമായോ നടന്നിട്ടില്ലെന്നും അഭിജിത്ത് പറഞ്ഞു. കെ എസ് യു ഇത്തവണ മത്സര രംഗത്തേക്കില്ല. വളരെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പായതുകൊണ്ട് തന്നെ പരമാവധി ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്. ഇതേ സമയം മലബാറില്‍ ഇവിടെ തന്നെയുള്ള ഒരു സ്ഥാനാര്‍ത്ഥി ഉണ്ടാവേണ്ടത് മലബാറുകാരുടെ കൂടി ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related News