സ്ത്രീ പദവി സ്വയം പഠനത്തിന്റെ നാലാം ഘട്ടത്തിലേക്ക് കുടുംബശ്രീ വനിതകള്‍

kudumbasree
പുതുപ്പാടിയില്‍ ആരംഭിച്ച സ്ത്രീ പദവി സ്വയം പഠനത്തിന്റെ നാലാം ഘട്ട പരിശീലനത്തില്‍ പങ്കെടുക്കുന്ന അയല്‍ക്കൂട്ട അംഗങ്ങള്‍
ഈങ്ങാപ്പുഴ:പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ സ്ത്രീ പദവി സ്വയം പഠനത്തിന്റെ നാലാംഘട്ടത്തിലേക്ക് പ്രവേശിച്ചു.വ്യത്യസ്തമായ ഇരുപതിലേറെ വിഷയങ്ങളാണ് നാലാം ഘട്ടമായ ലിംഗപദവി സമത്വവും നീതിയും എന്നതില്‍ ചര്‍ച്ച ചെയ്യപെടുന്നത്. ജനുവരിഐ മുതല്‍ ജൂണ്‍ വരെയാണ് ഈ വിഷയം അയല്‍ക്കൂട്ടങ്ങളില്‍ പഠനവിധേയമാക്കുന്നത്. അസമത്വങ്ങളെ തുടച്ചു മാറ്റി അതിക്രമങ്ങള്‍ കുറച്ചു സ്ത്രീകളേയും പുരുഷന്മാരേയും മനുഷ്യരാക്കി മാറ്റുക എന്നതാണ് പഠനത്തിലൂടെ ലക്ഷ്യമിടുന്നത് അസമത്വം എങ്ങനെ സ്ത്രീകളോടും കുട്ടികളോടും അകരമാസക്തമായൊരു സംസ്കാരം സൃഷ്ടിക്കുന്നുവെന്നും അതിനെ കൂട്ടായ്മയിലൂടെ എങ്ങനെ മാറ്റാമെന്നും പഠിക്കും.
സ്ത്രീ പുരുഷ ബന്ധങ്ങളില്‍ മാറ്റം വരുത്തുവാനും അതിക്രമങ്ങളില്ലാത്തൊരു നാട് നിര്‍മ്മിക്കുവാനും അയല്‍ക്കൂട്ട അംഗങ്ങളെ പ്രാപ്തരാക്കുവാനും ഈ പഠനം സഹായിക്കുന്നു. ലിംഗപദവി അസമത്വങ്ങളെ കൂടുതല്‍ ആഴത്തില്‍ പരിശോധിക്കുകയും നമ്മള് ആരാണെന്ന ബോധത്തിലൂടെ നമ്മുടെ ആവശ്യങ്ങളും അവകാശങ്ങളും തിരിച്ചറിഞ്ഞ് വയോജനങ്ങളുടെ അനുഭവങ്ങളിലൂടെ കടന്ന് ട്രാന്‍സ്ജെന്‍ഡര്‍ തുടങ്ങി സമൂഹത്തില്‍ പാര്ശ്വവല്ക്കരിക്കപെട്ടവരില് എത്തി നില്ക്കുമ്പോള് വിമര്‍ശനപരമായി സ്വന്തം ചുറ്റുപാടിനേയും സമൂഹത്തേയും നോക്കി കാണാനുള്ള പ്രാപ്തി ഈ പഠനത്തിലൂടെ സാധിക്കും. ലിംഗസമത്വം,പിതൃമേധാവിത്വം തുടങ്ങി അപഗ്രഥനാത്മക വിഷയങ്ങളെകുറിച്ച് ആഴത്തിലറിയുന്നത് ലിംഗ സമത്വത്തിലധിഷ്ഠിതമായ ഒരു പുതു സമൂഹം സൃഷ്ടിക്കുവാന്‍ സാധിക്കും.
അയല്‍ക്കൂട്ട അംഗങ്ങള്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും സ്വയം വിലയിരുത്തല്‍ നടത്തുകയും ചെയ്യും അയല്‍ക്കൂട്ടത്തിലെ ഒരംഗം തന്നെയാണ് ഇതിന് നേതൃത്വം നല്‍കുക.പ്രശ്നമുന്നയിക്കല് എന്ന സമീപനമാണ് ഈ പരിശീലനത്തില്‍ പിന്തുടരുക. സംവാദങ്ങളും ചോദ്യങ്ങള്‍ ചോദിച്ചു മറ്റുള്ളവരെ ചിന്തിപ്പിക്കുകയും ചെയ്യുന്നത് ഇതിന്റെ ഭാഗമാണ്.അയല്‍ക്കൂട്ട ഫെസിലിറ്റേറ്റര്‍മാര്‍ക്ക് പുതുപ്പാടിയില്‍ ആരംഭിച്ച അഞ്ച് ബാച്ച് പരിശീലന പരിപാടി ജനുവരി 29 ന് സമാപിക്കും.പരിശീലനത്തിന് ജില്ലാ റിസോഴ്സ് പേഴ്സണ്‍ സക്കീന ,വൈസ്ചെയര്‍പേഴ്സണ്‍ ഷീബസജി,സിഡിഎസ് അംഗങ്ങളായ ബിന്ദു പ്രസാദ്, ഉഷ വിനോദ് എന്നിവര്‍ നേതൃത്വം നല്കി.