ഡാലിയ ജേക്കബ്

ആലപ്പുഴ

April 07, 2020, 8:52 pm

അഗതി കുടുംബങ്ങൾക്ക് കരുതലുമായി കുടുംബശ്രീ

Janayugom Online

കോവിഡ്-19 രോഗം പടരുന്ന പ്രതിസന്ധിഘട്ടത്തിൽ അഗതി കുടുംബങ്ങൾക്ക് പ്രത്യേക കരുതലുമായി കുടുംബശ്രീ. രോഗ പ്രതിരോധശേഷി കുറഞ്ഞ മറ്റ് അസുഖങ്ങളുള്ളതിനാൽ വയോജനങ്ങൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൊറോണ രോഗബാധയേൽക്കാൻ സാധ്യത കൂടുതലാണ്. ഇക്കാരണത്താലാണ് വയോജനങ്ങൾക്ക് വേണ്ടി പ്രത്യേക പദ്ധതി നടപ്പാക്കാൻ കുടുംബശ്രീ തീരുമാനിച്ചത്.

അഗതി കുടുംബാംഗങ്ങളെ സർവ്വേ പ്രകാരം കുടുംബശ്രീതന്നെ കണ്ടെത്തുകയും അവർക്കുള്ള വിവിധ സേവനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെ ചെയ്യാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത്. കേരളത്തിൽ 1,57,691 അഗതി കുടുംബങ്ങളാണ് ഉള്ളത്. ഇതിൽ 1,22,920 കുടുംബങ്ങളിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള അംഗങ്ങളുമുണ്ട്. തിരുവനന്തപുരം 12,403,കൊല്ലം 10, 230, പത്തനംതിട്ട 6742,ആലപ്പുഴ 10, 691,കോട്ടയം 8945,ഇടുക്കി 5865,എറണാകുളം 14,247,തൃശ്ശൂർ 9919,പാലക്കാട് 14,684,കോഴിക്കോട് 7416,മലപ്പുറം 9960 വയനാട് 4690 കണ്ണൂർ 4008,കാസർഗോഡ് 3120 എന്നിങ്ങനെയാണ് 60 വയസ്സിന് മേൽ പ്രായമുള്ളവരുൾപ്പെടുന്ന അഗതികുടുംബങ്ങളുടെ ഓരോ ജില്ലയിലേയും എണ്ണം.

അഗതികുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള പദ്ധതി 14 ജില്ലകളിലും ഏകോപിപ്പിക്കുന്നതിനായി ജില്ലാ പ്രോഗ്രാം മാനേജർമാരെ കുടുംബശ്രീ നിയോഗിച്ചിട്ടുണ്ട്. ഇവർക്ക് കീഴിൽ ഓരോ 50 കുടുംബത്തിനും ഒരാൾ എന്ന തോതിൽ റിസോഴ്സ് പേഴ്സൺമാരുമുണ്ട്. ഇവർ അഗതികുടുംബങ്ങളിലുള്ളവരെ മൂന്ന് ദിവസത്തിലൊരിക്കൽ ഫോണിലൂടെ ബന്ധപ്പെടുകയും അവരുടെ ആരോഗ്യകാര്യങ്ങളും ഭക്ഷണം ഉൾപ്പെടെയുള്ള ആവശ്യങ്ങളും അന്വേഷിക്കുകയും ചെയ്യും. പനി, ചുമ തുടങ്ങിയ ബുദ്ധിമുട്ടുകളുണ്ടെങ്കിൽ കാത്തിരിക്കാതെ ഡോക്ടറുടെ സേവനം തേടാൻ ആവശ്യപ്പെടുകയും ഇതിന് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കുന്നത് ഏകോപിപ്പിക്കുകയും ചെയ്യും. ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടെങ്കിൽ അതാത് തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് കമ്മ്യൂണിറ്റി കിച്ചനുകൾ വഴി അതിന് പരിഹാരം കാണും. പ്രായമായവർ പ്രത്യേകമായി കൈക്കൊള്ളേണ്ട കരുതലിനെക്കുറിച്ചും വീട്ടിൽത്തന്നെയിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുടുംബാംഗങ്ങൾക്ക് പ്രത്യേക ബോധവത്ക്കരണവും നൽകുമെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികിഷോർ ഐഎഎസ് പറഞ്ഞു.

You may also like this video