Friday
20 Sep 2019

പ്രളയത്തില്‍ നഷ്ടപ്പെട്ട വീടുകള്‍ പണിയുന്നത്പ്രളയ ബാധിതരായ കുടുംബശ്രീ വനിതകള്‍

By: Web Desk | Friday 14 June 2019 9:33 PM IST


ഡാലിയ ജേക്കബ്ബ്

ആലപ്പുഴ: പ്രളയത്തില്‍ നഷ്ടപ്പെട്ട കിടപ്പാടം പണിതുയര്‍ത്താന്‍ പരിശ്രമിക്കുകയാണ് ആലപ്പുഴയിലെ പ്രളയബാധിതരായ വീട്ടമ്മമാര്‍. ഇരച്ചുകയറിയ വെള്ളത്തില്‍ നിന്ന് ഒന്നും എടുക്കാനാകാതെ കരപറ്റിയവര്‍ ഇന്ന് ഇനിയൊരു പ്രളയം വന്നാല്‍ സുരക്ഷിതമായി ചേക്കാറാനുള്ള കൂടിന്റെ പണിപ്പുരയിലാണ്. പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ മാതൃകയായ ഐ ആം ഫോര്‍ ആലപ്പിയുടെ മേല്‍നോട്ടത്തില്‍ ആലപ്പുഴ ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിച്ചു നല്‍കുന്ന 500 ഓളം വീടുകള്‍ നിര്‍മ്മിക്കുന്നത് പ്രളയബാധിതരായ ഇരുന്നൂറോളം കുടുംബശ്രീ വനിതകളാണ്.കഴിഞ്ഞ ഓണം ക്യാമ്പിലായിരുന്നെങ്കില്‍ ഈ ഓണം പുത്തന്‍ വീട്ടിലുണ്ണാം എന്ന സന്തോഷത്തിലാണ് ഈ കുടുംബങ്ങള്‍.
പ്രളയത്തില്‍ വെള്ളം കയറിയ അളവിനെക്കാള്‍ ഉയരത്തിലാണ് എല്ലാ വീടുകളും നിര്‍മ്മിക്കുന്നത്. പ്രളയമോ സമാനമായ എന്തെങ്കിലും ആപത്തോ ഉണ്ടായാല്‍ എല്ലാവര്‍ക്കും അഭയമാകാന്‍ കഴിയുന്ന രീതിയില്‍ സമുദ്രനിരപ്പില്‍ നിന്ന് ഒന്നേകാല്‍ മുതല്‍ രണ്ട് മീറ്റര്‍ വരെ ഉയരത്തിലാണ് എല്ലാ വീടുകളും നിര്‍മ്മിക്കുന്നത്. വെള്ളപ്പൊക്കത്തിനു ശേഷം വീട്ടിലേക്കു മടങ്ങിയെത്തിയ നെടുമുടി തെക്കേമുറി കന്യാക്കോണേതില്‍തറ വീട്ടില്‍ ഗ്രിഗറി വര്‍ഗീസിന് ആകെ കാണാന്‍ സാധിച്ചത് ഒലിച്ചുപോകാതെ ശേഷിച്ചു നിന്ന അടുക്കളയാണ്. പ്രായമായ മാതാപിതാക്കളെയും ഭാര്യയെയും മക്കളെയും കൂട്ടി എങ്ങോട്ടെന്നറിയാതെ പകച്ചു നിന്നു. താല്‍ക്കാലിക ഷെഡ് പണിത് താമസം ആരംഭിച്ചു. ഇതിനിടെയിലാണ് സഹായവുമായി ഐ ആം ഫോര്‍ ആലപ്പിയുടെ വരവ്. റാമോജിറാവു ഫിലിം സിറ്റി നിര്‍മ്മിച്ചു നല്‍കുന്ന 116 വീടുകളില്‍ ഒന്നായാണ് ഗ്രിഗറിയുടെ വീടും തെരഞ്ഞെടുത്തത്. കഴിഞ്ഞയാഴ്ച തറക്കല്ലിട്ട വീടിന്റെ വാര്‍പ്പ് ആരംഭിച്ചു.
റാമോജി റാവു ഫിലിം സിറ്റി സ്‌പോണ്‍സര്‍ ചെയ്യുന്ന എല്ലാ വീടുകളും നിര്‍മ്മിക്കുന്നത് കുടുംബശ്രീ വനിതകളാണ്. തറക്കല്ലിടുന്നത് മുതല്‍ വാര്‍പ്പും ഇലക്ട്രിക്കല്‍ ജോലിയും, പ്ലംബിംഗും പെയിന്റിംഗും എന്നു വേണ്ട സകല ജോലികളും വനിതകളുടെ കൈകളില്‍ ഭദ്രം. സ്ത്രീകളെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏല്‍പ്പിച്ചപ്പോള്‍ പല ഭാഗത്തു നിന്നും ആശങ്കകളും ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. എല്ലാത്തിനുമുള്ള മറുപടിയാണ് അവര്‍ പടുത്തുയര്‍ത്തുന്ന മനോഹര ഭവനങ്ങള്‍. ഇതുവഴി പ്രളയബാധിതരായ വീടുകളിലെ സ്ത്രീകള്‍ക്ക് തൊഴില്‍ നേടിക്കൊടുക്കുവാനും സാധ്യമായി. 42 ദിവസങ്ങള്‍ കൊണ്ടാണ് 420 സ്‌ക്വയര്‍ ഫീറ്റിലുള്ള വാര്‍ത്ത വീട് നിര്‍മ്മിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഒരു സ്ത്രീ മൂന്നു വീടുകളുടെ നിര്‍മ്മാണത്തില്‍ ഭാഗമാകും. തൊഴിലുറപ്പിനും പാടത്തും പോയിരുന്ന കാലത്ത് ലഭിച്ചതിരുന്നതിനെക്കാള്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നുണ്ടെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു. സെപ്റ്റംബര്‍ മാസത്തോടെ വനികളുടെ 42 സംഘങ്ങള്‍ നിര്‍മ്മാണ ജോലികളുടെ പരിശീലനം പൂര്‍ത്തിയാക്കും.