മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മനസിലാക്കുകയും അവരുടെ തൊഴിലില്‍ നിന്ന് കൂടുതല്‍ വരുമാനം നേടികൊടുക്കുവാന്‍ സഹായിക്കുകയുമാണ് ഫിഷറീസ് സര്‍വ്വകലാശാല എന്ന നിലയില്‍ കുഫോസിന്റെ കടമയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) ആറാമത് കോണ്വൊക്കേഷന് ചടങ്ങില്‍ ബിരുദദാന പ്രസംഗം നടത്തുകയായിരുന്നു ഗവര്‍ണര്‍.
ഒരു യൂണിവേഴ്സിറ്റിയില്‍നിന്ന് പഠിച്ചിറങ്ങുന്ന ബിരുദധാരികള്‍ അവരുടെ അയല്പക്കത്തുള്ള ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും അവ പരിഹരിക്കാന്‍ മുന്‍കൈ എടുക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ മാത്രമേ ആ യൂണിവേഴ്സിറ്റിയ്ക്ക് സാമൂഹികമായ പ്രസക്തിയുള്ളുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. യുണിവേഴ്സിറ്റി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന യുവജനങ്ങള്‍ രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിച്ച്, അവരെ പുരോഗതിയിലേക്ക് നയിക്കണമെന്ന ഗാന്ധിയന്‍ ദര്‍ശനത്തിന് ഇന്നും പ്രസക്തിയുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
വൈസ് ചാന്‍സലര്‍ ഡോ എ രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. തീരദേശ പരിപാലനവുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കുഫോസ് സമര്‍പ്പിച്ച 18 കോടി രൂപയുടെ ഗവേഷണ പദ്ധതികള്‍ക്ക് ലോകബാങ്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. കൂടാതെ കേരള ശാസ്ത്ര സാങ്കേതിക ഗവേഷണ കൗണ്‍സിലും സിഎംഎല്ആര്ഇയും ഉള്‍പ്പെടെയുള്ള ഗവേഷണ കേന്ദ്രങ്ങള്‍ കുഫോസിലെ അധ്യാപകര്‍ക്ക് നാല് കോടിരൂപയുടെ ഗവേഷണപദ്ധതികള്‍ അനുവദിച്ചിട്ടുണ്ട്. പത്ത് വര്‍ഷം മുന്‍പ് രണ്ട് കോഴ്സുകളും ഇരുന്നൂറോളം വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനം ആരംഭിച്ച കുഫോസില്‍ ഇപ്പോള്‍ 34 ബിരുദാനന്തര ബിരുദ കോഴ്സുകളും ആയിരത്തി ഇരുന്നൂറിലേറെ വിദ്യാര്‍ത്ഥികളും ഉണ്ട്.
2018–19 വര്‍ഷത്തില്‍ കോഴ്സ് പൂര്‍ത്തിയാക്കിയ 52 ഫിഷറീസ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും സമുദ്രപഠനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ 241 ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുമാണ് ആറാമത് കോണ്‍വൊക്കേഷനില്‍ ബിരുദങ്ങള്‍ സമ്മാനിച്ചത്. വിവിധ കോഴ്സുകളില്‍ ഒന്നാം റാങ്ക് നേടിയ 21 വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗോള്‍ഡ് മെഡലുകളും മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള നാല് എന്‍ഡൊവ്മെന്റ് അവാര്‍ഡുകളും ഗവര്‍ണര്‍ സമ്മാനിച്ചു. വിവിധ ഫാക്കല്‍റ്റികളിലെ ഡീന്മാരായ ഡോ എം ആര് ഭൂപേന്ദ്രനാഥ്, ഡോ കെ ഗോപകുമാര്‍, ഡോ കെ വി തോമസ്, ഡോ കെ വാസുദേവന്‍, ഡോ.എസ് ഹരികുമാര്‍ എന്നിവര്‍ ബിരുദസമര്‍പ്പണ ചടങ്ങിന് നേതൃത്വം നല്കി. രജിസ്ട്രാര്‍ ഡോ.ബി മനോജ്കുമാര്‍, ഗവേണിങ്ങ് കൗണ്‍സില്‍ അംഗങ്ങളായ ഡോ.എ ഗോപാലകൃഷ്ണന്, അബ്രഹാം ജോണ്‍ തരകന് എന്നിവര്‍ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.