കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷന്റെ ഹോട്ടലുകളിലെ ശുചിമുറികൾ വഴിയാത്രക്കാർക്ക് 24 മണിക്കൂറും സൗജന്യമായി ഉപയോഗിക്കാം. ഹൈവേകളിലൂടെ പോകുന്ന ദീർഘദൂര യാത്രക്കാരുടെ പ്രയാസം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് കെടിഡിസി ഡയറക്ടർ ബോർഡംഗം കെ പി കൃഷ്ണകുമാർ പറഞ്ഞു.
ആലപ്പുഴ റിപ്പിൾ ലാൻഡ് ഹോട്ടലിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന രാമശേരി ഇഡ്ഡലി ഫെസ്റ്റിനെക്കുറിച്ച് വിശദീകരിക്കാൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ശുചിമുറി ഉപയോഗിക്കാൻ ഭക്ഷണം കഴിക്കണമെന്നില്ല. വൃത്തിയായ ശുചിമുറികളാണ് കാലഘട്ടത്തിന്റെ ആവശ്യം.
ശുചിമുറി ഇല്ലാത്തത് സ്ത്രീകൾക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. രാത്രി 11നുശേഷവും സുരക്ഷിതമായി ശുചിമുറി ഉപയോഗിക്കാമെന്നതും പ്രധാനമാണ്. ശുചിത്വം ഉറപ്പുവരുത്താൻ, അവസാനമായി ശുചിമുറി വൃത്തിയാക്കിയ സമയം രേഖപ്പെടുത്താൻ സംവിധാനം ഉണ്ടാവും.
ആലപ്പുഴ ബൈപാസിന്റെ ഏതെങ്കിലും ഭാഗത്ത് പുതിയ ഹോട്ടൽ ആരംഭിക്കും. ബൈപാസ് തുറക്കുന്നതോടെ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്താണിത്. കോവിഡ് കാലത്ത് തളർച്ചയുണ്ടായെങ്കിലും ക്വാറന്റൈൻ സൗകര്യമൊരുക്കിയത് നേട്ടമായി. മിതമായ നിരക്കിലാണ് ക്വാറന്റൈൻ ഒരുക്കിയത്. താമരിൻഡ് ഹോട്ടലുകളുടെ റീബ്രാൻഡിങ് വലിയ ഉണർവുണ്ടാക്കി– കൃഷ്ണകുമാർ പറഞ്ഞു.
English Summary : KTDC to open new hotel in Alappey Byepass
You may also like this video :