16 June 2024, Sunday

പി കെ കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയുടെ കള്ളപ്പണ നിക്ഷേപമെന്ന് കെ ടി ജലീൽ എംഎൽഎ

Janayugom Webdesk
തിരുവനന്തപുരം
August 13, 2021 10:18 pm

മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎയ്ക്ക് എ ആർ നഗർ സഹകരണ ബാങ്കിൽ 300 കോടിയിലധികം രൂപയുടെ കള്ളപ്പണമുണ്ടെന്ന വെളിപ്പെടുത്തൽ നടത്തി ഡോ. കെ ടി ജലീൽ എംഎൽഎ. എ ആർ നഗർ സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നതെന്നും നിയമസഭയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ബാങ്കിൽ വൻ തുകയുടെ വ്യാജ നിക്ഷേപവുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പിന്റെ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിക്ക് എതിരെയുള്ള പുതിയ ആരോപണം. മുൻ ബാങ്ക് സെക്രട്ടറിയും ഇപ്പോഴത്തെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഹരികുമാറിന്റെ ഒത്താശയോടെയാണ് കുഞ്ഞാലിക്കുട്ടി കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ കള്ളപ്പണം 300 കോടിയിലേറെ വരുമെന്നാണ് സൂചന. എന്നാൽ അന്വേഷണം പൂർത്തിയാകുന്നതോടെ ഇത് 600 കോടിക്ക് മേൽ കടക്കുമെന്നാണ് ആദായവകുപ്പിന്റെ നിഗമനം.

കണ്ണമംഗലത്തെ അങ്കണവാടി ടീച്ചറായ എം ദേവിയുടെ അക്കൗണ്ടിൽ അവർ അറിയാതെ 80 ലക്ഷം രൂപ നിക്ഷേപിച്ചതായി ആദായ നികുതി വകുപ്പ് അധികൃതർ കണ്ടെത്തിയതിനെ തുടർന്ന് ദേവിയെ ആദായ നികുതി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയപ്പോഴാണ് തന്റെ അക്കൗണ്ട് വഴി 80 ലക്ഷം രൂപയുടെ ഇടപാട് നടന്നുവെന്ന് ദേവി ടീച്ചർ അറിഞ്ഞത്. തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവർ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിട്ടുണ്ട്. എ ആർ നഗർ സർവീസ് സഹകരണ ബാങ്കിലെ 110 കോടിയോളം രൂപയുടെ നിക്ഷേപം ആദായനികുതി വകുപ്പ് മരവിപ്പിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: KT Jalil MLA says PK Kun­halikut­ty has black mon­ey invest­ment of Rs 300 crore

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.