ചുരുളഴിയുന്നു; മരിച്ച റോയിയുടെ ഭാര്യ കസ്റ്റഡിയിൽ

Web Desk
Posted on October 05, 2019, 10:01 am

താമരശേരി: കൂടത്തായിൽ ഒരു കുടുംബത്തിലെ ആറുപേരുടെ ദുരൂഹ മരണത്തിൽ  നിര്‍ണായകമായ വഴിത്തിരിവ് .  ഏതാനും വര്‍ഷങ്ങളുടെ ഇടവേളകളിലുണ്ടായ ബന്ധുക്കളുടെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് സംശയിച്ചിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി വിവിധ കാലഘട്ടങ്ങളിലായി സംസ്‌കരിച്ച മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തെടുത്ത് പരിശോധന നടത്തിയിരുന്നു.ഇപ്പോഴിതാ   അന്വേഷണം എത്തി നിൽക്കുന്നത്  മരിച്ച റോയിയുടെ ഭാര്യ ജോളിയിലാണ് .ഇവർ പൊലീസ് കസ്റ്റഡിയിലാണ്.ഇവരുടെ സുഹൃത്തായ ജ്വല്ലറി ജീവനക്കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു

ഒരു കുടുംബത്തിലെ ആറുപേരുടെ മരണവും വിഷാംശം ഉള്ളില്‍ ചെന്നാണ് സംഭവിച്ചിരിക്കുന്നത്‌ . ഫോറന്‍സിക് പരിശോധനയില്‍ ഇവരുടെ ശരീരത്തില്‍നിന്നും ചെറിയ അളവില്‍ സയനൈഡിന്റെ അംശം കണ്ടെത്തിട്ടുണ്ട്. സയനൈഡ് എവിടെ നിന്നു കിട്ടിയെന്ന കാര്യവും ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്.റിട്ട.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യയും റിട്ട. അധ്യാപികയുമായ അന്നമ്മ തോമസ്, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്‍ എന്നിവരാണ് ഏതാനും വര്‍ഷങ്ങളുടെ ഇടവേളകളിലായി മരണപ്പെട്ടത്.

ടോം തോമസിന്റെ സ്വത്തുക്കള്‍ മകന്‍ റോയ് തോമസ് മരിച്ചതിന് പിന്നാലെ റോയിയുടെ ഭാര്യ ജോളിയുടെ പേരിലേക്ക് മാറ്റിയിരുന്നു. ടോം തോമസ് മരണത്തിന് മുന്‍പേ എഴുതിവെച്ച ഒസ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജോളിയുടെ പേരിലേക്ക് സ്വത്തുക്കള്‍ മാറ്റിയത് എന്നായിരുന്നു വാദം. സ്വത്തുക്കള്‍ ജോളിയുടെ പേരിലേക്ക് മാറ്റിയതിന് എതിരെ ടോം തോമസിന്റെ മറ്റ് രണ്ട് മക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഒസ്യത്ത് സംശയകരമാണെന്ന പരാതി ഉയര്‍ന്നതോടെ ഇതു റദ്ദാക്കി.ഒസ്യത്ത് റദ്ദാക്കിയതിന് പിന്നാലെയാണ് ബന്ധുക്കളുടെ മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ അമേരിക്കയിലുള്ള മകന്‍ റോജോ തോമസ് കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുന്നത്.