Friday
22 Feb 2019

കുടുംബശ്രീ നഗരസേവന പദ്ധതി പ്രോത്സാഹനമര്‍ഹിക്കുന്ന സംരംഭം

By: Web Desk | Monday 23 April 2018 10:49 PM IST

ദേശീയ നഗര ഉപജീവന ദൗത്യ (നാഷണല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ് മിഷന്‍ – എന്‍യുഎല്‍എം)ത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിരിക്കുന്ന നഗരസേവക സംഘ (അര്‍ബന്‍ സര്‍വീസ് ടീം) ത്തിന്റെ പ്രവര്‍ത്തനം സമൂഹത്തിന്റെയാകെ ശ്രദ്ധയും പിന്തുണയും അര്‍ഹിക്കുന്നു. കേരളം അതിവേഗം നഗരവല്‍ക്കരണം നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍പന്തിയിലാണ്. ഒരുപക്ഷെ നഗര-ഗ്രാമ വ്യത്യാസങ്ങള്‍ കൂടാതെ ഒരു സംസ്ഥാനം അപ്പാടെ നഗരസമുച്ചയമായിക്കൊണ്ടിരിക്കുന്നുവെന്ന് പറയാവുന്ന തരത്തിലാണ് കേരളം മാറുന്നത്. ഈ മാറ്റത്തോടൊപ്പം തൊഴില്‍ രംഗവും വന്‍മാറ്റങ്ങള്‍ക്കാണ് വിധേയമാവുന്നത്. അണുകുടുംബങ്ങളും തൊഴിലെടുക്കുന്ന ദമ്പതിമാരുടെ എണ്ണവും വര്‍ധിക്കുന്നതിനനുസരിച്ച് ഭവനങ്ങള്‍ക്ക് ആവശ്യമായിവരുന്ന സേവന തൊഴില്‍ മേഖലയില്‍ വിദഗ്ധ അവിദഗ്ധ തൊഴിലുകള്‍ക്ക് തൊഴിലാളികള്‍ ലഭ്യമല്ലെന്നത് നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ഉയര്‍ന്നുകേള്‍ക്കുന്ന പരാതികളില്‍ ഒന്നാണ്. വീടുകളുടെ ദൈനംദിന പരിപാലനം, ഇലക്ട്രീഷ്യന്‍, പ്ലംബിങ്, എ സി മെക്കാനിക്, ടെലിവിഷന്‍ അടക്കം വിവിധ ഇലക്ട്രിക്കല്‍-ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ പരിചരണം തുടങ്ങി ഭവനങ്ങളില്‍ മാത്രമല്ല എല്ലാത്തരം സ്ഥാപനങ്ങളിലും തൊഴിലവസരങ്ങള്‍ സുലഭമാണ്. ഇത്തരം ജോലികള്‍ക്ക് സ്ഥിരം തൊഴിലാളികള്‍ ആവശ്യമല്ലെന്നതിനാല്‍ പുറംകരാര്‍ തൊഴില്‍ സംരംഭങ്ങള്‍ക്ക് വന്‍വിജയ സാധ്യതയാണ് കേരളത്തിലെ നഗര-ഗ്രാമ മേഖലകളിലുള്ളത്. ആ സാധ്യതകളെ പൂര്‍ണമായി പ്രയോജനപ്പെടുത്തി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അതുവഴി തൊഴില്‍രഹിതരായ വനിതകള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്താനും ഉതകുന്ന ഭാവനാപൂര്‍ണമായ പദ്ധതിയാണ് നഗരസേവക സംഘം എന്ന ആശയത്തിലൂടെ കുടുംബശ്രീ തുടക്കം കുറിക്കുന്നത്. അത് മുദ്രാവാക്യം എന്നതിനപ്പുറം തൊഴില്‍രഹിതരായ വനിതകളെ സ്ത്രീശാക്തീകരണ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ സഹായിക്കുമെന്നുവേണം പ്രതീക്ഷിക്കാന്‍.
ഒരു തുടക്കം എന്ന നിലയില്‍ തിരുവനന്തപുരം നഗരത്തില്‍ ആരംഭിച്ചിരിക്കുന്ന നഗര സേവക സംഘത്തിന്റെ മാതൃകയിലുള്ള തൊഴില്‍ സംരംഭങ്ങള്‍ക്ക് കേരളത്തില്‍ നഗര-ഗ്രാമ വ്യത്യാസം കൂടാതെ വളരെ സാധ്യതകളാണ് നിലവിലുള്ളത്. ആവശ്യമായ പരിശീലനം ലഭിച്ച സാങ്കേതിക നൈപുണ്യമുള്ള സ്ത്രീകള്‍ക്ക് അവരവരുടെ സമൂഹങ്ങളില്‍ തന്നെ മാന്യമായ തൊഴിലും വരുമാനവും തൊഴില്‍ സുരക്ഷിതത്വവും ഉറപ്പുനല്‍കാന്‍ ഈ സംരംഭത്തിനു കഴിയും. മതിയായ വിദ്യാഭ്യാസമുണ്ടായിട്ടം മാന്യമായ തൊഴിലവസരം ലഭിക്കാത്ത വനിതകള്‍ക്ക് തൊഴില്‍ലും വരുമാന സുരക്ഷിതത്വവും ഉറപ്പുനല്‍കാന്‍ ഇത് വഴിയൊരുക്കുമെന്നുവേണം കരുതാന്‍. പരമ്പരാഗത തൊഴില്‍ സാധ്യതകള്‍ പരിമിതമാവുകയും പുതിയ വ്യവസ്ഥാപിത തൊഴിലവസരങ്ങള്‍ കുറഞ്ഞുവരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ തൊഴില്‍രഹിതരായ വനിതകള്‍ക്ക് ഈ സംരംഭം ഏറെ പ്രതീക്ഷയ്ക്ക് വകനല്‍കുന്നു. ലോകത്ത് ഏറ്റവുമധികം നിരക്ഷരരുള്ള രാജ്യത്ത് കേരളം കാഴ്ചവയ്ക്കുന്നത് മറിച്ചൊരു ചിത്രമാണ്. 2011 ലെ കാനേഷുമാരി കണക്കുകളനസുരിച്ച് കേരളത്തിന്റെ സാക്ഷരതാ നിരക്ക് 93.9 ശതമാനമാണ്. അതില്‍ സ്ത്രീകളുടെ സാക്ഷരത 91.98 ശതമാനവും. സ്ത്രീസാക്ഷരതയുടെ ദേശീയ നിരക്ക് 65.46 മാത്രമായിരിക്കെയാണ് ഇത്. എന്നാല്‍ തൊഴിലുമായി ബന്ധപ്പെടുത്തി പരിശോധിക്കുമ്പോഴാണ് വിദ്യാഭ്യാസ യോഗ്യതയുള്ള സ്ത്രീവിഭവശേഷി എത്രത്തോളം പാഴാകുന്നുവെന്ന് മനസിലാക്കാനാവൂ. പുരുഷന്മാര്‍ 51.7 ശതമാനം വരുമാനമുളള തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കെ വനിതകളുടെ തൊഴില്‍ പങ്കാളിത്തം 25.6 ശതമാനം മാത്രമാണെന്ന് സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നു. ആറുമാസമോ അതിലധികമോ പണിയെടുക്കുന്ന മുഖ്യ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുരുഷന്മാര്‍ 51.7 ശതമാനവും വനിതകള്‍ കേവലം 14.7 ശതമാനവും മാത്രമാണ്. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് പാഴായിപ്പോകുന്ന സ്ത്രീ തൊഴില്‍ ശക്തിതന്നെയാണ്.
കുടുംബശ്രീയടക്കം കേരളത്തിലെ വനിതാ സ്വാശ്രയസംഘങ്ങളും അവയുടെ പ്രവര്‍ത്തനവും സംസ്ഥാനത്തെ സ്ത്രീശാക്തീകരണ പ്രക്രിയയ്ക്ക് ഗണ്യമായ ഊര്‍ജം പകര്‍ന്നു നല്‍കിയിട്ടുണ്ട്. അത് കൂടുതല്‍ ക്രിയാത്മകവും ശക്തവുമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു നല്‍കാന്‍ കഴിയണം. അതാവട്ടെ സമൂഹത്തിന്റെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നവയുമാകണം. നഗരസേവക സംഘം എന്ന സങ്കല്‍പം തൊഴില്‍പരമായ സാമൂഹ്യ ആവശ്യങ്ങള്‍ക്ക് ഏറെ അനുയോജ്യമായ ഒന്നാണെന്നതില്‍ സംശയമില്ല. ആ ആവശ്യങ്ങള്‍ ഫലപ്രദമായി നിറവേറ്റാന്‍ പര്യാപ്തമായ പരിശീലനം, സംഘാടന വൈഭവം, അത് സാധാരണക്കാര്‍ക്ക് സാമ്പത്തികമായി താങ്ങാവുന്ന തരത്തില്‍ പ്രദാനം ചെയ്യുക എന്നിവയാണ് പദ്ധതി നേരിടുന്ന വെല്ലുവിളി. നിരവധിയായ സേവന തുറകളില്‍ കുടുംബശ്രീ കാഴ്ചവയ്ക്കുന്ന പ്രവര്‍ത്തനവും സമൂഹം അതിനു നല്‍കിവരുന്ന പിന്തുണയും പുതിയ സംരംഭത്തിന് മാതൃകയാവുമെന്ന് സമൂഹത്തിന് പ്രതീക്ഷിക്കാം.

Related News