19 April 2024, Friday

കുടുംബശ്രീ യുവവനിതാ സംരംഭകത്വ യൂണിറ്റ് പദ്ധതി പ്രഖ്യാപിച്ചു

Janayugom Webdesk
തിരുവനന്തപുരം
September 19, 2021 8:13 pm

അഭ്യസ്തവിദ്യരും തൊഴിൽ നൈപുണ്യമുള്ളവരുമായ സ്ത്രീകളുടെ ഉന്നമനത്തിനായി തയ്യാറാക്കിയ കുടുംബശ്രീ യുവതി ആക്സിലറി ഗ്രൂപ്പ് പദ്ധതി പ്രഖ്യാപിച്ചു. പദ്ധതി മാർഗനിർദ്ദേശം കുടുംബശ്രീ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീവിദ്യയ്ക്ക് കൈമാറി മന്ത്രി എം വി ഗോവിന്ദൻ പ്രകാശനം ചെയ്തു. സ്ത്രീകൾ സ്വന്തം കഴിവുകൾ പ്രയോജനപ്പെടുത്താനാവാതെ ഒതുങ്ങിക്കൂടുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഒക്ടോബർ രണ്ടുമുതൽ ഇതിന്റെ സംഘടനാപരമായ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 

അഭ്യസ്തവിദ്യരായ യുവതികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും സംരംഭങ്ങൾ കണ്ടെത്താനും അവരെ അതിന്റെ ഭാഗമാക്കാനും യുവ സംരഭകത്വ യൂണിറ്റുകളിലൂടെ സാധിക്കും. സ്ത്രീധനമടക്കമുള്ള സാമൂഹ്യതിന്മകൾക്കെതിരെ ആർജ്ജവത്തോടെ പ്രതികരിക്കാനുള്ള ശേഷി നേടിയെടുക്കുന്നതിനുള്ള കരുത്തായി മാറാൻ കുടുംബശ്രീക്കും അതിന്റെ ഭാഗമായി വരുന്ന പുതിയ സംവിധാനത്തിനും സാധിക്കും. കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ വാർഡുകളിലും 18 മുതൽ 40 വയസു വരെയുള്ള സ്ത്രീകളെ അംഗങ്ങളാക്കിയ ഗ്രൂപ്പുകൾ രൂപീകരിക്കും. 

ഒരു വാർഡിൽ ഒരു യൂണിറ്റ് എന്നരീതിയിൽ ആരംഭിച്ചാൽ കേരളത്തിൽ ഏതാണ്ട് 20,000 ത്തോളം യൂണിറ്റുകൾ രൂപീകരിക്കാൻ സാധിക്കും. ആ യൂണിറ്റുകളെല്ലാം ഫലപ്രദമായി പ്രവർത്തിക്കുകയും സംരംഭകത്വത്തിന്റെ ഭാഗമായുള്ള ഇടപെടലുകൾ നടത്തുകയും ചെയ്താൽ ലക്ഷക്കണക്കിന് അംഗങ്ങളാകും. പുതിയ തലമുറയിലെ സ്ത്രീകൾക്ക് സാമൂഹിക സാമ്പത്തിക ശാക്തീകരണം സാധ്യമാക്കി അവരുടെ തീരുമാനങ്ങളും കാഴ്ചപ്പാടുകളും സ്വാതന്ത്രമാക്കുവാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. കേരളം ലോകത്തിന് നൽകിയ സ്ത്രീശാക്തീകരണ രംഗത്തെ സുപ്രധാനമായ മാതൃകയാണ് കുടുംബശ്രീ. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ ഇടപെടൽ നടത്താൻ സാധിക്കുമെന്നുള്ളതിന്റെ തെളിവാണ് കുടുംബശ്രീയുടെ അനുഭവം. കുടുംബശ്രീയ്ക്ക് വിശാലമായ സാധ്യതകളാണ് ഇനിയും മുന്നിലുള്ളത്. രജതജൂബിലി വേളയിലേക്കെത്തുമ്പോൾ ലോകോത്തര നിലവാരമുള്ള സംവിധാനമായി കുടുംബശ്രീ പ്രസ്ഥാനത്തെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.
eng­lish summary;Kudumbasree Young Women Entre­pre­neur­ship Unit project launched
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.