കത്തിയുണ്ടെങ്കില്‍ രക്തം വേറിട്ടു കരുതേണമോ!

Web Desk
Posted on December 02, 2019, 10:27 pm
devika

സംഗീതസാര്‍വഭൗമനും ഭരണതന്ത്രജ്ഞനും പ്ര­­­­ജാവത്സലനുമായിരുന്ന സ്വാതിതിരുനാള്‍ മ­ഹാരാജാവ് സ്ഥാപിച്ച അനന്തപുരിയിലെ യൂണിവേഴ്സിറ്റി കോളജ് ഒരു കാലത്ത് ഇന്ത്യയിലെ തന്നെ ബൗദ്ധികതയുടെ തലസ്ഥാനമായിരുന്നു. ഇവിടെ പഠിച്ചു പുറത്തിറങ്ങിയവരില്‍ ഓരോരുത്തരും സമൂഹത്തില്‍ ആദരണീയതയുടെ അടയാളങ്ങളായി. അത് സുവര്‍ണ്ണമായ ഒരു ഗതകാലം. രാഷ്ട്രപതിയും റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറും രാഷ്ട്രീയത്തിഭൂഭൂലെ അതികായന്മാരും കലാകോവിദരും ശാസ്ത്രജ്ഞരും ഗുരുശ്രേഷ്ഠന്മാരുമെല്ലാം ഈ കലാലയ മുത്തശ്ശിയുടെ സന്തതികള്‍, എന്ന ഗതകാല സൗകുമാര്യങ്ങളാകെ നഷ്ടപ്പെട്ട് ഈ മഹാകലാലയം ഇന്നു കണ്ണീരണിഞ്ഞു നില്‍ക്കുന്നു.

‘വിദ്യയുണ്ടെങ്കില്‍ വാഴാം വിശ്വംഭരയില്‍’ എന്ന ആപ്തവാക്യത്തിനു ഇന്ന് ശ്രുതിഭംഗം. ‘കത്തിയുണ്ടെങ്കില്‍ രക്തം വേറിട്ടുകരുതേണമോ’ എന്ന് ആപ്തവാക്യങ്ങള്‍ തിരുത്തിയെഴുതുന്ന ക്രിമിനലുകളുടെ താവളമായി ചരിത്രം പേറുന്ന ഈ കലാലയം മാറിക്കഴിഞ്ഞിരിക്കുന്നു. എതിര്‍ സംഘടനയിലെ മിടുമിടുക്കന്മാരായ വിദ്യാര്‍ഥികളുടെ പുസ്തകങ്ങളും ബിരുദ സര്‍ട്ടിഫിക്കറ്റുകളും ചുട്ടുകരിക്കുന്നതു വിനോദമാക്കിയ ഈ കൊടുംക്രിമിനലുകള്‍ എസ്എഫ്ഐ എന്ന കുപ്പായംകൂടി എടുത്തണിഞ്ഞ് കുറ്റകൃത്യങ്ങളെ വിപ്ലവമെന്നു വ്യാഖ്യാനിക്കുന്ന ഭയാനകമായ അവസ്ഥ. കത്തിക്കുത്ത് കേസ് അന്വേഷണവും പിഎസ‍്­­സി തട്ടിപ്പു പുരോഗമിക്കുന്നതിനിടെയാണ് എട്ടപ്പന്‍ മഹേഷിന്റെ അവതാരം. പണ്ടെങ്ങോ യൂണിവേഴ്സിറ്റി കോളജില്‍ പഠിച്ചിരുന്ന ഈ കഞ്ചാവു കച്ചവടക്കാരന്‍ കഴിഞ്ഞ 15 വര്‍ഷമായി യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ അനധികൃത താമസക്കാരനാണ്.

അതും എസ്എഫ്ഐ നേതാവിന്റെ കുപ്പായത്തില്‍! കത്തിക്കുത്തു കേസിനു പിന്നാലെ യൂണിവേഴ്സിറ്റി കോളജ് ശാന്തമായിത്തുടങ്ങിയതിനു പിന്നാലെ പുതിയൊരു എട്ടപ്പന്‍ മഹേഷ് രംഗത്തിറങ്ങിയതും വീണ്ടും എസ്എഫ്ഐ യുടെ നേതൃത്വത്തില്‍ തെരുവുയുദ്ധങ്ങള്‍ അഴിച്ചുവിടുകയും ചെയ്ത സംഭവങ്ങള്‍ യാദൃശ്ചികമെന്നു കരുതാനാവില്ല. കോളജില്‍ എഐഎസ്എഫിന്റേയും കെഎസ്‍യുവിന്റേയും കാമ്പസ് ഫ്രണ്ടിന്റെയും ഘടകങ്ങള്‍ രൂപീകരിക്കുകയും എസ്എഫ്ഐയെ അമ്പരപ്പിക്കുന്ന മുന്നേറ്റം അവര്‍ നടത്തിഭൂക്കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയിലെ ഈ അഴിഞ്ഞാട്ടത്തിനു പിന്നില്‍ എസ്എഫ്ഐ യില്‍ ഉടലെടുത്തിരിക്കുന്ന സംഘടനാപരമായ ഭയസംഭ്രമങ്ങള്‍ ഒരു കാരണമായിട്ടുണ്ടെന്ന് ആ സംഘടനയിലുള്ളവര്‍ തന്നെ അടക്കം പറയുന്നു.

കോളജിലെ നല്ലൊരു വിഭാഗം മറ്റു സംഘടനയിലേയ്ക്കു നീങ്ങിക്കഴിഞ്ഞിരിക്കുന്നു. സംഘടനയില്‍ തുടര്‍ന്ന് മാവോയിസ്റ്റു മാര്‍ഗ്ഗം തെരഞ്ഞെടുത്തവരാണ് നല്ലൊരു വിഭാഗമെന്നും അവര്‍ വെളിപ്പെടുത്തുന്നു. ഈ നിരീക്ഷണത്തെ ശരിവയ്ക്കും വിധമുള്ള ഒരു സംഭവം കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് പടിക്കലുണ്ടായതും യാദൃശ്ചികമല്ല. മുന്‍മന്ത്രിയേയും പൊലീസ് വകുപ്പിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് എസ്എഫ്ഐ നാമവേഷധാരികള്‍ സെ­ക്രട്ടേറിയറ്റ് പടിക്കല്‍ ഒരു കളികളിച്ചത്. അക്രമികളായ അഞ്ച് എസ്എഫ്ഐക്കാരെ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ നിന്ന് അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കുറേ എസ്എഫ്ഐക്കാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ പ്രകടനം നടത്തി. അവരില്‍ നേതൃത്വത്തിലുണ്ടായിരുന്ന ചിലര്‍ മുഴക്കിയ മു­ദ­്രാവാക്യം ശ്രദ്ധേയമായിരുന്നു. നാടുഭരിക്കാനറിയില്ലെങ്കില്‍ താടി വടിക്കൂ പൊലീസേ’ എന്ന ആ മുദ്രാവാക്യത്തിന് കോണ്‍ഗ്രസുകാരും സംഘപരിവാറും മുഴക്കുന്നതിനെക്കാള്‍ വീറായിരുന്നു! മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ­രോക്ഷമായും അദ്ദേഹം ഭരിക്കുന്ന പൊലീസിന് ക്ഷൗരപ്പണിയാണു നല്ലതെന്നുമുള്ള മുദ്രാവാക്യം മുഴക്കിയത് മാവോയിസ്റ്റുകളുമായും സംഘപരിവാറുമായും രഹസ്യബന്ധം പുലര്‍ത്തുന്ന ചില എസ്­എഫ്ഐ നേതാക്കളാണെന്ന, സംസ്ഥാന പൊലീസ് ഇന്റലിജന്‍സ്- സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രി തന്നെ ഗൗരവമായി എടുക്കണമെന്നാണ് ഇടതുമുന്നണി സര്‍ക്കാരിനെ നെഞ്ചേറ്റി താലോലിക്കുന്ന ജനകോടികളുടെ അപേക്ഷ.

സര്‍ക്കാരിന്റെ ഓരംപറ്റി നിന്ന് ഇടതുമുന്നണി ദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്നണിയേയും സര്‍ക്കാരിനേയും കരിവാരിതേയ്ക്കുന്ന ഈ തമഃശക്തികളെ കല്‍ത്തുറുങ്കിലടച്ച് നിയമത്തിനു മുന്നില്‍ കൊണ്ടുവന്നില്ലെങ്കില്‍ കാലം നമുക്കു മാപ്പ് നല്‍കില്ല. കാരണം എട്ടപ്പന്മാരുടേയും ശിവരഞ്ജിത്തുമാരുടേയും നിസാംമാരുടേയും മുന്നില്‍ സാഷ്ടാംഗ പ്രണാമം നടത്താനല്ല കേരളത്തിന്റെ ഇടതു മനസ് ഈ സര്‍ക്കാരിനെ അധികാരമേറ്റിയത് എന്ന് ആ കുലതയോടെ ദേവിക ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ. ഈ ബഹളങ്ങള്‍ക്കെല്ലാമിടയിലും ഒരു നേതാവ് മഞ്ചിക്കുണ്ടിയില്‍ അരുംകൊല ചെയ്യപ്പെട്ട മാവോയിസ്റ്റുകള്‍ക്കെതിരേ വിജ്ഞാനം വിളമ്പുന്നതു കേട്ടു. ഗറില്ലായുദ്ധം കാട്ടിലാണോ നടത്തേണ്ടത്, ആനകളോടാണോ വര്‍ഗ്ഗസമരം നടത്തേണ്ടത് എന്നു തുടങ്ങുന്ന ചില ശുംഭന്‍ വര്‍ത്തമാനങ്ങള്‍. ഈ നേതൃമാന്യന്‍ ഈ ഗീര്‍വാണമൊക്കെയടിക്കുമ്പോള്‍ മുന്‍വശത്തിരുന്നു കരഘോഷം മുഴക്കുന്നതു കാണാമായിരുന്നു. അവര്‍ ധരിച്ചിരുന്ന അരുണാഭമായ ടീ ഷട്ടുകളില്‍ ഒരു പടം ആലേഘനം ചെയ്തിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ വിപ്ലവേതിഹാസമായിരുന്ന ചെ ഗുവേരയുടെ ചിത്രം, അദ്ദേഹത്തിന്റെ ഒപ്പിന്റെ പകര്‍പ്പുസഹിതം ക്യൂബയിലെ ഭരണത്തിന്റെ ഭാഗമായിരുന്ന ഗുവേര ലാറ്റിന്‍ അമേരിക്കയുടെ മോചനത്തിനായി ഗറില്ലാ യുദ്ധത്തിന് ബൊളീവിയന്‍ കൊടുംകാടുകള്‍ കയറുകയായിരുന്നു. ആ വനങ്ങളില്‍ ആനയും കടുവയും പുലിയുമെല്ലാം ഉണ്ടായിരുന്നു. ഗറില്ലാ യുദ്ധത്തിന്റെ ഇതിഹാസമായിരുന്ന ഗുവേരയെ വനത്തില്‍ വച്ച് പ്രതിവിപ്ലവ ഭരണകൂടത്തിന്റെ പട്ടാളം അരുംകൊല ചെയ്യുകയായിരുന്നു. കടുത്ത ആസ്മാരോഗിയായ അദ്ദേഹം തന്നെ കൊല്ലാന്‍ തോക്കുചൂണ്ടിയ സൈനികരോടു പറഞ്ഞു. നിങ്ങള്‍ എന്നെ കൊല്ലരുത്. മരിച്ച ഗുവേരയെക്കാള്‍ ജീവിച്ചിരിക്കുന്ന ഗുവേരബൊ ളീവിയയില്‍ നന്മ കൊണ്ടുവരും.

എന്നിട്ടും പട്ടാളക്കാര്‍ അദ്ദേഹത്തെ ചുട്ടുകൊന്നു. ഈ ശുംഭന്‍ നേതാവു പറയുമോ കാട്ടില്‍ ഗറില്ലാ യുദ്ധത്തിനുപോയ ഗുവേര ഒരാന മഠയനായിരുന്നുവന്ന് ! മഹാനായ ഹോചിമിന്‍ വിമോചന സമര ചരിത്രത്തിലെ ഒരിക്കലും ഒളിമങ്ങാത്ത രക്തതാരകമായിരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തെ മൂക്കു കുത്തിക്കാ­ന്‍ അദ്ദേഹം ഗറില്ലാ ചരിത്രത്തിലെ ഏറ്റവും വലി­യ പടയോട്ടം നടത്തിയത് സെയ്ഗോണ്‍ നഗരത്തിലായിരുന്നില്ല. ഉള്‍വനങ്ങളിലും മെക്കോംഗ് നദിക്കരയിലെ കാടുകളിലുമെല്ലാം അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റു പോരാളികള്‍ അടരാടി. ഹോചിമിന്‍ ആന വങ്കനായിരുന്നുവെന്നാണോ നേതാവേ അങ്ങ് ഉണര്‍ത്തിക്കുന്നത്. ആയിരക്കണക്കിന് ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗമാണ് മലയാള സിനിമാരംഗം.

ലൈറ്റ്ബോയിയും സാങ്കേതിക പ്രവര്‍ത്തകരും നടീനടന്മാരും പാചകക്കാരും മുതല്‍ സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തും ഗാനരചയിതാവും സംഗീത സംവിധായകനുമടക്കമുള്ളവരുടെ വയറ്റിപ്പിഴപ്പിനുള്ള മാര്‍ഗ്ഗം. നൂറുകണക്കിനു സിനിമകള്‍ ഓരോ വര്‍ഷവും ഇറങ്ങുന്നുവെങ്കിലും ബഹുഭൂരിപക്ഷവും സാമ്പത്തികമായി പതിനെട്ടു നിലയില്‍പൊട്ടുന്നവ ഇതിനിടെ സിനിമാ നിര്‍മ്മാണത്തിനു പാരവയ്ക്കാന്‍ സിനിമയിലുള്ളവര്‍ തന്നെ കച്ചകെട്ടിയിറങ്ങിയാലോ? ഷെയ്ന്‍ നിഗം എന്ന യുവനടന്‍ മരുന്നടിച്ച്, ഷൂട്ടിനെത്തി അരുതായ്കകള്‍ കാണിക്കുന്നുവെന്നും പടങ്ങളുടെ നിര്‍മ്മാണം മുടക്കുന്നുവെന്നുമായപ്പോള്‍ പണം മുടക്കുന്ന സംവിധായകര്‍ പ്രതിരോധിച്ചു. ഒത്തുതീര്‍പ്പിന്റെ മഷിയുണങ്ങും മുമ്പ് ഷെയ്ന്‍ നിഗം വീണ്ടും കയറുപൊട്ടിച്ചു പാഞ്ഞു.

ഇത്തരം മരുന്നടിക്കാരെ വേണ്ടെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞപ്പോള്‍ അമ്മ എന്ന താരസംഘടനയ്ക്കും ഈ രംഗത്തെ കങ്കാണിപ്പടയുടെ നേതാവ് ബി ഉണ്ണികൃഷ്ണനും‍ കലിപ്പായി. ഷെയിനിനെ വിലക്കിയത് മഹാപരാധമെന്ന് ഉണ്ണികൃഷ്ണൻ.‍ പണ്ട് ഉണ്ണികൃഷ്ണനും ദിലീപും ചേര്‍ന്ന് അഭിനയത്തിന്റെ പെരുന്തച്ചനായ തിലകനെ സിനിമയില്‍ നിന്ന് ഔട്ടാക്കിയപ്പോ­ള്‍ ഇല്ലാതെപോയ അത്മരോഷം. വനിതാ വിവേചനത്തിനെതിരേ സിനിമയിലെ വനിതാകൂട്ടായ്മ ഉണ്ടാകുന്നതുവരെ കാര്യങ്ങള്‍ കൊണ്ടുചെന്നെ­ത്തിച്ചവര്‍ മരുന്നടിവീരനു വേണ്ടിയും രംഗത്ത്. മയക്കുമരുന്നുപയോഗം മലയാള സിനിമയില്‍ വര്‍ദ്ധിച്ചുവരുന്നുവെന്ന് നിര്‍മ്മാതക്കള്‍ പറഞ്ഞപ്പോള്‍ അതൊക്കെ പ്രായത്തിന്റെ പക്വതക്കുറവെന്ന് കങ്കാണി നേതാവ്. ഈ തരികിടകളെ അവഗണിച്ച് നിര്‍മ്മാതാക്കള്‍ മുന്നോട്ടു പോയാല്‍ ഉണ്ണികൃഷ്ണനും ഇടവേള ബാബുവും ഇടനിലക്കാരും സാഷ്ടാംഗപ്രണാമം നടത്തി നിര്‍മ്മാതാക്കളുടെ കാല്‍ക്കല്‍ വീഴും.

അതുണ്ടാകാതെ കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞ് സമയം കളയരുത്. പിന്നെ ലഹരിയുടെ കാര്യം. സെറ്റുകളില്‍ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമാകുന്നുവെന്ന് സംവിധായകര്‍. തെളിവുതന്നാല്‍ അന്വേഷിക്കാമെന്നാണ് സിനിമാ മന്ത്രി എ കെ ബാലന്‍ പറയുന്നത്. തെളിവു കിട്ടിയിട്ടാണോ കേരളത്തില്‍ പ്രതിദിനം കോടിക്കണക്കിനു രൂപയുടെ കറുപ്പും കഞ്ചാവും ലഹരിമരുന്നും പിടിച്ചെടുക്കുന്നത്. സംശയം തോന്നി പരിശോധിക്കുമ്പോഴും രഹസ്യ വിവരങ്ങള്‍ കിട്ടുമ്പോഴും നടത്തുന്ന റ­െ­യ്ഡുകള്‍ക്ക് ഒരു നിയമവിലക്കുമില്ല. ഷൂട്ടിംഗ് നടക്കുന്ന സെറ്റുകളെന്താ സ്വതന്ത്ര റിപ്പബ്ലിക്കുകളാണോ? അവിടെയും പരാതിയില്ലാതെ തന്നെ റെയ്ഡ് നടത്താനുള്ള ചങ്കൂറ്റം കാണിക്കാതെ സിനിമയിലെ ലഹരിമരുന്നുപയോഗത്തെക്കുറിച്ച് ബോബനും മോളിയും കളിക്കുന്നത് കാപട്യമാണ്, നിയമ ലംഘനമാണ്.