September 28, 2022 Wednesday

Related news

September 27, 2022
September 26, 2022
September 23, 2022
September 10, 2022
September 9, 2022
September 5, 2022
September 5, 2022
September 4, 2022
September 4, 2022
September 3, 2022

കുടുംബശ്രീ‌: സ്ത്രീ ശാക്തീകരണത്തിന്റെ കേരള മോഡൽ

മനു അഖില
തിരുവനന്തപുരം
March 8, 2021 9:49 am

പല സാമൂഹിക സൂചികകളിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണ്. സ്ത്രീ സുരക്ഷയിലും ലിംഗസമത്വത്തിലും ഇതേ പദവി നിലനിർത്തുന്നുണ്ട്. സ്ത്രീയുടെ ജീവിതം വീടിനുള്ളിലും പുറത്തും സുരക്ഷിതവും അന്തസുള്ളതുമാക്കി മാറ്റാൻ കൂടുതൽ പദ്ധതികളുമായാണ് ഇടത് സർക്കാർ മുന്നേറിയത്. സ്വാശ്രയത്വത്തിലേക്കും അർഹമായ സാമൂഹിക പദവിയിലേക്കും സ്ത്രീകളെ കൈപിടിച്ചുയർത്താന്‍ ഈ സർക്കാർ സ്വീകരിച്ച നടപടികൾ ചെറുതല്ല.

ലോക സാമ്പത്തിക ഫോറം പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ടിലും ലിംഗസമത്വത്തിൽ കേരളം ഒരു പ്രകാശരേഖയെന്നാണ് വ്യക്തമാക്കുന്നത്.

കുടുംബശ്രീ, വിവിധ വായ്പാ പദ്ധതികൾ, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ, പരിശീലനങ്ങൾ എന്നിവയിലൂടെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന സ്ത്രീകളെ സമൂഹത്തിന്റെ മുൻധാരയിലെത്തിക്കാൻ ഈ സർക്കാരിന് സാധിച്ചിട്ടുണ്ട്.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിന് വിവിധ വ്യക്തികളെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി രൂപീകരിച്ച കൈത്താങ്ങ് കർമ്മസേന, വൺസ്റ്റോപ്പ് സെന്ററുകൾ, എന്റെ കൂട് പദ്ധതി, വനിത മിത്ര കേന്ദ്രങ്ങൾ എന്നിവ വൻ വിജയമായ പദ്ധതികളാണ്.

വനിത വികസന കോർപ്പറേഷനിലൂടെ പത്ത് ലക്ഷത്തിലധികം വനിതകൾക്ക് വിവിധ സേവനങ്ങളും ലഭ്യമാക്കി. രാജ്യത്ത് സ്ത്രീ സുരക്ഷയൊരുക്കുന്ന സംസ്ഥാനങ്ങളിൽ എക്കാലവും കേരളം മുൻപന്തിയിൽ തന്നെയാണ്.

സ്ത്രീ ശാക്തീകരണത്തിലെ വഴികാട്ടിയായി കുടുംബശ്രീ

കേരളീയ സമൂഹത്തില്‍ കാതലായ മാറ്റങ്ങളുമായി സ്ത്രീ ശാക്തീകരണത്തിലെ വഴികാട്ടിയായി മാറുകയാണ് കുടുംബശ്രീയുടെ മുന്നേറ്റം. കഴിഞ്ഞ നാലര വർഷം വളർച്ചയുടെ പടവുകളിലേക്കാണ് കുടുംബശ്രീ സംഘടനാ സംവിധാനത്തെ എൽഡിഎഫ് സർക്കാർ ഉയർത്തിയത്. പട്ടിണിയില്ലാതാക്കാൻ കേരളം ആരംഭിച്ച ദാരിദ്ര്യ നിർമ്മാർജന മിഷന്‍ 22 വർഷങ്ങൾ പിന്നിടുമ്പോൾ നേട്ടങ്ങളുടെ നീണ്ട നിരയും ഒപ്പമുണ്ട്. പഞ്ചായത്തീ രാജ് നിയമത്തിനെ അടിസ്ഥാനമാക്കി 1995‑ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം കേരളത്തില്‍ നടപ്പാക്കിയ പദ്ധതിയാണ് കുടുംബശ്രീ. ഇ കെ നായനാര്‍ സര്‍ക്കാര്‍ ഭരണകാലത്ത് ജനകീയാസൂത്രണ പദ്ധതിയായി നടപ്പിലാക്കുന്നതിനൊപ്പം പ്രഖ്യാപിക്കപ്പെട്ട പൈലറ്റ് പ്രോജക്ടായി ആരംഭിച്ച കുടുംബശ്രീ പിന്നീടുള്ള കാലങ്ങളിൽ സജീവമായി.

സ്ത്രീ ശാക്തീകരണം എന്ന സങ്കല്‍പ്പം മുന്നോട്ട് വച്ചുവെങ്കിലും പ്രധാനമായും സ്ത്രീകള്‍ക്ക് വരുമാനമാര്‍ഗമുണ്ടാക്കുന്ന പദ്ധതി എന്ന കാഴ്ചപ്പാടിലേക്ക് മാത്രം പലരും ഇതിനെ ചുരുക്കി വ്യാഖ്യാനിച്ച കാലമായിരുന്നു ആദ്യം. എന്നാല്‍ പിന്നീട് ഈ പദ്ധതി മറ്റൊരു തലത്തിലേക്ക് വളരുന്ന കാഴ്ചയ്ക്ക് കേരളം സാക്ഷ്യം വഹിച്ചു. ഇന്ന് കുടുംബശ്രീയുടെ പ്രവര്‍ത്തനം ശക്തവും വിപുലവുമാണ്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ കുടുംബശ്രീയില്‍ അംഗങ്ങളാണ്. കേരളത്തിലെ തദ്ദേശീയ സര്‍ക്കാരുകളുമായി ബന്ധപ്പെട്ട പ്രാദേശിക വികസനത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഏജന്‍സിയായി കുടുംബശ്രീ മാറിയതോടെ താഴെതട്ടിലെ വികസനത്തില്‍ സ്ത്രീകളുടെ നിര്‍ണായക പങ്കാളിത്തം ഉറപ്പായി. കുടുംബങ്ങളുടെ ഉന്നതിയും സ്ത്രീകളുടെ പുരോഗതിയും സമൂഹത്തിന്റെ അഭിവൃദ്ധിയും ലക്ഷ്യംവച്ചാണ് കുടുംബശ്രീയിലൂടെ പദ്ധതികൾ ആവിഷ്കരിക്കുന്നത്.

പഞ്ചായത്ത് തലത്തിലെ സര്‍വവിധ വികസന പ്രവര്‍ത്തനങ്ങളുടെയും നിര്‍ണായക ഏജന്‍സിയായി കുടുംബശ്രീ മാറി. സമൂഹത്തില്‍ സ്ത്രീകളുടെ സാന്നിധ്യവും പങ്കാളിത്തവും ഉയര്‍ത്തുന്നതില്‍ ഇത് പങ്കു വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിലെ 95 ശതമനവും കുടുംബശ്രീ സ്ത്രീകളാണ്. പഞ്ചായത്ത് ഭരണം, പ്രാദേശിക വികസനം, ജനബന്ധം എന്നിവയിലൂടെ കുടുംബശ്രീക്ക് നിര്‍ണായക സ്വാധീനം ചെലുത്താനായി. ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തില്‍ പ്രധാനപങ്ക് വഹിച്ച കുടുംബശ്രീകള്‍ വഴി സ്ത്രീകളുടെ ജനാധിപത്യ ശേഷിയും ഉയര്‍ന്നു. സ്ത്രീകളിലൂടെ കുടുംബങ്ങളിലേക്ക്, കുടുംബങ്ങളിലൂടെ സമൂഹത്തിലേക്ക് എന്ന ആശയം മുൻ നിർത്തി പ്രവർത്തനം ആരംഭിച്ച കുടുംബശ്രീയിൽ നിലവിൽ മൂന്ന് ലക്ഷത്തോളം അയൽക്കൂട്ടങ്ങളിലായി 45 ലക്ഷം വനിതാ അംഗങ്ങളാണുള്ളത്.

കുടുംബശ്രീ ഏറ്റവും കാര്യക്ഷമമായ ഉപജീവന മിഷനായി വളർന്നു എന്നതാണ് ഈ കാലയളവിലെ പ്രത്യേകത. കുടുംബശ്രീക്കുള്ള സാമ്പത്തിക വിഹിതം വർധിപ്പിച്ച് സ്ത്രീ ശാക്തീകരണത്തിനും സാമൂഹ്യ പുരോഗതിക്കും ഉപജീവന പ്രവർത്തനങ്ങൾക്കും കൂടുതൽ ഊന്നൽ നൽകാൻ സർക്കാർ പ്രത്യേക ശ്രദ്ധ നൽകി. 2015–16 ൽ 75 കോടി രൂപയോളമുണ്ടായ കുടുംബശ്രീയുടെ ബജറ്റ് വിഹിതം 2021–22‑ലെ ബജറ്റിൽ എത്തുമ്പോൾ 260 കോടിയിലേക്കാണ് ഉയർന്നത്. കുടുംബശ്രീയിലൂടെ നടപ്പാക്കുന്ന വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള തുക കൂടി കണക്കാക്കുമ്പോൾ 1749 കോടി രൂപയാണ് കുടുംബശ്രീക്കുള്ള ആകെ ബജറ്റ് വിഹിതം.

കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി കുടുംബശ്രീയിലൂടെ ഉപജീവന പദ്ധതികൾ നടപ്പാക്കാൻ ഒരോ വർഷവും 50 കോടി രൂപയിൽ അധികമുള്ള പ്രത്യേക ഉപജീവന പാക്കേജും സർക്കാർ അനുവദിച്ചു. ഇതുകൂടാതെ റീ ബിൽഡ് കേരളയുടെ ഭാഗമായി 250 കോടിയുടെ പ്രത്യേക പാക്കേജും അനുവദിച്ചു. സാമൂഹ്യ ക്ഷേമം ലക്ഷ്യമാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നിരവധി പദ്ധതികളാണ് കുടുംബശ്രീ നടപ്പാക്കിയത്. ഒന്നര ലക്ഷത്തിലധികം അഗതി കുടുംബങ്ങൾക്ക് സംരക്ഷണം നൽകാൻ ‘അഗതി രഹിത കേരളം’ പദ്ധതിയും മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി 150-ഓളം പുതിയ ബഡ്സ് സ്കൂളുകളും സ്ഥാപിച്ചു.

ഒറ്റയ്ക്ക് താമസിക്കുന്നവർക്കായി ‘സ്നേഹിത കോളിംഗ് ബെൽ’ പദ്ധതി ആവിഷ്കരിച്ചു. സ്ത്രീകൾക്കുള്ള വൺ സ്റ്റോപ്പ് സെന്ററായി എല്ലാ ജില്ലയിലും സ്നേഹിത തുടങ്ങി. ഇതോടൊപ്പം 700 തദ്ദേശ സ്ഥാപനങ്ങളിൽ ജെന്‍ഡർ റിസോഴ്സ് സെന്ററുകൾ സ്ഥാപിച്ചും പ്രവർത്തന മേഖല വ്യാപിപ്പിച്ചു.

കേരളത്തിനു പുറമെ ഇരുപതോളം സംസ്ഥാനങ്ങളിൽ നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ രീതിയിൽ പ്രവർത്തനം നടത്തുന്നതിലേക്ക് മികവ് ഉയർത്താൻ കുടുംബശ്രീക്ക് കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ സാധിച്ചു. ഉഗാണ്ട, അസർബൈജാൻ, താജിക്കിസ്ഥാൻ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ അന്താരാഷ്ട്ര തലത്തിലുള്ള പരിശീലനങ്ങൾ നടത്താനും കുടുംബശ്രീക്ക് അവസരം ലഭിച്ചു. സ്ത്രീ ശാക്തീകരണത്തിലും ദാരിദ്ര്യ നിർമ്മാർജനത്തിലും പുതിയ മാതൃക സൃഷ്ടിച്ച കുടുംബശ്രീ ഇന്ന് രാജ്യത്തിനകത്തും പുറത്തും പ്രശംസിക്കപ്പെടുന്ന രീതിയിൽ മാറിക്കഴിഞ്ഞു.

നാല്പതിനായിരത്തോളം സംരംഭങ്ങളിലൂടെയാണ് വനിതകൾക്ക് സ്വയം തൊഴിൽ അവസരം ഒരുക്കിയത്. എഴുപതിനായിരത്തോളം സംഘകൃഷി ഗ്രൂപ്പുകളിലൂടെ കാർഷിക മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കുടുംബശ്രീക്ക് സാധിച്ചു. സ്ത്രീ ശക്തിയുടെ കരുത്തിൽ വിശപ്പുരഹിത കേരളം എന്ന ലക്ഷ്യത്തിലേക്ക് കുടുംബശ്രീ ജനകീയ ഹോട്ടലുകൾ നിർണായക പങ്ക് വഹിച്ചു. കൊച്ചി മെട്രോയുടെ നടത്തിപ്പ് മുതൽ മാലിന്യനിർമ്മാർജനം വരെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് കുടുംബശ്രീ ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കുന്നത്. പ്രാദേശിക തലത്തിൽ മാലിന്യ നിർമ്മാർജനത്തിന് ചുക്കാൻ പിടിക്കുന്ന ഹരിതകർമ്മ സേനയിൽ 25000‑ത്തിലധികം വനിതകളാണ് പ്രവർത്തിക്കുന്നത്.

സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളിൽ അഞ്ച് വർഷംകൊണ്ട് 25 ശതമാനം കുറവ് സൃഷ്ടിക്കുവാൻ ലക്ഷ്യമിട്ട് പ്രത്യേക കാമ്പെയിനാണ് ഒടുവിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതി. കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ അംഗങ്ങളെ ഉപയോഗപ്പെടുത്തി സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾ എവിടെവച്ച്, എപ്പോൾ, ആരിൽ നിന്ന് ഉണ്ടായിയെന്നതിനെക്കുറിച്ച് വിവരശേഖരണം നടത്തുവാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങളുടെ മാപ്പിംഗ് നടത്തും. ക്രൈം മാപ്പിന്റെ അടിസ്ഥാനത്തിൽ അതിക്രമങ്ങൾ കുറയ്ക്കുന്നതിനു വേണ്ടിയുള്ള പ്രോജക്ടുകൾ വനിതാ ഘടകപദ്ധതിയിൽ ഉൾപ്പെടുത്തും. പൊതുപ്രോജക്ടുകളിലും സ്ത്രീ പരിഗണന ഉറപ്പുവരുത്തും. ഈ കാമ്പെയിനു വേണ്ടി കുടുംബശ്രീക്ക് 20 കോടി രൂപ അധികമായി കഴിഞ്ഞ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. കുടുംബശ്രീകളിൽ യുവതികൾക്കുവേണ്ടി ഓക്സിലറി യൂണിറ്റുകൾ ആരംഭിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ട്. ഇത് കുടുംബശ്രീയുടെ അംഗത്വത്തിൽ കുതിച്ചുചാട്ടം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സാമൂഹ്യനീതിയുടെ ചരിത്രമാതൃക

സ്ത്രീ സൗഹൃദ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയും തൊഴിൽ സ്ഥലത്ത് സ്ത്രീകളുടെ അവകാശം സംരക്ഷിക്കുകയും ചെയ്യുന്നതിനായി ശക്തമായ നടപടിയാണ് ഈ സർക്കാർ കൈക്കൊണ്ടത്. കേരളത്തിന്റെ തൊഴിൽ മേഖലയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറിയ നിയമമാണ് റൈറ്റ് ടു സിറ്റ് ( ഇരിക്കാനുള്ള അവകാശം നിയമം). എല്ലാ കച്ചവട വാണിജ്യ സ്ഥാപനങ്ങളിലും സ്ത്രീ തൊഴിലാളികൾക്ക് നിർബന്ധമായും ഇരിപ്പിടം നൽകണമെന്ന് 2018‑ൽ രൂപീകരിച്ച നിയമം നിഷ്കർഷിക്കുന്നു. സ്ത്രീ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവരുടെ അന്തസ് സംരക്ഷിക്കാനും ലക്ഷ്യമിടുന്ന നിയമം ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞു.

മെറ്റേണിറ്റി ബെനിഫിറ്റ് അമൻഡ്മെന്റ് ആക്ടിലൂടെ സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കൂടി പ്രസവാനുകൂല്യ പരിധിയിൽ കൊണ്ടു വന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. ഈ നിയമപ്രകാരം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്ത്രീകൾക്ക് 26 ആഴ്ച ശമ്പളത്തോടെ പ്രസവ അവധിയും ഒറ്റത്തവണയായി ചികിത്സാ ആവശ്യങ്ങൾക്ക് 3500 രൂപയും ലഭിക്കുന്നു. സ്ത്രീ ശാക്തീകരണവും സാമൂഹ്യ നീതിയും ഉറപ്പാക്കാൻ കേരളം സ്വീകരിച്ച ഈ നയം കേന്ദ്ര സർക്കാർ ഏറ്റെടുത്ത് ഇന്ത്യയാകെ നടപ്പാക്കുകയാണ്.

അടുക്കളയിലൊതുക്കില്ല; അരങ്ങത്തേയ്ക്കെത്തിക്കും

അഭ്യസ്ത വിദ്യരുടെ തൊഴിലില്ലായ്മയാണ് കേരളം ഇന്നു നേരിടുന്ന ഏറ്റവും വലിയ വികസന വെല്ലുവിളി. 2018–19‑ൽ 15‑നും 59 വയസിനും ഇടയിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് ദേശീയതലത്തിൽ 5.8 ശതമാനം ആയിരുന്നപ്പോൾ കേരളത്തിലേത് 10.4 ശതമാനമായിരുന്നു. സ്ത്രീകളുടെ തൊഴിലില്ലായ്മയാണ് ഇതിനു മുഖ്യകാരണം. പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് കേരളത്തിൽ 5.8 ശതമാനമായിരിക്കുമ്പോൾ സ്ത്രീകളുടേത് 19.1 ശതമാനമാണ്. പുരുഷന്മാരുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 73.5 ശതമാനമായിരിക്കുമ്പോൾ സ്ത്രീകളുടേത് 28.5 ശതമാനം മാത്രമാണ്. കരിയർ ബ്രേക്ക് ചെയ്ത് വീടുകളിലിരിക്കുന്ന സ്ത്രീ പ്രൊഫഷണലുകൾ കേരളത്തിൽ അഞ്ച് ലക്ഷത്തോളം ഉണ്ടെന്നാണ് കണക്ക്. സ്ത്രീകൾക്ക് സ്വന്തം മുഖം കണ്ടെത്തുന്നതിനുള്ള ബൃഹത് പദ്ധതിയാണ് സർക്കാർ കഴിഞ്ഞ ബജറ്റിൽ മുന്നോട്ടു വച്ചത്.

തൊഴിൽ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിന്റെ ഫലമായി സ്ത്രീകളുടെ തൊഴിലില്ലായ്മ ഗണ്യമായി കുറയ്ക്കുന്നതിനും തൊഴിൽ പങ്കാളിത്തം ഉയർത്തുന്നതിനും സാധിക്കുമെന്നാണ് സർക്കാർ ബജറ്റിലൂടെ വിഭാവനം ചെയ്തത്. 2021–22ലെ ബജറ്റിൽ വനിതാഅടങ്കൽ പദ്ധതി തുക 1347 കോടി രൂപയാണ്. പദ്ധതി വിഹിതം 6. 54 ശതമാനവും. മറ്റു സ്കീമുകൾ കൂടി കണക്കിലെടുക്കുകയാണെങ്കിൽ മൊത്തം വനിതാ വിഹിതം 19. 54 ശതമാനമാണ്. സ്ത്രീ പ്രൊഫഷണലുകളുടെ ദുർഗതിക്ക് അറുതി വരുത്താനാണ് സർക്കാർ നടപടി സ്വീകരിച്ചത്. ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി തൊഴിൽ ലഭ്യമാക്കുന്ന പദ്ധതിയുടെ ഗുണഭോക്താക്കളിൽ 75 ശതമാനം യുവതികളായിരിക്കുമെന്നും സർക്കാർ ഉറപ്പു നൽകുന്നു. വനിതാസംരംഭകത്വ വികസനത്തിനും ഊന്നല്‍ നൽകിയിട്ടുണ്ട്. വനിതാമാധ്യമപ്രവർത്തകർക്ക് തലസ്ഥാനത്ത് താമസസൗകര്യം ഏർപ്പെടുത്തുന്നതുൾപ്പടെ വിപ്ലവകരമായ പദ്ധതികളാണ് ഈ സർക്കാർ പ്രഖ്യാപിച്ചത്.

Eng­lish summary:Kudumbasree; Ker­ala Mod­el of Women empowerment

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.